ബെംഗളൂരു: ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷം കര്‍ണ്ണാടകയില്‍ മറ്റൊരു ക്ഷേത്രം കൂടി വിവാദത്തിലേക്ക്. മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡീദേവി ക്ഷേത്രം തര്‍ക്കാന്‍ നീക്കം നടക്കുക്കയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ മൈസൂരു ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പെട്ടന്നുതന്നെ വര്‍ഗീയമായി മാറുകയാണ്. മുസ്ലീം എഴുത്തുകാരിയെ ഹിന്ദു മതപരമായ ചടങ്ങിന് ക്ഷണിച്ചത് ശരിയാണോ എന്ന് ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റുകള്‍ പ്രചരിച്ചതിലും നിരവധിപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.




ദസറ വിളക്കുകൊളുത്തല്‍ വിവാദത്തില്‍

മലയാളികളടക്കമുള്ള പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഉത്സവമാണ് മൈസൂരു ദസറ. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ വിജയം ആഘോഷിക്കുന്ന ഉത്സവമാണിത്. മൈസൂരുവിന്റെ അധിപയായ ചാമുണ്ഡേശ്വരി ദേവിയെ ആദരിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും മൈസൂരു ദസറ ആഘോഷിക്കുന്നത്. ചാമുണ്ഡി ഹില്‍സ് ക്ഷേത്രത്തില്‍ പൂജകളോടെയാണ് ദസറ ആരംഭിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച ഈ ആഘോഷം പിന്നീട് മൈസൂര്‍ വോഡയാര്‍ രാജകുടുംബം ഏറ്റെടുക്കുകയും ആഘോഷമാക്കുകയും ചെയ്തു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ മൈസൂരു കൊട്ടാരം അലങ്കാര വിളക്കുകളാല്‍ പ്രകാശപൂരിതമാകും. അവസാന ദിവസമായ വിജയദശമിക്ക് നടക്കുന്ന 'ജംബൂ സവാരി' എന്ന ആന ഘോഷയാത്രയാണ് ഏറ്റവും വലിയ ആകര്‍ഷണം.

ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചയോടെയാണ് ദസറ വിവാദത്തില്‍പെട്ടത്. അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ 62 വയസ്സുകാരിയായ ബാനു മുഷ്താഖിന്റെ 'ഹാര്‍ട്ട് ലാമ്പ്' എന്ന ചെറുകഥാ സമാഹാരത്തിന് 2025-ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ലഭിച്ചതോടെയാണ് ആഗോളതലത്തില്‍ അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദളിത്, മുസ്ലീം വിഭാഗങ്ങളിലെ സ്ത്രീകളുടെ ജീവിതം ആഴത്തില്‍ ആവിഷ്‌കരിക്കുന്ന അവരുടെ രചനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുരോഗമനപരമായ ചിന്താഗതിയുള്ള വ്യക്തിയാണ് ബാനു മുഷ്താഖ് എന്നും, അവരുടെ സാഹിത്യ-സാമൂഹിക സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവത്തിന് നേതൃത്വം നല്‍കാന്‍ അവര്‍ തികച്ചും അനുയോജ്യയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ചാമുണ്ഡീ ദേവിയ്ക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയാണ് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യേണ്ടത്. അത് എങ്ങിനെ ബാനു മുഷ്താഖ് ചെയ്യുമോ എന്നാണ് ചോദ്യം. ഒരു ഇസ്്ലാമിക വിശ്വാസിയായ അവര്‍ക്ക് അതിന് കഴിയുമോ എന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ ചോദിക്കുന്നത്. മാത്രമല്ല ബാനു മുഷ്താക്ക് നേരത്തെ നടത്തിയ പ്രസ്താവനകളും അവര്‍ എടുത്തുകാട്ടുന്നു. 'ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരിക്കുന്ന ഭൂവനേശ്വരി ദേവിയുടെ പ്രതീകമായാണ് പലരും കന്നട ഭാഷയെ കാണുന്നു. ഒരു ന്യൂനപക്ഷ മതത്തിലെ അംഗമെന്ന നിലയില്‍ എനിക്കത് സ്വീകാര്യമല്ല. മഞ്ഞള്‍ നിറത്തിലും കാവി നിറത്തിലുമാണ് നിങ്ങള്‍ ഭൂവനേശ്വരീ ദേവിയെ കാണുന്നത്. അപ്പോള്‍ ന്യൂനപക്ഷാംഗമായ ഞാന്‍ എവിടെ നില്‍ക്കണം? എന്നെപ്പോലെയുള്ളവരെ പുറത്ത് നിര്‍ത്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, വളരെക്കാലമായി ഞാന്‍ പുറത്തുനില്‍ക്കുകയാണ്.''- ഒരു ചടങ്ങില്‍ ഭാനു മുഷ്താഖ് നടത്തിയ വിവാദപ്രസംഗമാണിത്. ഇത്തരം ഒരാള്‍ എങ്ങനെയാണ് ദസറ ഉദ്ഘാടനം ചെയ്യുക എന്നതാണ് ചോദ്യം.

ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് ഡി കെ

'മതപരമായ ചടങ്ങിന് നേതൃത്വം നല്‍കാന്‍ അവരുടെ വിശ്വാസം എന്താണെന്ന് വ്യക്തമല്ലാത്ത ഒരാള്‍ക്ക് അവസരം നല്‍കുന്നത് അനുചിതമാണ്,' എന്ന് നിയമസഭാ കൗണ്‍സില്‍ അംഗമായ സി.ടി. രവി പറഞ്ഞു. മൈസൂരു മുന്‍ എംപി പ്രതാപ് സിംഹ, സാഹിത്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഷ്താഖിന് സാധിക്കുമെങ്കിലും, ഒരു ഹൈന്ദവ ഉത്സവത്തിന് അവര്‍ നേതൃത്വം നല്‍കുന്നത് ശരിയല്ലെന്ന് വാദിച്ചു. ''അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ ചാമുണ്ഡേശ്വരി ദേവിക്ക് പൂജകള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ദസറ പോലുള്ള ഒരു ഹൈന്ദവ മതപരമായ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് ചാമുണ്ഡേശ്വരി ദേവിയില്‍ വിശ്വാസമുണ്ടോ? നമ്മുടെ ആചാരങ്ങള്‍ അവര്‍ പിന്തുടരുന്നുണ്ടോ?'' അദ്ദേഹം ചോദിച്ചു.




അതിനിടെ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രസ്താവിച്ചതും വന്‍ വിവാദമായി.''ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ മലയില്‍ പോകുന്നു'' ഡി കെ ശിവകുമാര്‍ പറഞ്ഞു.നിരവധി ഹിന്ദുക്കള്‍ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറിയിട്ടുണ്ടെന്നും മറ്റ് മതസ്ഥര്‍ ഹിന്ദുമതത്തിലേക്ക് മതം മാറിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

ശിവകുമാറിന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ ഉടനീളം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗാനം ആലപിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്ത സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഡി കെ ശിവകുമാറിന്റെ തന്ത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.'ചാമുണ്ഡേശ്വരീക്ഷേത്രം ഹിന്ദുക്കളുടേതല്ലെങ്കില്‍ അത് കര്‍ണ്ണാടകസര്‍ക്കാരിന്റെ മുസരൈ വകുപ്പിന് കീഴില്‍ വരുമായിരുന്നോ? ഹിന്ദു മത, ധര്‍മ്മസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ക്ഷേത്രങ്ങളുടെ, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പാണിത്. '- മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം പ്രമോദദേവി വാഡിയാര്‍ പറയുന്നു. ഇതോടെ തര്‍ക്കവും മുറുകുകയാണ്.