പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ എയർബസ് അറ്റ്ലാന്റിക്കിലെ 700 ൽ അധികം ജീവനക്കാർ ഭക്ഷ്യ വിഷബാധയേറ്റ്ചികിത്സയിൽ. കമ്പനിയൊരുക്കിയ ക്രിസ്ത്മസ് വിരുന്നിൽ വിളമ്പിയ ഭക്ഷണമാണ് വിഷബാധക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഛർദ്ദിയും അതിസാരവുമായിരുന്നു ജീവനക്കാർക്ക് അനുഭവപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ഉത്സവകാല വിരുന്നിൽ വിളമ്പിയ വിഭവങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഡിസംബർ 15 ന് നടത്തിയ വിരുന്ന് ഒരു പേടിസ്വപ്നമായി മാറിയതിന്റെ യഥാർത്ഥ കാരണവും വ്യക്തമായിട്ടില്ല. വിഷബാധയുടെ സ്രോതസ്സ് കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ആദ്യം ഫ്രാൻസിലെ നൊരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ചിലർക്ക് രോഗബാധയുണ്ടാവുകയും ഒരു ഗ്രീക്ക് പൗരൻ മരണമടയുകയും ചെയ്തിരുന്നു. വളരെ വിരളമായ ഭക്ഷ്യജന്യ രോഗം ബോട്ടുലിസം ആയിരുന്നു മരണ കാരണം.

വിവിധ യൂറോപ്യൻ കമ്പനികളുടെ കൂട്ടായ്മയായ എയർബസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയാണ്. ബോയിംഗിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയ എയർബസ് 1,34,000 ഓളം ജീവനക്കാർക്കാണ് തൊഴിൽ നൽകുന്നത്. എയറോസ്പേസ് ഗ്രൂപ്പായ എയർബസ്സിന്റെ ഒരു സഹോദര സ്ഥാപനമാണ് എയർബസ് അറ്റ്ലാന്റിക്. 15,000 ൽ അധികം ആളുകളാണ് ഇതിൽ അഞ്ച് രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്.

നൂറോളം പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളത് എന്നാണ് എയർബസ്സ് വക്താവ് അവകാശപ്പെട്ടത്. കമ്പനി സംഘടിപ്പിച്ച ക്രിസ്ത്മസ്സ് വിരുന്നിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റതായി കമ്പനി പറയുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും രോഗബാധിതരെല്ലാം സുഖം പ്രാപിച്ചു വരികയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും തങ്ങൾ അതുമായി പൂർണ്ണമായി സഹകരിക്കുകയാണെന്നും വക്താവ് അറിയിച്ചു.