കൊച്ചി: കേരളം അക്ഷരാർഥത്തിൽ പേ വിഷബാധ ഭീതിയിലൂടെ കടന്ന പോവുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ റാബീസ് മൂലം മരിച്ചത് 13 പേരാണ്. ഇവരിൽ നാലു പേർ വാക്സിൻ എടുത്തവരാണ്. ഇപ്പോൾ പത്തനംതിട്ടയിൽ തെരുവുനായ കടിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയിലുമാണ്. ഈ കുട്ടിയും വാക്സിൻ എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ റാബീസ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വ്യാപകമായ അശങ്കയുണ്ട്.

എന്നാൽ റാബീസ് വാക്സിൻ പൂർണ്ണമായും സുരക്ഷിതവും ഫല പ്രദവുമാണ്. ലോക വ്യാപകമായി തെളിയിക്കപ്പെട്ട ഒന്നാണ് അത്. അത് സൂക്ഷിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. പക്ഷേ യഥാർഥ പ്രശ്നം ഇതൊന്നുമല്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. വളരെ വേഗത്തിൽ തലച്ചോറിൽ എത്തുന്ന വൈറസ് ആണ് റാബീസ്. അതുകൊണ്ടുതന്നെ മുഖത്താണ് കടിയേറ്റത് എങ്കിൽ വളരെ പെട്ടെന്ന് ചികിത്സ തേടണം. വൈറസ് തലച്ചോറിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ചികിത്സ ഏശില്ല. എന്നാൽ ഇപ്പോഴും നായ കടിച്ചാൽ ഉടനടി ചികിത്സ തേടണം എന്ന അവബോധം നമുക്കില്ല.

വേഗത്തിൽ സഞ്ചരിക്കുന്ന വൈറസ്

പത്തനംതിട്ടയിലെ അഭിരാമി (12)എന്ന കുട്ടിക്ക് പേ വിഷബാധ ഉണ്ടാകാൻ കാരണം ഈ സമയം വൈകൽ തന്നെയാണെന്നാണ് വിദഗ്ദ്ധർ രഹസ്യമായി സമ്മതിക്കുന്നത്. പത്തനംതിട്ടയിൽ പേപ്പട്ടിയുടെ കടിയേറ്റ കുട്ടിയെ, വാഹന സൗകര്യം കുറവുള്ള സ്ഥലം ആയതിനാൽ ബൈക്കിൽ ആറു കിലോമീറ്റർ ദൂരെയുള്ള ഫാമിലി ഹെൽത്ത് സെന്റിലാണ് ആണ് ആദ്യം എത്തിക്കുന്നത്. അപ്പോൾ അവിടെ ഡോക്ടർ ഇല്ല. ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉണ്ടാകണമെന്നാണ് ചട്ടം. പക്ഷേ രാവിലെ 7.30നും ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് ഏർപ്പെടുത്തിയ ഓട്ടോ റിക്ഷയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ചാണ് വാക്സിൻ നൽകപ്പെട്ടത്. ഈ സമയദൈർഘ്യമാണ് സത്യത്തിൽ വിനയായത്. എന്നാൽ ഇത് ചർച്ചചെയ്യാതെ നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും വാക്സിന്റെ ഗുണനിലവാരം ആണ് ചർച്ചചെയ്യുന്നത്.

കുട്ടിക്ക് മുഖത്താണ് കടിയേറ്റത്. പുരികത്തും, കണ്ണിന് താഴെയുമൊക്കെയുള്ള കടി വളരെ അപകടകരം ആണ്. മുഖം, തല, കൈ, കാൽവെള്ള, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കടിയേറ്റാൽ വളരെ വളരെ അപകടം ആണ്. കൈവെള്ളയിൽ ആണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ ഒരു ദിവസവും, കാൽ വെള്ളയിൽ ആണെങ്കിൽ 2-3 ദിവസവും എടുക്കും. നേർവ് എൻഡിങ് ധാരാളം ഉള്ള സ്ഥലങ്ങൾ ആണ് ഇവിടങ്ങൾ ഒക്കെ. മുഖത്താണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ വെറും നാലു മണിക്കൂർ മതി. ഈ നാലു മണിക്കൂറിനും മുമ്പ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകണം. ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന വൈറസ് ആണ് റാബീസ് വൈറസ്. 20എംഎം മുതൽ 400എംഎം വരെയാണ് ഒരു ദിവസം സഞ്ചരിക്കുക. നേർവിലൂടെയാണ് സഞ്ചാരം. പക്ഷേ നാലുമണിക്കൂറിന് ശേഷമാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയതെങ്കിൽ അതിന് ഫലം ഉണ്ടാവില്ല.

പത്തനംതിട്ടയിൽ ഈ രീതിയിൽ കാലതാമസം ഉണ്ടായി എന്നാണ് സംശയം. കൊട്ടിഘോഷിക്കുന്ന കേരളാ മോഡൽ ആരോഗ്യ സംവിധാനത്തിന് ഒരു പാട് ലൂപ്പ് ഹോളുകൾ ഉണ്ടെന്ന് വ്യക്തം. ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ അയാളെ ആംബുലൻസിൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി, മിനിട്ടുകൾക്കുള്ളിൽ കുത്തിവെപ്പ് എടുപ്പിക്കയാണ് പോം വഴി. പക്ഷേ പലപ്പോഴും റാബീസ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് ആശുപത്രിയിൽ കാത്തുനിൽക്കേണ്ട അവസ്ഥ പോലും ഉണ്ടാവുന്നുണ്ട്.

