കോഴിക്കോട്: കഴിഞ്ഞ ദിവസം വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി പ്രചരിച്ചവാർത്തയായിരുന്നു, പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഇസ്ലാംമതം സ്വീകരിച്ചുവെന്നത്. മാതൃഭൂമിയുടെ ഓൺലൈൻ പത്രത്തിന്റെ പേരിൽ കാർഡ് ഉണ്ടാക്കിയാണ് വാർത്ത പ്രചരിക്കുന്നത്.

''ഒഴിഞ്ഞു പോകുന്നതിൽ സന്തോഷം, ഈ നിമിഷം തന്നെ ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മാസികയുടെ പണം വാങ്ങി നക്കുന്നത് അവസാനിപ്പിച്ച് പടിയിറങ്ങുക''- എന്ന തലക്കെട്ടോടെയാണ് ലീലാകൃഷ്ണൻ മത ം മാറിയെന്ന വാർത്ത ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഒരാൾ ഇട്ടത്. എന്നാൽ, മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ മതം മാറിയിട്ടില്ലെന്നും മാതൃഭൂമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

''മാതൃഭൂമിയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജം'' എന്ന് വ്യക്തമാക്കി മാതൃഭൂമി ഓൺലൈനിൽ വാർത്ത വന്നിട്ടുണ്ട്. . മാതൃഭൂമി ഡോട്ട് കോമിന്റെ ലോഗോ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ പോസ്റ്ററിലാണ് ആലങ്കോട് ലീലാകൃഷ്ണനേക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്തയോ പോസ്റ്ററോ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത് തയ്യാറാക്കിയവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണെന്നും മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത പറയുന്നു.

തന്നേക്കുറിച്ച് മാതൃഭൂമിയുടെ പേരിൽ ഇത്തരമൊരു വ്യാജവാർത്ത പ്രചരിക്കുന്നതിൽ ദുഃഖമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ മാതൃഭൂമിയോട് പ്രതികരിച്ചു. -''ആലങ്കോട് ലീലാകൃഷ്ണൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന വാർത്ത മാതൃഭൂമി ഓൺലൈനിന്റെ എംബ്ലം ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതായി കാണുന്നു. എനിക്കും ചിലർ അത് അയച്ചുതന്നിരുന്നു. എന്റെ അറിവിൽ ഞാൻ ഇതുവരെ മതം മാറിയിട്ടില്ല, ജനിച്ച മതത്തിൽത്തന്നെയാണ്. ജീവിതകാലം മുഴുവൻ മതേതരജീവിതം നയിച്ച ഒരാളെന്ന നിലയിൽ ചില വിഷയങ്ങളിൽ സ്വതന്ത്രമായ ചില അഭിപ്രായങ്ങൾ പറയാറുണ്ട്.

അതിൽ ചിലതിനെ വളച്ചൊടിച്ച്, തെറ്റായി വ്യാഖ്യാനിച്ച്, കള്ളമായി പ്രചരിപ്പിക്കൽ കുറച്ചുകാലമായി നടക്കുന്നതും അറിഞ്ഞിരുന്നു. അതിന്റെയൊക്കെ പേരിൽ ഒരാൾ മതംമാറി, ഇസ്ലാമിൽ ചേർന്നു എന്ന് കപടമായി വാർത്തയുണ്ടാക്കി പ്രചരിപ്പിക്കുന്നതിൽ വളരെ പ്രയാസമുണ്ട്. വിശേഷിച്ചും എനിക്ക് ജന്മബന്ധമുള്ള മാതൃഭൂമിയുടെ പേരിൽ ഇങ്ങനെയൊരു വാർത്തയായി പ്രചരിച്ചുകാണുന്നതിൽ അതീവ ഖേദവും ദുഃഖവുമുണ്ട്',- അദ്ദേഹം പറഞ്ഞു.

വിവാദത്തിന് പിന്നിൽ ആര്?

