കോഴിക്കോട്: തമിഴ്‌നാട് ആദായ നികുതി വകുപ്പ് മികച്ച നികുതിദായകരായി ആദരിച്ചത് രജനീകാന്തിനെയും കമൽഹാസനെയുമാണ്. അതുപോലെ തമിഴ് താരസംഘടനയും കൃത്യമായി നികുതി ഒടുക്കിയാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ മലയാളത്തിലെ താരസംഘടനയായ അമ്മക്ക് ജിഎസ്ടി എന്ന ഒരുകാര്യം ഉള്ളതുപോലും അറിയില്ല എന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ജിഎസ്ടി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അവർ ജിഎസ്ടി രജിസ്ട്രേഷൻവരെ എടുക്കുന്നത്. ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേടാണ് അമ്മയിൽ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ജിഎസ്ടി. വകുപ്പ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലല്ല മൊഴി എടുക്കലാണ് നടന്നത് എന്നാണ് അമ്മ നേതൃത്വം പറയുന്നത്. അംഗത്വം എടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ്നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ എന്നെല്ലാമാണ് ജിഎസ്ടി. വകുപ്പ് അന്വേഷിക്കുന്നത്.

അമ്മയിൽ അംഗത്വത്തനുള്ള ഫീസും ഈയിടെ കുത്തനെ കുട്ടിയിരുന്നു. ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയാണ്, പുതുക്കിയത്. ഈ വർഷം ജൂണിൽ ചേർന്ന ജനറൽ ബോഡിയുടേതാണ് തീരുമാനം. ഇങ്ങനെ പുതിയ അംഗങ്ങളെ ചേർക്കുമ്പോഴും ജിഎസ്ടി ബാധകമാണ്. പക്ഷേ അമ്മ അതുകൊടുക്കാറില്ലെന്നാണ് വിവരം.

മെഗാ ഷോകൾ സംഘടിപ്പിക്കുമ്പോൾ, അത് ജിഎസ്ടി പരിധിയിൽ ഉൾപ്പെടും. എന്നാൽ, അമ്മ അത്തരം നികുതി അടച്ചിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതത്. അമ്മ സംഘടന ഒരു ട്രസ്റ്റാണെന്നും പണം സംഭാവനയായി സ്വീകരിക്കുന്നുവെന്നുമായിരുന്നു നേരത്തെ സ്വീകരിച്ച നിലപാട്.

എന്നാൽ, കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്ന്, അമ്മ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപയും നികുതിയായി അടച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇത് പോരെന്നും ജിഎസ്ടി നടപ്പാക്കിയതുമുതലുള്ള നികുതി അടക്കേണ്ടി വരുമെന്നുമാണ്, അധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്്.

നേരത്തെയും നികുതി വെട്ടിപ്പ്

അമ്മയുടെ നികുതിവെട്ടിപ്പ് നേരത്തെയും വിവാദത്തിൽ ആയിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടത്. താരനിശകൾക്ക് പ്രതിഫലമായി കിട്ടിയ 8 കോടിയിലധികം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചുവെന്നു പറഞ്ഞാണ് നികുതി വെട്ടിപ്പ്നടത്തിയത്. ഈ നടപടിക്കെതിരെ ആദായവകുപ്പിന്റെ അപ്പീൽ അഥോറിറ്റിയെ അമ്മ സമീപിച്ചിരുന്നു. റിക്കവറി അടക്കമുള്ള നടപടികൾക്കെതിരെ ഹൈക്കോടതിയിൽനിന്നും ഇടക്കാല സ്റ്റേയും വാങ്ങിയിരുന്നു. എന്നാൽ കേസ് പിന്നെയും മുന്നോട്ടുപോയി.

കേരളത്തും വിദേശത്തും നടത്തിയ താരനിശകളുടെ പ്രതിഫലമായ 8 കോടിയിലധികം രൂപ വരുമാനത്തിൽ അമ്മ കാണിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് 2017ൽ കണ്ടെത്തിയിരുന്നത്. 2011-12, 2014-15 കാലയളവിൽ നടത്തിയ താരനിശകളുടെ പ്രതിഫലമാണ് മറച്ചുവച്ചത്. 2011-12 ൽ ഒരു പ്രമുഖ ചാനലിനുവേണ്ടി നടത്തിയ താരനിശയുടെ പ്രതിഫല തുകയായ 2 കോടി 5 ലക്ഷം രൂപ അമ്മ കണക്കിൽ ഉൾപ്പെടുത്തിയില്ല. 2014- 15 ൽ മറ്റൊരു ചാനലിനുവേണ്ടി വിദേശത്തും കൊച്ചിയിലും നടന്ന താരനിശയുടെ പ്രതിഫലത്തുകയായ 6 കോടി 10 ലക്ഷം രൂപയും സമാന രീതിയിൽ മറച്ചുവച്ചതായി ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