ആറു വർഷം കൊണ്ട് കടിയറ്റത് 10 ലക്ഷം പേർക്ക്

അതുപോലെ തന്നെ തെരുവ് നായകളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. തെരുവ് നായകളെ വന്ധ്യംകരിച്ചില്ല. നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തിയില്ല. തെരുവ് നായകൾക്ക് പേ വിഷബാധക്കെതിരെ പ്രതിരോധ വാക്സിൻ നൽകിയില്ല. നായകൾക്ക് വാക്സിൻ നൽകുന്നില്ലെങ്കിൽ, എല്ലാ മനുഷ്യർക്കും നാലു ഡോസ് വാക്സിൻ നൽകി, പേ വിഷപ്രതിരോധം ഉറപ്പു വരുത്തണം. അതും ചെയ്തില്ല. പലയിടത്തും വാക്സിൻ ഇല്ല.

വാക്സിൻ ഉണ്ടായിട്ടും കൊടുക്കാതിരുന്ന സംഭവം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. റാബിസ് വാക്സിൻ എടുക്കാൻ വരുന്നവരെ മണിക്കൂറുകൾ കാത്തിരുത്തുന്ന ആശാസ്ത്രീയ നടപടികൾക്ക് അറുതി വരുത്തണം. ഉടനടി വാക്സിൻ നൽകണം. കാലതാമസം ഗുരുതരമായ പ്രശ്നം ആണ്. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് കൈകര്യം ചെത്ത കാലത്തുനിന്ന് ആരോഗ്യവകുപ്പ് വല്ലാതെ പിറകോട്ട് പോയിട്ടുണ്ട്. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഫോണിൽ വിളിച്ചാലൊന്നും കിട്ടാറില്ലെന്ന് ആക്ഷേപം ഉണ്ട്.

എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ ഡോ ജോസഫ് വടക്കൻ തോമസ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഇത് ആരോഗ്യവകുപ്പിന്റെ വീഴ്ചതന്നെയാണ്. എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും 24 മണിക്കൂറും ഡോക്ടർ ഉണ്ടായിരിക്കണം. മൂന്ന് ഷിഫ്റ്റ്. അത് ഉറപ്പുവരുത്തേണ്ടതും, ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കേണ്ടതും ആരോഗ്യമന്ത്രിയുടെ ചുമതലയാണ്. ആറു വർഷം കൊണ്ട് 10 ലക്ഷം പേർക്കാണ് നായകളുടെ കടിയേറ്റത്. എപ്പോഴാണ് നായ കടിക്കുന്നത് എന്നു പറയുക വയ്യ.''- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്സുമാർ വേണം

റാബിസ് വാക്സിനുകൾ ലൈവ് വാക്സിനുകൾ ആണ്. അവ ശരിയായ ഊഷ്മാവിൽ സംരക്ഷിച്ചില്ലെങ്കിൽ സംരക്ഷണം നൽകില്ല. ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കില്ല. കുത്തിവെക്കുന്ന പ്രക്രിയയിൽ വരുന്ന സാങ്കേതികപ്പിഴവും വാക്സിൻ പരാജയപ്പെടാൻ കാരണമായേക്കാം. പോയിന്റ് വൺ മില്ലിയാണ് ചർമപാളികളിലേക്ക് കുത്തിവെക്കുന്നത്. അത് പ്രത്യേകപരിശീലനം ലഭിച്ച നഴ്സുമാർക്ക് മാത്രമേ കുത്തിവെക്കാൻ പറ്റൂ. അതുമാറിയാൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

കൂടാതെ വാക്സിൻ സൂക്ഷിക്കുന്ന പ്രക്രിയയിലെ സാങ്കേതികപ്പിഴവും കരുതലോടെ സമീപിക്കേണ്ടതാണ്. 2.8 ഡിഗ്രി സെൽഷ്യസിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇതിലുണ്ടാകുന്ന പിഴവുമൂലം വാക്സിന്റെ ഗുണമേന്മയിൽ മാറ്റം വന്നേക്കാം. ഒരു വാക്സിൻ തുറന്നു കഴിഞ്ഞാൽ എട്ടുമണിക്കൂറിനുള്ളിൽ അത് ഉപയോഗിച്ച് തീർക്കണം. അഞ്ചുപേർക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ളവ ഉപയോഗശൂന്യമായി എന്നാണർഥം. അത് കൃത്യതയോടെ കൈകാര്യം ചെയ്യാത്തതും വിപരീതഫലമുണ്ടാക്കാം.

വളരെ സൂക്ഷ്മതയോടെ ആയിരുന്നു പണ്ടൊക്കെ ഇത്തരം വാക്സിനുകൾ സംരക്ഷിച്ചിരുന്നത്. അടുത്തകാലത്തായി, കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രകടനം വളരെ മോശം ആണ്. സൂപ്പർവിഷൻ വളരെ മോശം. പിഴവുകൾ കണ്ടെത്തിയാൽ, ശരിയായ ശിക്ഷാ നടപടികൾ ഇല്ല. കുറ്റക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ കേരളത്തിലും വ്യാപകമാണ്. ഒപ്പം കൃത്യമായ ഡോസ് പൂർത്തിയാക്കാതിരിക്കുക, മുറിവ് നന്നായി കഴുകാതിരിക്കുക എന്നതെല്ലാം വാക്സിൻ പരാജയപ്പെടുത്തുന്ന കാര്യങ്ങളാണ്.