- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മമ്മൂട്ടിക്കും ഭാര്യയ്ക്കും അയോധ്യയിലെ അക്ഷതം നൽകി പ്രധാനമന്ത്രി; ആദവോടെ സ്വീകരിച്ച് നടനും ഭാര്യയും; വിവാഹിതർക്കെല്ലാം സമ്മാനമായി നൽകിയതും പ്രാണപ്രതിഷ്ഠാ പൂജാ ദ്രവ്യം; പ്രധാനമന്ത്രി ഗുരുവായൂരിലും നിറച്ചത് 'അയോധ്യ'; ലാലിനും മമ്മൂട്ടിക്കും പൊലീസിന്റെ സുരക്ഷാ പരിശോധനയും

തൃശൂർ: ഗുരുവായൂരിലെ കല്യാണത്തിനും മോദി ഉയർത്തിയത് 'അയോധ്യ'യിലെ പ്രാധാന്യം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അനുഗ്രഹിച്ചത് അക്ഷതം നൽകി.
ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷം തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകിയാണ് അനുഗ്രഹിച്ചത്. ഇതിനുശേഷം വധൂവരന്മാർക്ക് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്നതിനും അവസരമുണ്ടായി. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ നരേന്ദ്ര മോദി അൽപ്പസമയത്തിനകം തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോയി. അതിന് മുമ്പ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താര നിരയേയും മോദി കണ്ടു. സുരേഷ് ഗോപി ഓരോരുത്തരെയായി പരിചയപ്പെടുത്തി. എന്നാൽ ചിലരെ മോദിക്ക് നേരിട്ട് അറിയാമായിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നെ ഖുശ്‌ബുവിനേയും.
മോഹൻലാലിനെ കണ്ടതും മോദി കുശലാന്വേഷണത്തിലായി. എല്ലാവർക്കും നൽകിയത് പോലെ അക്ഷതം നൽകി. തൊട്ടടുത്ത് മമ്മൂട്ടി. മമ്മൂട്ടിയേയും മോദിക്ക് നന്നായി അറിയാം. അങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുമായും കുശലാന്വേഷണം മോദി നടത്തി. തൊട്ടടുത്ത് ഖുശ്‌ബുവും. മോദിയെ കാണാൻ നിന്ന എല്ലാ വിവിഐപി സിനിമാക്കാർക്കും മോദി അക്ഷതം നൽകി. കേരളത്തിൽ ഒരു സുരക്ഷയും കൂടാതെ എവിടേയും കടന്നു ചെല്ലാൻ കഴിയുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു പേരേയും ആരും ഒരിടത്തും തടയാറില്ല. എന്നാൽ ഗുരുവായൂരിൽ ആദ്യമായി മോഹൻലാലിനും മമ്മൂട്ടിക്കും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നു.

സുരക്ഷാ വാതിലിലൂടെ കടന്നു ചെന്ന മമ്മൂട്ടിയെ മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പൊലീസ് പരിശോധിച്ചു. പൊലീസുകാരന്റെ മുഖത്ത് അപ്പോഴൊരു ചമ്മലുണ്ടായിരുന്നു. പാസ് കാട്ടിയാണ് ഗുരുവായൂരിലെ വിവാഹ പന്തലിന് അടുത്തേക്ക് മോഹൻലാലും മമ്മൂട്ടിയും കയറിയത്. മോഹൻലാലിനും സുരക്ഷാ പരിശോധന നടത്തി. അങ്ങനെ സൂപ്പർ താരങ്ങളെ മെറ്റൽ ഡിക്ടറിൽ പരിശോധിക്കുന്ന സാഹചര്യവും മോദിയുടെ സാന്നിധ്യം കാറണമുണ്ടായത്.
ഗുരുവായൂർ വിവാഹമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ഗുരുവായൂർ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജയറാം, ദിലീപ്, തുടങ്ങിയവരും ഗുരുവായൂരിലെത്തിയിരുന്നു. വധൂവരന്മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതമാണ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും മമ്മൂട്ടി അടക്കം ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫത്തും അക്ഷതം സ്വീകരിച്ചു. ജയറാം, ദിലീപ്, ബിജുമേനോൻ, ഷാജി കൈലാസ് തുടങ്ങിയവർക്കും അക്ഷതം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്.
ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദർശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി. നേതാക്കളും ചേർന്ന് സ്വീകരിച്ചു. വൻ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്.
കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.


