- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഞ്ചത്തുകൂടി വാഹനം കയറ്റി ഇറക്കിയിട്ടായാലും ലോഡ് കടത്തിക്കൊണ്ടു പോകുമെന്ന് പവിഴം ജോർജ്; നാട്ടുകാരെ ഭീഷണിപ്പെടുത്തിയത് പൊലീസ് നോക്കി നിൽക്കെ; അങ്കമാലിയിൽ പവിഴം റൈസ് ചെയർമാന്റെ നിർമ്മാണത്തിന് എതിരെ പ്രക്ഷോഭം; മലിനീകരണം ഇല്ലെന്ന് ജോർജും
അങ്കമാലി: കൂവപ്പടി പഞ്ചായത്തിലെ 18 ാം വാർഡിൽ ആയത്തുപടിയിൽ പവിഴം ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കമ്പനി നിർമ്മാണത്തിനെതിരെ ജനരോഷം ശക്തം. ആർ ജെ ഇന്റസ്ട്രീസ് എന്ന പേരിൽ പവിഴം റൈസ് കമ്പനി ചെയർമാൻ നടത്തിവരുന്ന കമ്പനി നിർമ്മാണത്തിനെതിരെയാണ് പ്രദേശവാസികൾ സമരപരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തനം ഭാവിയിൽ നാടിന് ആപത്തായി മാറുമെന്നും വായുവും കുടിവെള്ളവും മലിനപ്പെടുന്നതിന് വഴിയൊരുക്കുന്ന റൈസ് മില്ലാണ് ഇവിടെ വരാൻ പോകുന്നതെന്നും ഇത് ഇവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നുമാണ് നാട്ടുകാർ ചേർന്ന് രൂപീകരിച്ചിട്ടുള്ള ജനകീയ സമരസമിതിയുടെ നിലപാട്. നാട്ടുകാരെ വെല്ലുവിളിച്ച് പവിഴം ജോർജ്ജ് കമ്പനി നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ്. നാട്ടിലെ നീർത്തടങ്ങളും തോടും കമ്പനിയുടെ പ്രവർത്തനം മൂലം നശിക്കുമെന്നാണ് മനസിലാക്കുന്നത്. 19 ാം വാർഡിൽ പവിഴം റൈസ് പ്രവർത്തനം ആരംഭിച്ചതുമുതൽ തങ്ങൾ ദുരിതം അനുഭവിക്കുകയാണ്.
നാട്ടുകാർ അലക്കുകയും കുളിക്കുകയും ചെയ്തിരുന്ന മാന്തോട് ഇന്ന് മാലിന്യ കൂമ്പാരമായി. തോട്ടിലെ വെള്ളത്തിന് കറുപ്പുനിറമായി. വെള്ളത്തിലിറങ്ങിയാൽ കാൽ ചൊറിഞ്ഞുതടിക്കും. ദുർഗന്ധം മൂലം തോടിന്റെ സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയില്ല എന്നതാണ് നിലവിലെ സ്ഥിതി, കൂവപ്പടി പഞ്ചായത്ത് 18 ാം വാർഡ് അംഗം നിത വ്യക്തമാക്കി.
കമ്പനി സ്ഥാപിക്കുന്നതിനായി കെ സ്വിഫ്റ്റുവഴി നിർമ്മാതാക്കൾ അനുമതി നേടിയിരിക്കുന്നതായിട്ടാണ് മനസിലാക്കുന്നത്.പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ നശിപ്പിക്കുന്ന തരത്തിൽ വലിയ ടോറസുകളിൽ നിർമ്മാണ സ്ഥലത്തേയ്ക്ക് മണ്ണ് എത്തിച്ചിരുന്നു. ഇത് നാട്ടുകാരായ സ്ത്രീകൾ തടഞ്ഞപ്പോൾ നെഞ്ചത്തുകൂടി വാഹനം കയറ്റി ഇറക്കിയിട്ടായാലും ലോഡ് കടത്തിക്കൊണ്ടുപോകുമെന്ന് പവിഴം ജോർജ്ജ് ഭീഷണി മുഴക്കിയിരിക്കുകയാണ്.അതും പൊലീസ് സാന്നിദ്ധ്യത്തിൽ. ഇതുകേട്ടുനിന്ന നാട്ടുകാരി മാനസിക ആഘാതം മൂലം ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, നിത വിശദമാക്കി.
മരണഭയവും പേറിയാണ് സമരം നടത്തുന്നതെന്നും ജിവൻ ത്യജിക്കേണ്ടി വന്നാലും കമ്പനി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലന്നും സമര സമിതിയംഗങ്ങൾ പറയുന്നു. പ്രായം ചെന്ന സ്ത്രീകൾ അടക്കം ഒരുവിഭാഗം നാട്ടുകാർ കമ്പനി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്.
