- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല; പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി; 2023ലും മതപരമായ വിവേചനമുണ്ടെന്നത് നിരാശ; ഇത് മാറട്ടേയെന്ന് അമലാ പോൾ; തിരുവൈരാണിക്കുളത്ത് നിന്നും നടി മടങ്ങിയത് വേദന കുറിച്ചും; ഗുരുവായൂർ നട യേശുദാസിന് മുന്നിൽ തുറക്കുമോ? അനുകൂല ചർച്ചയ്ക്ക് ഹിന്ദു ഐക്യവേദിയും
കൊച്ചി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിക്കാത്തതിൽ വിവാദം. ദർശനം അനുവദിക്കാത്തിൽ അവരുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുകയും ചെയ്തു. ഓഫീസിലെത്തി പരാതി ക്ഷേത്രത്തിലെ സന്ദർശക രജിസ്റ്ററിൽ തന്നെ അമലാ പോൾ രേഖപ്പെടുത്തി.
2023ലും മതപരമായ വിവേചനമുണ്ടെന്നത് എന്ന വേദനപ്പെടുത്തുകയും നിരാശയാക്കുകയും ചെയ്യുന്നു. എല്ലാവരേയും മനുഷ്യനായി കണക്കാക്കേണ്ട കാലമാണ്. ഇപ്പോഴും മത ജീവികളായി മനുഷ്യരെ കണക്കാക്കുന്നത് ശരിയല്ല. ഈ മതപരമായ വിവേചനം ഉടൻ മാറുമെന്ന് കരുതട്ടേ-ഇതാണ് ക്ഷേത്രത്തിന്റെ സന്ദർശക ഡയറിയിൽ അമല പോൾ കുറിച്ചത്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി എന്നാണ് വിവാദത്തിൽ അമലാ പോളിന്റെ പ്രതികരണം.
ക്ഷേത്രം ഭാരവാഹികളോടും അതൃപ്തി അറിയിച്ചാണ് നടി മടങ്ങിയത്. ആചാരപരമായ കാര്യങ്ങളാൽ അന്യമതസ്ഥർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ലെന്നതായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിലപാട്. അതിനിടെ അമലാ പോളിന് അനുമതി നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി തന്നെ രംഗത്തു വന്നു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥർക്ക് മുന്നിൽ ക്ഷേത്ര വാതിൽ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് ഹിന്ദു ഐക്യവേദി പറയുന്നത്.
വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നൽകുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു വിശദീകരിച്ചു. ഹിന്ദു ഐക്യവേദിയുടെ ഈ നിലപാട് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുമെന്നാണ് സൂചന.
തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പോലെ പ്രസ്തുത മൂർത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവർക്ക് ക്ഷേത്ര ദർശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്മാർ ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആർ വി ബാബു കൂട്ടിച്ചേർത്തു. ഗായകൻ കെജി യേശുദാസിന് ഗുരുവായൂരിൽ പ്രവേശനം നിഷേധിക്കുന്നത് പല കോണുകളിൽ നിന്നും ചർച്ചയായി ഉയർന്നിരുന്നു.
പതിറ്റാണ്ടുകളായി ഈ ആവശ്യത്തിൽ ചർച്ചകളും നടക്കുന്നു. പക്ഷേ അനുകൂല തീരുമാനങ്ങളുണ്ടാകുന്നില്ല. ഇതിനിടെയാണ് അമലാ പോളിന്റെ ക്ഷേത്ര പ്രവേശന വിലക്ക് ചർച്ചയാകുന്നത്. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമാപിച്ചത്. 1991 മേയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം. അതേസമയം, നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു. ''ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്''- ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