നുവരി 13 മുതല്‍ ഫെബ്രുവരി 26വരെ യുപിയിലെ പ്രായാഗ് രാജില്‍ നടക്കുന്ന കുംഭമേള, 45 കോടിയിലധികം ആളുകള്‍ പങ്കെടുക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പരിപാടിയാവും എന്നാണ് കണക്കാക്കുന്നത്. പതിനായിരം കോടിയോളം ചെലവിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇവിടെ പാലങ്ങളും ടെന്റുകളുമെല്ലാം ഒരുക്കി, സര്‍വ സജ്ജമായിരിക്കയാണ്. ഈ സമയത്തും ഇന്ത്യയില്‍ എന്തിലും ഉള്ളതുപോലെയുള്ള സാമുദായിക ധ്രുവീകരണം, ഈ മഹാമേളയിലും വന്നു ചേര്‍ന്നിരിക്കയാണ്. പ്രായാഗ്രാജിനും പരിസര പ്രദേശത്തുമുള്ള മുസ്ലീം കച്ചവടക്കാരെ മാറ്റി നിര്‍ത്തുന്നുവെന്നതായിരുന്നു, ആദ്യം ഉയര്‍ന്ന പരാതി. അതിന് പിന്നാലെയാണ്, മഹാകുംഭമേളയുടെ മറവില്‍ ചിലര്‍ ഘര്‍വാപ്പസിക്ക് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നത്.

പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവര്‍ത്തനം ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ്, അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ആരോപിക്കുന്നത്. ഇത്തരം പരിപാടികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിയമം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും, ആ നിയമത്തിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മൗലാന പറഞ്ഞു. ഈ ഘടകങ്ങളെല്ലാം മനസ്സില്‍ വെച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും മൗലാന പറയുന്നു.

കുംഭമേളയ്ക്കിടെ മുസ്ലീങ്ങളെ മതം മുസ്ലീങ്ങളെ മതം മാറ്റിയാല്‍ ആ മതപരിവര്‍ത്തനം നിയമത്തിന്റെ പരിധിയില്‍ വരും. ഇതുമൂലം രാജ്യത്തും സംസ്ഥാനത്തും സംഘര്‍ഷം പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മതപരിവര്‍ത്തന പരിപാടി നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.കുംഭമേള ഒരു മതപരമായ പരിപാടിയാണെന്നും അത് സമാധാനപരമായും ഭംഗിയായും പൂര്‍ത്തിയാക്കണം . സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്ദേശമായിരിക്കണം ഇവിടെ നിന്ന് ലഭിക്കുന്നത്, അല്ലാതെ അതിനെ തകര്‍ക്കുന്നതല്ല. നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവര്‍ത്തനം ചെയ്താല്‍, മതമൗലികവാദ ആശയങ്ങളുള മുസ്ലീം സംഘടനകള്‍ക്കും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും വളരെയധികം പ്രയോജനം ലഭിക്കുമെന്നും അവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നും മൗലാന കത്തില്‍ പറയുന്നു. അതിനാല്‍, മുസ്ലീങ്ങളെ മതം മാറ്റരുതെന്നും മൗലാന പറയുന്നു മൗലാന പറയുന്നു.

സനാതന ധര്‍മ്മം സ്വീകരിച്ചാല്‍ തടയില്ല

എന്നാല്‍ കൂട്ട ഘര്‍വാപ്പസിക്ക് തങ്ങള്‍ നീക്കമൊന്നും നടത്തുന്നില്ലെന്നും, ആരെങ്കിലും സനാതന ധര്‍മ്മം സ്വീകരിക്കാന്‍ വന്നാല്‍ തടയില്ലെന്നുമാണ്, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ പറയുന്നത്. ഏതെങ്കിലും കാലയളവില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് സനാതന ധര്‍മ്മം വിട്ടുപോയവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഹാകുംഭമേളയിലെ പുണ്യ കാലഘട്ടത്തില്‍ തിരികെ എത്തിക്കാന്‍ സഹായിക്കുമെന്ന് അഖില ഭാരതീയ അഖാഡ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

മഹാകുംഭമേളയില്‍ തന്റെ അഖാഡയിലൂടെ നൂറുകണക്കിന് 'സനാതനികള്‍ അല്ലാത്തവരെ' പരിവര്‍ത്തനം ചെയ്യുമെന്ന് പറഞ്ഞ മഹന്ത് രവീന്ദ്ര പുരി, നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ നിഷേധിച്ചു. ''ആരെങ്കിലും മടങ്ങി വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ സ്വന്തം ഇഷ്ടപ്രകാരം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങും,'' മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. മൗലാന ഷഹാബുദ്ദീന്‍ ബറേല്‍വി തീവ്രവാദ ശക്തികളുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അനിസ്ലാമികമാണെന്നും മുസ്ലീങ്ങള്‍ അത് ആഘോഷിക്കരുതെന്നും പറഞ്ഞ് ഫത്വ പുറപ്പെടുവിച്ച മതപണ്ഡിതനാണ്. മൗലാന ഷഹാബുദ്ദീന്‍ ബറേല്‍വി. ക്രിസ്ത്യന്‍ കലണ്ടറുമായി ബന്ധപ്പെട്ട ഇത്തരം ആഘോഷങ്ങള്‍ ഇസ്ലാമിക പാരമ്പര്യങ്ങളുടെ ഭാഗമല്ലെന്നും അതിനാല്‍ ഹറാമാണെന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിയിട്ടിരുന്നു. പക്ഷേ നേരത്തെ പൗരത്വഭേദഗതി നിയമത്തിലടക്കം, മോദി സര്‍ക്കാറിനെ അനുകൂലിക്കയാണ് ഇദ്ദേഹം ചെയ്തിരുന്നത്. അന്ന് സംഘപരിവാര്‍ സ്പോണ്‍സേഡ് മൗലവിയെന്നാണ് ഇയാള്‍ വിമര്‍ശിക്കപ്പെട്ടിരുന്നത്.