ഭോപ്പാൽ: ഹൈന്ദവ ഘോഷയാത്രയക്ക് നേരേ തുപ്പിയെന്ന കേസിൽ, 151 ദിവസത്തിന് ശേഷം മുസ്ലിം കൗമാരക്കാർക്ക് ജാമ്യം. തെളിവുകളുടെ അഭാവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സിംഗിൾ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം.

ഉജ്ജെയിനിലെ ബാബ മഹാകാളി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലേക്ക് സമീപത്തെ കെട്ടിടത്തിൽ നിന്ന് മുസ്ലിം കൗമാരക്കാർ തുപ്പിയെന്ന് ആരോപിച്ചാണ് കേസെടുത്തത്. ഈ സംഭവത്തെ തുടർന്ന് കൗമാരക്കാർ താമസിച്ചിരുന്ന വീട് അനധികൃത നിർമ്മാണം ആരോപിച്ച് നഗരസഭ അധികൃതർ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. അന്ന് മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിങ് ചൗഹാന്റെ ഉത്തരവിലായിരുന്നു നടപടി.

കള്ളക്കേസെന്ന് തുടക്കം മുതലേ സംശയം

വേണ്ടത്ര തെളിവുകൾ ഇല്ല എന്ന് കോടതി കണ്ടെത്തുമ്പോൾ, കേസ് വ്യാജമായിരുന്നുവെന്ന കാര്യമാണ് തെളിയുന്നത്. കേസിൽ ഉൾപ്പെട്ട 18കാരനെ 151 ദിവസം ജയിലിലടച്ച ശേഷം നിരപരാധിയെന്ന് കണ്ട് ഹൈക്കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത മറ്റുരണ്ടുപേരെ മൂന്നുമാസത്തെ തടവിന് ശേഷം ജാമ്യത്തിൽ വിട്ടിരുന്നു.

2023 ജൂലൈ 17 നാണ് കള്ളക്കേസിന് ആസ്പദമായ സംഭവം. ഉജ്ജയിനിൽ, അഷ്റഫ് ഹുസൈൻ മൻസൂരി(43)യുടെ 18 ഉം 15 ഉം പ്രായമായ കുട്ടികളും ഇവരുടെ സുഹൃത്തായ 15 കാരനും കെട്ടിടത്തിന് മുകളിൽനിന്ന് ബാബാ മഹാകാളി ഉത്സവ ഘോഷയാത്രക്ക് നേരെ തുപ്പിയെന്നായിരുന്നു കേസ്. അന്ന് തന്നെ പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ജൂലൈ 19ന് മൻസൂരിയുടെ ഉടമസ്ഥതയിലുള്ള വീട് അടങ്ങുന്ന മൂന്ന് നില കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു.

ഇതോടെ മൂന്ന് കുടുംബങ്ങളിലെ 12 ഓളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും തെരുവിലായി. ശിവനെ അപമാനിക്കുന്നവർ ശിവ താണ്ഡവം നേരിടാനും തയ്യാറാകണം എന്നാണ് മധ്യപ്രദേശ് ബിജെപി വക്താവ് ആശിഷ് അഗർവാൾ അഗർവാൾ അന്ന് പറഞ്ഞത്.

തെളിവ് എവിടെ എന്ന് കോടതി

കുട്ടികൾ ഘോഷയാത്രയ്ക്ക് നേരേ തുപ്പി എന്നാരോപിച്ച് പൊലീസ് ഹാജരാക്കിയത് കള്ളസാക്ഷികളെയായിരുന്നു. പൊലീസ് നിർബന്ധിച്ചാണ് തങ്ങളെ എഫ്‌ഐആറിൽ ഒപ്പിടീച്ചതെന്നും, അതിന്റെ ഉള്ളടക്കം അറിയില്ലെന്നും, കൂറുമാറിയ പരാതിക്കാരനും സാക്ഷികളും കോടതിയിൽ മൊഴി നൽകി. കേസിൽ തെളിവുകൾ ഒന്നും ഹാജരാക്കാനും പൊലീസിന് കഴിഞ്ഞില്ല.. ഇതോടെ കേസിലെ പ്രായപൂർത്തിയായ ഏക പ്രതി അഷ്റഫ് ഹുസൈന്റെ മകൻ അദ്നാൻ മൻസൂരിക്ക് 151 ദിവസത്തെ ജയിൽവാസത്തിന് ശേഷം കോടതി ജാമ്യം നൽകുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അനിൽ വർമയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം നൽകിയത്.

