തിരുവനന്തപുരം: സതേൺ സോണൽ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ തലസ്ഥാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആദ്യം നടത്തിയത് മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച.അമിത് ഷാ താമസിക്കുന്ന കോവളം ലീല റാവിസ് ഹോട്ടലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുടെ പ്രതിനിധികളെ ക്ഷണിക്കുകയായിരുന്നു. ഓരോ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പ്രത്യേകമായാണ് കണ്ടത്. നാല് മാധ്യങ്ങൾക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ജന്മഭൂമി എന്നീ പത്രങ്ങളിലെ മുതിർന്ന പ്രതിനിധികളെയാണ് കണ്ടത്.

കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലെത്തിക്കാനുള്ള പിന്തുണ തേടിയ അദ്ദേഹം, സംസ്ഥാനത്ത് ബിജെപിയുടെ നിലവിലെ സ്ഥിതിക്ക് എന്താണ് കാരണമെന്നും ചോദിച്ചതായാണ് വിവരം. ബിജെപി സംസ്ഥാന നേതാക്കളെ പോലും ഒഴിവാക്കിയായിരുന്നു സംസാരം. അമിത്ഷായുടെ സ്റ്റാഫിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയുടെ ഭാഗമായി. ഓരോ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും പ്രത്യേകം സമയമാണ് അനുവദിച്ചത്. ഓരോരുത്തർക്കും പരമാവധി അരമണിക്കൂർ വീതം നൽകി.

രാത്രി ഏഴുമണി മുതൽ 10 മണിവരെയായിരുന്നു കൂടിക്കാഴ്ചകൾ നടന്നത്. അമിത് ഷായെ പോലൊരു നേതാവ് ഇത്രയധികം സമയം നീക്കിവച്ചതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നാണ് വിവരം. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനം, നേതാക്കളെ കുറിച്ചുള്ള അഭിപ്രായം തുടങ്ങിയ വിവരങ്ങളും അമിത്ഷാ നേരിട്ട് ചോദിച്ചറിഞ്ഞു. ബിജെപിയുമായി എതിർപ്പ് പ്രകടിപ്പിക്കുന്ന ജനവിഭാഗങ്ങളെ എങ്ങനെ സമീപിക്കണമെന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങളും അമിത് ഷാ ആരാഞ്ഞു. കൂടുതൽ സംസാരിക്കാതെ മുന്നിലെത്തിയ മാധ്യമപ്രവർത്തകർ പറഞ്ഞ വിവരങ്ങൾ കേൾക്കുന്നതിനാണ് അദ്ദേഹം കൂടുതൽ താത്പര്യം കാട്ടിയതെന്നാണ് വിവരം.

പ്രാദേശിക തലത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്് കൃത്യമായ ധാരണയുണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാന ഉദ്ദേശമെന്ന് വ്യക്തമാകുകയാണ്. ജൂലൈ നാലിന് കോഴിക്കോട് വച്ച് അനുരാഗ് ഠാക്കൂർ ഒരു വിഭാഗം മാധ്യമ മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. മാതൃഭൂമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരളകൗമുദി ,മംഗളം, മെട്രോവാർത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടിവി, മനോരമ എന്നീ സ്ഥാപന മേധാവികളുമായായിരുന്നു കൂടിക്കാഴ്ച. കൈരളി, ദേശാഭിമാനി, മീഡിയവൺ, മാധ്യമം, സുപ്രഭാതം, സിറാജ്, ചന്ദ്രിക, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ജോൺബ്രിട്ടാസ് രംഗത്തെത്തുകയും അനുരാഗ് ഠാക്കൂർ മാപ്പ് പറയുകയും ചെയ്തിരുന്നു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് രാജ്യസഭയിലാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. കൈരളി ടി.വിയുടെ ചീഫ് എഡിറ്റർ ആൻഡ് എം.ഡി എന്നതിനൊപ്പം ഐ.ടി ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ് താൻ. ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനിൽ ബോർഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയിൽ തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നാണ് ജോൺ ബ്രിട്ടാസ് എംപി മന്ത്രിയോട് ചോദിച്ചത്. ബിജെപി. അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവാക്കി എന്ന വിമർശനവുമുയർന്നിരുന്നു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് മറുപടി നൽകിയില്ല.