തങ്ങളുടെ പ്രദേശത്തുകൂടി കമ്പനി നിർമ്മാണത്തിന് ആവശ്യമായ സാധന -സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ അനുവദിക്കില്ലന്നാണ് ഇവരുടെ നിലപാട്. കമ്പനിയിലേയ്ക്ക് ലോഡുകൾ എത്തുന്നത് നിരീക്ഷിക്കാൻ രാപകലന്യേ സമരസമിതിയംഗങ്ങൾ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 18 ാം വാർഡിന്റെ അതിർത്തി പങ്കിടുന്ന പെരുമ്പാവൂർ നഗരസഭ പരിധിയിലെ താമസക്കാരും സമരസമിതിക്ക് പിൻതുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കമ്പനി നിർമ്മാണം ചോദ്യം ചെയ്ത നാട്ടുകാരിക്ക് നേരെ നെഞ്ചത്തുകൂടി വാഹനം കയറ്റുമെന്ന് ജോർജ്ജ് ഭീഷണിപ്പെടുത്തി എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. 600 -ളം കുടംബങ്ങൾ കമ്പനി നിർമ്മാണം നടക്കുന്ന മേഖലയിൽ താമസി്ക്കുന്നുണ്ട്.
നിലവിൽ മേച്ചിൽ ഒഴികെ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒട്ടുമുക്കാലും പൂർത്തിയായി. വരും ദിവസങ്ങളിൽ ഇതും പൂർത്തിയാക്കി കമ്പനി പ്രവർത്തനം ആരംഭിക്കാൻ ജോർജ്ജും, ജീവൻ കൊടുത്തും പ്രതിരോധിക്കാൻ നാട്ടുകാരും നീക്കം ശക്തമാക്കിയതായിട്ടാണ് സൂചന.ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മേഖലയിൽ സംഘർഷത്തിന് സാധ്യത നിലനിൽക്കുകയാണ്.
നെഞ്ചത്തുകൂടി വണ്ടികയറ്റുമെന്ന് പറഞ്ഞിട്ടില്ല: എൻ പി ജോർജ്ജ്
കമ്പനി നിർമ്മാണവുമായി പവിഴം റൈസിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലന്നും സഹോദരിയും ഭർത്താവും മകനും ചേർന്നാണ് ആർ ജെ ഇന്റസ്ട്രീസ് എന്ന പേരിൽ ആയത്തുപടിയിൽ സ്ഥാപനം തുടങ്ങുന്നതെന്നും ഈ മേഖലയിൽ പരിചയം ഉള്ളതിനാൽ നിർമ്മാണം പൂർത്തിയാക്കാൻ അവരുടെ അഭ്യർത്ഥന കണക്കിലെടുത്ത് സഹായിക്കുകയായിരുന്നെന്നും പവിഴം റൈസ് കമ്പനി ചെയർമാൻ
എൻ പി ജോർജ്ജ്.
നെഞ്ചത്തൂകൂടി വാഹനം കയറ്റുമെന്ന് താൻ പറഞ്ഞിട്ടില്ല. പുറകിൽ നിന്ന ആരോ ആണ് അത് പറഞ്ഞത്. വീഡിയോ കണ്ടാൽ ഇത് ബോദ്ധ്യമാവും. വികാരക്ഷോഭത്തിൽ ആർക്കും സംഭവിക്കാവുന്ന ഒരു നാക്കുപിഴ മാത്രമാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.അദ്ദേഹം വിശദമാക്കി. അരിയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുമാണ് ആർ ജെ ഇന്റസ്ട്രീസിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളത്. മലിനീകരണം ഇല്ലാത്ത രീതിയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
കെ സ്വഫ്റ്റിൽ അപേക്ഷ സമർപ്പിച്ച്, അനുമതി നേടിയ ശേഷമാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. കമ്പനി നിർമ്മാണം നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. മോഡേൺ റൈസ്മിൽ വരുമെന്നാണ് അവർ ഭയപ്പെടുന്നത്. വ്യവസായ വകുപ്പ് അനുമതി നൽകിയാൽ പോലും മോഡേൺ റൈസ് മിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ല.നാട്ടുകാരും പഞ്ചായത്തും ജനപ്രതിനിധികളുമായി ആലോചിച്ച് ആശങ്ക പരിഹരിക്കാൻ ശ്രമി്ക്കും.നാട്ടുകാരിൽ ഏറെപ്പേരും സാധാരണക്കാരാണ്.അവുരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.
എല്ലാവരെയും സഹകരിപ്പിച്ച് കമ്പനി നിർമ്മാണവുമായി മുന്നോട്ട് പോകുന്നതിനാണ് താൽപര്യം .ഇതിന് സാധിക്കാത്ത സാഹചര്യം സംജാതമായാൽ കമ്പനി നിർമ്മാണം ഉപേക്ഷിക്കും.ജോർജ്ജ് വിശദമാക്കി.
മറുനാടന് മലയാളി ലേഖകന്.