തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസിലറും, കണ്ണൂർ സർവ്വകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ: ഷീനാ ഷുക്കൂറിന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടി എന്നാരോപണം. അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന വിവാദം കെട്ടടങ്ങും മുൻപാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പിവിസി ഷീനാ ഷുക്കൂറും കോപ്പിയടി വിവാദത്തിൽ പെട്ടിരിക്കുന്നത്. നേരത്തെ കേരളയിലെ പിവിസി യായിരുന്ന എം.വീരമണികണ്ഠന്റെ പ്രബന്ധവും കോപ്പിയടിച്ചതാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കണ്ടെത്തിയിരുന്നു.

ഉന്നത മുസ്ലിം ലീഗ് നേതൃത്വവുമായി ഷീനാ ഷുക്കൂറിനുള്ള ബന്ധമാണ് മികച്ച അക്കാദമിക് പദവികളിൽ എത്തിച്ചേരാൻ സഹായകമായതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. 1969ൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യറുടെ ആമുഖത്തോടെ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കെ. ശ്രീധരവാര്യർ പ്രസിദ്ധീകരിച്ച 'മരുമക്കത്തായം --Allied System of Law-'എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഷീനാഷുക്കൂർ തന്റെ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററിൽ അതേപടി പകർത്തിയതിന്റെ രേഖകളും പുറത്തുവിട്ടു. പ്രബന്ധത്തിൽ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള 60%സമാന സൂചിക (Similarity Index)ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അക്കാഡമിക് തിരിമറി നടത്തി ഉന്നത പദവികളിലെത്തിയ ഷീന ഷുക്കൂറിനെ കണ്ണൂർ സർവ്വകലാശാല നിയമ പഠന വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്ക് ക്യാമ്പയിൻ ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി.

' കേരളത്തിലേയും ലക്ഷദ്വീപിലേയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും' (Scope and application of Muslim family law in Kerala and Lakshadweep)എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് തമിഴ്‌നാട് അംബദ്കർ സർവ്വകലാശാല ഷീനാ ഷുക്കൂറിനു 2009 ൽ പി.എച്ച്.ഡി ബിരുദം നൽകിയത്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനമായ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ മാർച്ച് 2006 മുതൽ ഒരു വർഷവും രണ്ടുമാസവും, മെയ് 2007 മുതൽ എട്ട് മാസം തമിഴ്‌നാട് അംബദ്കർ യൂണിവേഴ്‌സിറ്റിയിലുമായി ആകെ രണ്ട് വർഷം പാർട്ട് ടൈം ഗവേഷണം നടത്തിയാണ് പിഎച്ച് ഡി ബിരുദം കരസ്ഥമാക്കിയത്.

കുറഞ്ഞത് മൂന്നു വർഷം ഗവേഷണം നടത്തണമെന്ന യുജിസി വ്യവസ്ഥ അവഗണിച്ച് പാർട്ട് ടൈമായി ആകെ രണ്ട് വർഷം രണ്ട് സർവ്വകലാശാലകളിലായി ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ് ബിരുദം നേടിയിരിക്കുന്നത്. മുൻ ഹൈക്കോടതി ജസ്റ്റിസ് അബ്ദുൾ ഗഫൂറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂർ എങ്ങനെ പിഎച്ച്ഡി ക്ക് മേൽനോട്ടം വഹിച്ചുവെന്നതും ദുരൂഹമാണ്. ഡോക്ടറേറ്റ് ബിരുദമില്ലാത്തവർ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് യുജിസി കർശനമായി തടഞ്ഞിട്ടുണ്ട്.

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നേടുന്ന ഇത്തരം ഡോക്ടറേറ്റ് ബിരുദങ്ങൾ സംസ്ഥാന സർവ്വകലാശാലകൾ അംഗീകരിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് കണ്ണൂർ സർവ്വകലാശാല ഷീനാ ഷുക്കൂറിന്റെ ഗവേഷണ ബിരുദത്തിന് അംഗീകാരം നൽകിയതും ഗവേഷക ഗൈഡ് ആയി നിയമനം നൽകിയതും.

യുജിസിയുടെ അംഗീകാരമുള്ളതും പ്ലാജറിസം പരിശോധനയ്ക്ക് ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുമായ ടേണിറ്റിൻ (Turnitin)എന്ന സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോഴാണ് പ്രബന്ധത്തിന്റെ 60% വരെ കോപ്പിയടിച്ചതായി കണ്ടെത്തിയത്. ഷോദ്ഗംഗ എന്ന ഔദ്യോഗിക സൈറ്റിൽ പൂർണ രൂപത്തിൽ തീസിസ് ലഭ്യമായിരുന്നില്ല.

പ്രബന്ധത്തിൽ പരമാവധി 10% ത്തിൽ കൂടുതൽ സാമ്യം കണ്ടെത്തിയാൽ മൂല്യനിർണയം നടത്തുന്നത് തടയണമെന്നും 40%ത്തിൽ കൂടുതൽ സാമ്യം കണ്ടെത്തിയാൽ അദ്ധ്യാപകരുടെ വാർഷിക ഇൻക്രിമെന്റ് തടയണമെന്നും അദ്ധ്യാപകജോലിയിൽ തുടരാൻ അനുവദിക്കരുതെന്നും യുജിസി വ്യവസ്ഥ ചെയ്യുന്നു.

2011ൽസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗമായും, 2013ൽ എം. ജി. സർവകലാശാല പിവിസിയായും നിയമിതയായിരുന്ന ഡോ: ഷീനാ ഷുക്കൂർ ഇപ്പോൾ കണ്ണൂർ സർവ്വകലാശാല നിയമപഠന വകുപ്പ് മേധാവിയാണ്. പി എച്ച് ഡി പ്രബന്ധങ്ങളിൽ പ്ലാജരിസവും(കോപ്പിയടി) ആശയത്തട്ടിപ്പും, ഡാറ്റാ തട്ടിപ്പും വ്യാപകമായിരിക്കുന്നത് തടയാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകണമെന്നും ഷീന ഷുക്കൂറിന്റെ പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും, ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.