കടുത്ത സംഘപരിവാർ വിമർശകനായി അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണൻ. അടുത്തിടെ ചില സാഹിത്യക്യാമ്പുകളിൽ ഭഗവദ് ഗീത പരാജയമാണെന്നും രാമനും കൃഷ്ണനുമെല്ലാം ഇതിഹാസപുരുഷന്മാരല്ല വെറും കഥാപാത്രങ്ങളാണെന്നും ആലങ്കോട് പ്രസ്താവിച്ചിരുന്നു. ഇത് വിവാദമായിരുന്നു. ഇതേ തുടർന്ന് ലീലാകൃഷ്ണനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. അതേസമയം ഖുർആനെ പ്രകീർത്തിച്ചും ഇസ്ലാംമതത്തെ പുകഴ്‌ത്തിയും ഇദ്ദേഹം പ്രസംഗിക്കാറുണ്ട്. ഖുർആൻ കണ്ണുപൊട്ടിക്കുന്ന ഗ്രന്ഥമല്ല, കണ്ണു തുറപ്പിക്കുന്ന ഗ്രന്ഥമാണ് എന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

ഹിന്ദുമതത്തെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ഇസ്ലാമിനെ പ്രകീർത്തിക്കുകയും ചെയ്യുന്ന ആലങ്കോടിന്റെ രീതികളാണ്, വിമർശനത്തിന് ഇടയാക്കിയത്. ഹിന്ദുമത ഗ്രന്ഥങ്ങളെ വിമർശിക്കുന്ന ഇദ്ദേഹം ഖുർആനെ മാനവികതയുടെ ഗ്രസ്ഥമായാണ് കാണുന്നത്. മാത്രമല്ല ഇസ്ലാമിക സംഘടനകൾ നടത്തുന്ന പല പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുഹമ്മദ് നബിയെ വായിക്കുമ്പോൾ എന്ന വിഷയത്തിൽ, ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ ഡയലോഗ് സെന്റർ കേരള സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ ആദരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു.

''എല്ലാ വിഭാഗം ജനങ്ങളും ഇസ്ലാമിന്റെ നന്മ തിരിച്ചറിയണം. വിശാലമായ മാനവികതയോടെ മനുഷ്യനെ കാണാനുള്ള സംസ്‌കാരം വളർത്തുന്ന ഗ്രന്ഥമാണ് ഖുർആൻ. കണ്ണുതുറപ്പിക്കുന്ന ഖുർആനിന്റെ സംബോധന തന്നെ അല്ലയോ മനുഷ്യസമൂഹമേ എന്നാണ്. അവിടെ വേർതിരിവുകളില്ല.ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളും അനാഥത്വത്തിന്റെ വേദനയുമില്ലാത്ത രാഷ്ട്രമാണ് പ്രവാചകൻ മുഹമ്മദ് നബി വിഭാവനം ചെയ്തതെന്നും ഈ രണ്ട് പ്രയാസങ്ങളും പ്രവാചകൻ അനുഭവിച്ചിട്ടുണ്ട്''- ആലങ്കോട് പറയുന്നു.

മതേതരത്വം എന്നാൽ ഏതെങ്കിലും ഒരു മതത്തെ ഇകഴ്‌ത്തി മറ്റൊരു മതത്തെ പൊക്കിയടിക്കയല്ലെന്നും, അതുകൊണ്ടാണ് ലീലാകൃഷ്ണൻ വിമർശിക്കപ്പെടുന്നത് എന്നും സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. എല്ലാ മതങ്ങളും കണക്കാണ് എന്ന നിലപാട് എടുക്കുന്നതുപകരം ഇസ്ലാമിനെ പൊക്കുകയും, ഹിന്ദുമതത്തെ ഇകഴ്‌ത്തുകയും ചെയ്യുന്ന നിലപാടിനെതിരെ ഉണ്ടാക്കിയ ട്രോൾ ആണ് മതംമാറ്റ വിവാദമെന്നാണ് ഒരു വിഭാഗം പറയുന്നത്.

പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ച ലീലാകൃഷ്ൺസ്‌കൂൾ പഠനകാലത്തു തന്നെ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ്ആദ്യം പൊതുവേദിയിൽ എത്തിയത്. 1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ 'നിളയുടെ തീരങ്ങളിലൂടെ' എന്ന സാംസ്‌കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്.

കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ് നിലവിൽ ലീലാകൃഷ്ണൻ. 'ഏകാന്തം' ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.