- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തരിച്ച ഗായകരുടെ ശബ്ദം പുനഃ സൃഷ്ടിച്ച എ ആർ റഹ്മാനെതിരെ പ്രതിഷേധം
ലോക സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡ് കഴിഞ്ഞവർഷം രണ്ടുമാസത്തോളം പുർണ്ണമായി അടച്ചിട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിനിമയിലെ എ ഐയുടെ ഉപയോഗത്തെ സംബന്ധിച്ചായിരുന്നു. കഥ, തിരക്കഥ, സംഗീതം, അഭിനയം എന്നീ മേഖലകളിലൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുന്നതോടെ, തങ്ങൾ തൊഴിൽരഹിതരാവുമെന്നായിരുന്നു, എഴുത്തുകാരുടെയെും, ആർട്ടിസ്റ്റുകളുടെ വാദം. ഹോളിവുഡിലെ എഴുത്തുകാരുടെ സംഘടനയായ 'റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക'തുടങ്ങിവെച്ച സമരത്തിൽ നടീനടന്മാരും കൂടി പങ്കുചേർന്നതോടെ സമരം സമ്പുർണ്ണമായി.
1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ 'സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' സമരത്തിനിറങ്ങിയതോടെ ലോക സിനിമാ തലസ്ഥാനം സ്തംഭിച്ചു. ശതകോടികൾ നിർമ്മാതാക്കൾക്ക് നഷ്ടമാക്കിയ ഈ സമരത്തിനുശേഷമുള്ള പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥകളിലൊന്ന്, എ ഐയുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നാണ്. ഇന്നും ഗ്രാഫിക്സിന്റെയും ഇഫക്റ്റ്സിന്റെയും അവസാന വാക്കായ ഹോളിവുഡിൽ പക്ഷേ എ ഐ ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇന്ത്യൻ സിനിമയിൽ എഐ കടന്നുവന്നത് യാതൊരു പ്രതിഷധേവും ഇല്ലാതെയാണ്.
ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന, 'ലാൽ സലാം' എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാനാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. അന്തരിച്ച ഗായകരുടെ ശബ്ദം അതേ മിഴിവോടെ എ ഐ സഹായത്തോടെ റഹ്മാൻ മിക്സ് ചെയ്തിരിക്കയാണ്. പക്ഷേ ഓഡിയോ റിലീസ് ആയതോടെ ഇത് വിവാദമാവുകയാണ്. റഹ്മാന്റെ എതിരാളിയായ അനിരുദ്ധ് രവിചന്ദ്രറിന്റെ ആരാധകർ ഇത് വൻ ചർച്ചയാക്കുകയാണ്. ഇനി പുതിയ ഗായകർക്ക് അവസരം കിട്ടില്ലെന്നും, എ ഐ വഴി ലതാമങ്കേഷ്ക്കറും, മുഹമ്മദ് റഫിയും വരെ തിരിച്ചുവരുന്ന കാലമാണ് ഉണ്ടാവുകയെന്നും അവർ ആരോപിക്കുന്നു.
വീണ്ടും ബംബയും ഷാഹുൽ ഹമീദും
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം അതിശയിച്ചു. ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എ ആർ റഹ്മാൻ പുനസൃഷ്ടിക്കുകയായിരുന്നു.
ഇന്ത്യൻ സിനിമയിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്. സ്നേഹൻ ആണ് വരികളെഴുതിയത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ഗാനത്തിൽ ഗായകരായുണ്ട്. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ ആർ റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. 'സർക്കാർ', 'യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങി നിരവധി ഗാനങ്ങൾ. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
ഷാഹുൽ ഹമീദ് 1997-ലാണ് അന്തരിച്ചത്. എ ആർ റഹ്മാന്റെ പ്രിയഗായകൻ കൂടിയായിരുന്ന അദ്ദേഹം. ചെന്നൈയിലുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു മരണം. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എൻ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊർവസി ഊർവസി, പെട്ടാ റാപ്പ്, ജീൻസിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
ആദ്യം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എ ആർ റഹ്മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്. പക്ഷേ പിന്നീട് ഇതിൽ പ്രതിഷേധവും വന്നുതുടങ്ങി. ഇങ്ങനെപോയാൽ എങ്ങനെയാണ് പുതിയ ഗായകർക്ക് അവസരം കിട്ടുക എന്നാണ് പലരും ചോദിക്കുന്നത്.
അമിതമായ ടെക്ക്നോളജി മൂലം റഹ്മാൻ സംഗീതത്തെ നശിപ്പിക്കുന്നുവെന്നും, തന്റെത് മാത്രമാണ് ശുദ്ധ സംഗീതമെന്നും, നേരത്തെ തന്നെ ഇളയരാജ, റഹ്മാനെ വിമർശിക്കാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാവാൻ ഇടയുണ്ട്. ഹോളിവുഡ് ചെയ്ത പോലെ എഐക്ക് എന്തെങ്കിലും നിയന്ത്രണം വെച്ചില്ലെങ്കിൽ, അത് ഇന്ത്യൻ സിനിമാലോകത്തെ വിഴുങ്ങുമെന്നും വിമർശനമുണ്ട്.