കോഴിക്കോട്: മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകനും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റുമായ കെ.എം. ബഷീര്‍. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് പങ്കുണ്ടെന്നാണ് ആരോപണം. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കോമ്പൗണ്ടില്‍വെച്ച് സുജിത് ദാസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത് തട്ടിപ്പിന്റെ ഭാഗമായാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു.

ഇക്കാര്യം അറിയിച്ച് 2021ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണെന്നും കെ.എം.ബഷീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം തിരൂര്‍ സെപ്ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബെന്നി മൊഴിയെടുത്തു. കൊണ്ടോട്ടി പൊലീസും മൊഴിയെടുത്തു. എന്നാല്‍ തുടര്‍നടപടി ഒന്നുമുണ്ടായില്ലെന്നും ബഷീര്‍ ആരോപിച്ചു.

''കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിസരത്തുവച്ച് സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ്. അഞ്ചംഗം സംഘമാണ് സ്വര്‍ണക്കടത്തിനു പിന്നില്‍. സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് നേരിട്ട് ഇടപെടാന്‍ പാടില്ലെന്നും പൊലീസ് സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസിനു കൈമാറണമെന്നുമാണു നിയമം. എന്നാല്‍ പിടിച്ചെടുത്ത സ്വര്‍ണം നേരിട്ട് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യുന്നത്. പിടിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ നിന്നും ഒരു ഭാഗം മാറ്റിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. സ്വര്‍ണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചതെങ്കില്‍ കോടതിയില്‍ കെട്ടിവയ്ക്കുമ്പോള്‍ 300 ഗ്രാമോളം കുറവുണ്ടാകും. സ്വര്‍ണം ഉരുക്കുന്ന ഉണ്ണി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതില്‍ സുജിത് ദാസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് നേരിട്ട് ഇടപെടാന്‍ പാടില്ലെന്നും പോലീസ് സ്വര്‍ണം പിടിച്ചാല്‍ അത് കസ്റ്റംസിന് കൈമാറണമെന്നുമാണ് നിയമം. ഈ നിയമത്തിനെതിരായാണ് സുജിത് ദാസിന്റെ പ്രവര്‍ത്തനം.

പ്രവീണ്‍കുമാര്‍ എന്ന കസ്റ്റംസ് സൂപ്രണ്ട് സുജിത്ത് ദാസിന്റെ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു. ഐ.പി.എസ്. നേടുന്നതിന് മുമ്പ് സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്നു. അന്നുമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട്. അനീഷ് എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും നേരത്തെ കരിപ്പൂരില്‍ എസ്.എച്ച്.ഒ. ആയിരുന്ന ഇപ്പോളത്തെ ഡിവൈ.എസ്.പി. ഷിബുവും ഈ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം ബഷീര്‍ ആരോപിച്ചു.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോളും അവിടെയിരുന്നുകൊണ്ട് സുജിത് ദാസ് സ്വര്‍ണക്കടത്ത് നിയന്ത്രിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് സുജിത് ദാസ് അടങ്ങുന്ന സംഘം തട്ടിയെടുത്തത്. രാത്രി 10 മണിക്കു ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ കടകള്‍ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്ത് സുഗമമാക്കാനാണെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കടകള്‍ അടക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നറിയിച്ച് പരാതി തള്ളുകയായിരുന്നുന്നു'' ബഷീര്‍ പറഞ്ഞു.

ദുബായില്‍ സ്വര്‍ണക്കള്ളക്കടത്തിന്റെ എ.ബി.സി. വിഭാഗങ്ങളുണ്ട്. നേരത്തെ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇതിലെ ബി ഗ്രൂപ്പിന് ബന്ധം ഉണ്ട്. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് സുജിത് വാഗ്ദാനം നല്‍കിയതോടെ എ, സി ടീമുകള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് വിവരങ്ങള്‍ സുജിത്തിന് കൈമാറി തുടങ്ങിയെന്നും കെ. എം ബഷീര്‍ ആരോപിച്ചു.

രാത്രി പത്ത് മണിക്ക് ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ കടകള്‍ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്തിന് കൂട്ടുനില്‍ക്കാനാണെന്നും ഇയാള്‍ക്കെതിരെ നേരത്തെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.