സംഭവസ്ഥലത്തുനിന്ന് 55 കി.മീ അകലെ താമസിക്കുന്ന സാവൻ ലോത്ത്(28) എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത് എന്നതാണ് വിചിത്രം. എന്നാൽ, അഞ്ച് മാസത്തിന് ശേഷം 2023 ഡിസംബർ 15 ന് പരാതിക്കാരനായ സാവൻ ലോത്തും സുഹൃത്തും സാക്ഷിയുമായ അജയ് ഖത്രിയും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ സത്യാവസ്ഥ തുറന്നുപറഞ്ഞ് കൂറുമാറി. പ്രതികളെ തിരിച്ചറിയില്ലെന്നും അവർ തുപ്പിയത് കണ്ടില്ലെന്നും പരാതിക്കാരനായ സാവൻ കോടതിയിൽ പറഞ്ഞു. പരാതിയിൽ പൊലീസ് ആണ് ഒപ്പിടാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഒരിക്കലും തന്റെ മൊഴി എടുത്തിട്ടില്ലെന്നും സംഭവദിവസം പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഒന്നാം നിലയിൽ വിളിപ്പിച്ചു ചില പേപ്പറുകളിൽ ഒപ്പ് ഇടാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കേസിലെ ദൃക്‌സാക്ഷി അജയ് ഖത്രിപറഞ്ഞു.

ഐപിസി സെക്ഷൻ 285 എ(മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുന്നത് വഴി ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ മന: പൂർവമായ ശ്രമം), 153 എ( മതം, വംശം, ജന്മനാട് എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ അഞ്ചുവകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷൻ ഉപരോധം അടക്കം അരങ്ങേറുകയും ചെയ്തു.

ഒറ്റ ദിവസം കൊണ്ട് തെരുവിൽ; ഇപ്പോൾ വാടക വീട്ടിൽ

കള്ളക്കേസിന്റെ പേരിൽ കുട്ടികളെ ജയിലിൽ അടച്ചുവെന്ന് മാത്രമല്ല, ഉണ്ടായിരുന്ന വീട് കൂടി ഇടിച്ചുനിരത്തി എന്നതാണ് അഷ്റഫ് ഹുസൈൻ മൻസൂരിയും കുടുംബവും നേരിട്ട ദുര്യോഗം. ഇവരിപ്പോൾ വാടകവീട്ടിലാണ് താമസം. മൂന്നുനില വീടിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന കട അറ്റകുറ്റപ്പണി നടത്തി തുറന്നത് മാത്രമാണ് മൻസൂരിക്ക് ആശ്വാസം. വീട് ഇനി വീണ്ടും പണിയാനുള്ള സാമ്പത്തിക സ്ഥിതിയിൽ അല്ല കുടുംബം. എന്തായാലും കുട്ടികളെ തിരിച്ചുകിട്ടിയല്ലോ എന്നതാണ് ഇവരുടെ ആകെ സന്തോഷം. കേസെടുത്തവർക്കെതിരെ നിയമനടപടിക്ക് പോകാൻ ത്രാണിയുമില്ല, താൽപര്യവുമില്ല ഈ കുടുംബത്തിന്. അതൊരു ദുരന്ത അദ്ധ്യായമായി കണ്ട് ഈ കുടുംബം മറക്കും. അതല്ലാതെ വഴിയില്ല.