- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍
പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ അരോപണ കൊടുങ്കാറ്റില്‍ പോലീസ് മേധാവി നടത്തുന്ന അന്വേഷണം ഒരു മാസം കൊണ്ടു തീരില്ല
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ അരോപണ കൊടുങ്കാറ്റില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പോലീസ് മേധാവി നടത്തുന്ന അന്വേഷണം ഒരു മാസം കൊണ്ടു തീരില്ല. എന്നാല്‍ രാഷ്ട്രീയവിവാദമായി കത്തിപ്പടര്‍ന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി നേരത്തേ കൈമാറിയേക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നല്‍കുന്നതിലൂടെ ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപിയെ മാറ്റേണ്ട സാഹചര്യം മുഖ്യമന്ത്രിക്കുണ്ടാകും.
ആര്‍എസ്എസ് നേതൃത്വവുമായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ മൊഴിയെടുപ്പില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളുണ്ടായില്ല. പി.വി.അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ അജിത്കുമാറിനെതിരെ ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കാത്തതാണു കാരണം. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ വീണ്ടും മൊഴി എടുക്കും. അതിന് ശേഷം വിശദ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ പോലീസ് മേധാവി തയ്യാറാക്കും. കൂടിക്കാഴ്ചയെ വ്യക്തിപരമെന്ന് എഡിജിപി അറിയിക്കാനാണ് സാധ്യത. ഇതിലെ രാഷ്ട്രീയ പ്രശ്‌നവും ഇടതു നയവ്യതിയാനവും എല്ലാം പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ കടന്നു വരാനാണ് സാധ്യത.
തൃശൂരില്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടത് അജിത് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കോവളത്ത് രാം മാധവിനെ കണ്ടോ എന്നതില്‍ അജിത് കുമാര്‍ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനു പകരം അജിത്കുമാറിനു പറയാനുള്ള കാര്യങ്ങളാണു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കേട്ടത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് അജിത്കുമാര്‍ രേഖാമൂലം മുന്‍പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, പരാതിക്കാരനെന്ന നിലയിലാണ് അദ്ദേഹത്തെ കേട്ടത്. വിശദമായ ചോദ്യാവലിയുമായി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അജിത്കുമാറിനെ വീണ്ടും കാണുമെന്നാണു വിവരം.
ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ അപ്പോള്‍ വ്യക്തത തേടും. എല്ലാ ചോദ്യങ്ങള്‍ക്കും രേഖാമൂലം തന്നെ മറുപടി നല്‍കാമെന്നാണ് അജിത്കുമാറിന്റെ നിലപാട്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തയാറാണെന്നും ഉടന്‍ കൈമാറാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം അട്ടിമറിയില്‍ പോലീസ് മേധാവി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്. അന്‍വര്‍ ഉന്നയിച്ച പല വിഷയത്തിലും പോലീസ് മേധാവിക്ക് തെളിവുകള്‍ കിട്ടിയിട്ടില്ല. ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമാണ് വ്യക്തതയുള്ളതെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന സൂചന.
തൃശൂര്‍ പൂരം കലക്കല്‍, സ്വര്‍ണക്കടത്തു സംഘങ്ങളുമായുള്ള ബന്ധം എന്നിവയടക്കം അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണു ഡിജിപിക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ ആരോപണങ്ങളില്‍ അജിത് കുമാറിന് ഉടന്‍ ക്ലീന്‍ ചിറ്റ് നല്‍കാതിരിക്കാനാണ് ഇതെന്നും ആരോപണമുണ്ട്. പി.വി.അന്‍വര്‍ വ്യാഴാഴ്ച ഡി.ജി.പിയെ കണ്ട് ആര്‍.എസ്.എസ് കൂടിക്കാഴ്ചയെ പറ്റി പരാതി എഴുതി നല്‍കിയതോടെയാണ് അജിത് കുമാറിന്റെ മൊഴി വീണ്ടും എടുക്കുന്നത്.
അന്‍വറിന്റെ ആദ്യ പരാതിയിലും തൃശൂര്‍ ഡി.ഐ.ജി രേഖപ്പെടുത്തിയ മൊഴിയിലും എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച പരാമര്‍ശിച്ചിരുന്നില്ല.അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ഡി.ജി.പിയുടെ പ്രത്യേക സംഘത്തിന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വ്യാഴാഴ്ച എ.ഡി.ജി.പിയുടെ മൊഴിയെടുത്തപ്പോള്‍ ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. അടുത്തദിവസം തന്നെ എ.ഡി.ജി.പിയെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതിന് ശേഷം ഡി.ജി. പി മുഖ്യമന്ത്രിയെ കണ്ടേക്കും.