ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും കടൽകൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ ഇന്ത്യാക്കാരടക്കമുള്ള ജീവനക്കാരെ രക്ഷിച്ചു. എല്ലാവരും സുരക്ഷിതരാണ്. എം വി ലില നോർഫോക്ക് എന്ന ചരക്ക് കപ്പലിൽ 15 ഇന്ത്യാക്കാരാണുള്ളത്. ഇന്ത്യൻ നാവിക സേന കമാൻഡോകളാണ് കപ്പലിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. കപ്പലിൽ കൊള്ളക്കാർ നാവികസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒഴിഞ്ഞുപോയി. വൈകിട്ട് 3.30 ഓടെ കമാൻഡോകൾ കപ്പലിൽ പ്രവേശിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാദൗത്യത്തിലേർപ്പെട്ടത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ കപ്പലിൽ പ്രവേശിച്ചിരിക്കുന്നത്. തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കടൽക്കൊള്ളക്കാർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പു നൽകിയതിന് പിന്നാലെയാണ് ഓപ്പറേഷൻ തുടങ്ങിയത്.

റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും യുദ്ധകപ്പലിലെ സംഘം ഏത് ഓപ്പറേഷനും നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് നിൽക്കുന്നതെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു. ലൈബീരിയൻ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാർ ചേർന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പൽ റാഞ്ചിയതെന്നാണ് റിപ്പോർട്ട്.

ബ്രസീലിലെ പോർട്ട് ഡു അകോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്ന് കടൽക്കൊള്ളക്കാർ എം.വി ലില നോർഫോക് എന്ന ചരക്കുകപ്പൽ ഹൈജാക്ക് ചെയ്തത്.

കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐഎൻഎസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു.

സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക് കപ്പലാണ് റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റർ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മറൈൻ കമ്മാന്റോസ് തിരിച്ചടിക്കാൻ തുടങ്ങി.

ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങൾ പിന്നാലെ തുടങ്ങി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.