- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുറപ്പെട്ട ആംബുലൻസ് ഡ്രൈവറെ വിറപ്പിച്ച് വെടിവയ്പ് അടക്കം; കോഴിക്കോട്ട് നിന്നും പുറപ്പെട്ട ആംബുലൻസ് അക്രമിക്കപ്പെട്ടത് മധ്യപ്രദേശിൽ വെച്ച്; ദുരിത വഴികൾ സാഹസികമായി താണ്ടി ഫഹദും സഹായിയും മൃതദേഹം എത്തിച്ചത് ഇങ്ങനെ
കോഴിക്കോട്: ആംബുലൻസിന് നേരെ വെടിവെപ്പ് ഉൾപ്പെടെ ഉണ്ടായെങ്കിലും പ്രതിസന്ധികൾ തരണം ചെയ്ത് അവർ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഫറോക്കിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ട ബിഹാർ പൂർണിയ സ്വദേശി അൻവാറുളിന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ട് നിന്നും പുറപ്പെട്ടത്. എന്നാൽ മധ്യപ്രദേശിലെ റീവയിൽ വെച്ച് അജ്ഞാതർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസുകൾ ഉൾപ്പെടെ അക്രമത്തിൽ തകർന്നു.
അപകടത്തിന്റെ നിഴലിലായ ആംബുലൻസ് ജീവനക്കാരായ ഫഹദും രാഹുലും വിവരം നാട്ടിലറിയിക്കുകയായിരുന്നു. കേരള പൊലീസും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുകയും ആംബുലൻസ് സുരക്ഷിതമായി കടന്നുപോകാനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. സലീം മടവൂർ വിഷയം ബിഹാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചതോടെ ആംബുലൻസിന് സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ സൗകര്യം ബീഹാർ പൊലീസ് ഒരുക്കുകയായിരുന്നുവെന്ന് ആംബുലൻസ് ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് അൻവാറുളിന്റെ മൃതദേഹം സുരക്ഷിതമായി പൂർണിയയിലെ വീട്ടിലെത്തിച്ചു.
ആംബുലൻസ് ബീഹാർ അതിർത്തിയിൽ എത്തിയത് മുതൽ പ്രധാനപ്പെട്ട ഹൈവേയിൽ എത്തുന്നത് വരെ ബീഹാർ പൊലീസ് എസ്‌കോർട്ട് നൽകി. ബക്‌സർ, ആര, പാറ്റ്‌ന, മുൻഗേർ, ഖഗാരിയ, പൂർണിയ എസ് പിമാർ നേരിട്ടിടപെട്ട് സൗകര്യമൊരുക്കി. ഇതിനിടെ പാറ്റ്‌നാ ജില്ലയെ ബേഗുസരായുമായി ബന്ധിപ്പിക്കുന്ന രാജേന്ദ്ര പാലം അപകടം കാരണം അടച്ചത് മറ്റൊരു വെല്ലുവിളിയായി. ഇതോടെ 140 കിലോ മീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വന്നതായി ആംബുലൻസ് ജീവനക്കാർ പറഞ്ഞു. ഇവിടെയും പൊലീസ് സഹായവുമായെത്തി. മാൻസി പൊലീസ് സ്റ്റേഷനിൽ ജീവനക്കാർക്ക് ഭക്ഷണവും ഒരുക്കി.
രാത്രി ഏറെ വൈകി പൂർണ്ണിയ ജില്ലയിൽ എത്തിയ വാഹനത്തിന് അൻവാറുളിന്റെ വീട് വരെ പൂർണ്ണിയ പൊലീസ് എസ്‌കോർട്ട് നൽകി. പൂർണിയ പൊലീസ് സൂപ്രണ്ട് ആമിർ ജാവേദ് പാതിരാത്രി ആംബുലൻസ് വീട്ടിലെത്തുന്നത് വരെ വേണ്ട സഹായങ്ങൾ നൽകി. പൂർണിയയിൽ അൻവാറുളിന്റെ വീട്ടിൽ മൃതദേഹം സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ ആംബുലൻസിൽ തന്നെ മൃതദേഹം സൂക്ഷിച്ചു. ആംബുലൻസ് ജീവനക്കാരായ ഫഹദിനും രാഹുലിനും ഭക്ഷണം നൽകാനും വിശ്രമിക്കാൻ സൗകര്യമൊരുക്കാനും ഗ്രാമീണർ പ്രത്യേകം താല്പര്യമെടുത്തു. അൻവാറുളിന്റെ മൃതദേഹം ഖബറടക്കുന്നതിന് നേതൃത്വം നൽകിയതും ഫഹദും രാഹുലുമായിരുന്നു.
കോവിഡ് മഹാമാരി കാലത്ത് തുടർച്ചയായി മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും ആശുപത്രിയിലേക്ക് മാറ്റുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ച് മാതൃകയായ വ്യക്തിയാണ് ഫഹദ്. ഏത് അപകട സമയത്തും മടികൂടാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുന്ന പ്രകൃതക്കാരാണ് ഫഹദും രാഹുലും. ഫഹദ് പന്നിയങ്കര ടി ഉമ്മർ കോയയുടെയും ആമിനയുടെയും മകനാണ്. മാത്തറ സ്വദേശിയായ രാഹുൽ, സി രാധാകൃഷ്ണന്റെയും ശോഭിതയുടെയും മകനാണ്. പൂർണിയയിൽ കൊച്ചു കുടിലിൽ താമസിക്കുന്ന അബ്ദുൽ മുത്തിന്റെയും തഹ്മിന ഖാത്തൂന്റെയും മകനായ അൻവാറുൾ (21) കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാനാണ് കോൺക്രീറ്റ് ജോലിക്കായി കേരളത്തിലെത്തിയത്. പക്ഷേ എല്ലാ പ്രതീക്ഷകളും ഫറോക്കിൽ വെച്ച് ട്രെയിനിന് മുന്നിൽ തട്ടിത്തകരുകയായിരുന്നു.
കെ വി നിരഞ്ജന് മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.