താരനിശകൾ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് ചാനലുകളാണ് വഹിച്ചിരുന്നത്. ഇതിനു പുറമേ പ്രതിഫല തുകയായ 8 കോടി 15 ലക്ഷം രൂപ ചാനലുകൾ അമ്മയ്ക്ക് പ്രതിഫലമായി നൽകിയിരുന്നു. എന്തുകൊണ്ട് ഈ തുക കണക്കിൽക്കാണിച്ചില്ല എന്ന് ആദായനികുതി വകുപ്പ് ആരാഞ്ഞപ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന് ചാനലുകൾ നൽകിയതാണ് ഈ തുക എന്നാണ് അമ്മ ഭാരവാഹികൾ മറുപടി നൽകിയത്. എന്നാൽ ഇത് ആദായനികുതി വകുപ്പ് തള്ളിക്കളഞ്ഞു. അതിന്റെ നടപടികൾ ഇപ്പോഴും പുരോഗമിക്കയാണ്.

ഹവാല പണമെന്ന് പറഞ്ഞത് പി ടി തോമസ്

2017ലെ നികുതിവെട്ടിപ്പ് വിവാദത്തെതുടർന്ന അമ്മക്കെതിരെ രൂക്ഷ പ്രതികരണവുമായി അന്തരിച്ച മുൻ തൃക്കാക്കര എംഎൽഎ പി ടി തോമസും, അന്ന് വട്ടിയൂർക്കാവ് എം എൽഎ ആയിരുന്ന കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പി ടി തോമസ് ഉന്നയിച്ചിരുന്നത്. ''പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിർമ്മാണം, ആദ്യ സീസൺ പരാജയപ്പെട്ടിട്ടും ക്രിക്കറ്റ്ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ നടത്തുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയായാശണന്ന് സംശയമുണ്ട്. അമ്മയുടെ പ്രവർത്തനങ്ങൾ ദുരൂഹമാണ്. നികുതി വെട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം''- പി ടി തോമസ് വാർത്തക സമ്മേളസത്തിൽ ആഞ്ഞടിച്ചു.2017 ജൂലൈ 11 കെ മുരളീധരൻ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു.

ചലച്ചിത്ര സംഘടനയായ അമ്മ നടത്തിയ നികുതിവെട്ടിപ്പ് ജ്യൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്്. ''ഇന്നസെന്റും ഇടത് എംഎൽഎമാരുമാണ് അമ്മയെ നയിക്കുന്നത്. സത്യങ്ങൾ പുറത്തവരാൻ ജ്യുഡീഷ്യൽ അന്വേഷണം നടത്തണം.''- മുരളീധരൻ വ്യക്തമാക്കി.

എന്നാൽ അമ്മയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുകയും പിഴയും അടയ്ക്കുമെന്ന് അന്ന് പ്രസിഡന്റായിരുന്ന ഇന്നസന്റ് എംപി പറഞ്ഞത്. ''ഇത് ഇന്ന് നടന്ന സംഭവമല്ല. കോടതിയിൽ നികുതി വെട്ടിപ്പിനെ സംബന്ധിച്ച് കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോൾ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരും അല്ല, ഒന്നുരണ്ടുപേർ മാത്രമാണ് ക്രൂശിക്കുന്നത്. അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയായം'' - ഇങ്ങനെയായിരുന്നു 2017ൽ ഇന്നസന്റ് പ്രതികരിച്ചത്.

എന്നാൽ ഈ വിവാദം ഉണ്ടായിട്ട് ഇപ്പോൾ അഞ്ചുവർഷം കഴിഞ്ഞു. അതിന്റെ തുടർ നടപടികൾ ഇപ്പോഴും നടക്കുകയാണ്. എന്നിട്ടും കൃത്യമായി നികുതി അടച്ച് കാര്യങ്ങൾ സുതാര്യമാക്കാൻ താരസംഘടനക്ക് കഴിയുന്നില്ല. അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ ഇതേക്കുറിച്ച് പ്രതികരിച്ചിട്ട് പോലുമില്ല. വെള്ളിത്തിരയിൽ രാഷ്ട്രീയക്കാരുടെ അഴിമതിക്കും, കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനും എതിരെ പ്രതികരിക്കുന്ന സിനിമാക്കാർ, തങ്ങളുടെ കാര്യം വരുമ്പോൾ അതിനേക്കാൾ അഴിമതിക്കാർ ആവുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.