- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാനത്ത് ആനന്ദബോസിന്റെ അയൽവാസിയായിരുന്ന അന്നമ്മയുടെ പ്രസിദ്ധമായ ആൻസ് ബേക്കറിയിൽ പ്രത്യേകം തയ്യാറാക്കിയ വറുത്തുപ്പേരിയും ശർക്കര വരട്ടിയും ചക്ക വറുത്തതും അച്ചപ്പവും കുഴലപ്പവും; തനി നാടൻ വിഭവങ്ങൾക്കൊപ്പം ഓണക്കോടി; തിരുവോണത്തിൽ പ്രധാനമന്ത്രിക്ക് സമ്മാനവുമായി ഗവർണ്ണർ; ആനന്ദബോസ് കേരളത്തിന്റെ അംബാസിഡറാകുമ്പോൾ
ന്യൂഡൽഹി: തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്. വ്യത്യസ്തതകൾ മറന്ന്, ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പാണെന്ന് സി വി ആനന്ദബോസ് പറഞ്ഞു.
പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പശ്ചിമ ബംഗാളിൽ മലയാള സിനിമ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും സി വി ആനന്ദ ബോസ് അറിയിച്ചു. കേന്ദ്ര സർക്കാർ ഓണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പാചക വാതക വില കുറയ്ക്കുന്നതെന്ന് പറഞ്ഞിരുന്നു. എല്ലാ അർത്ഥത്തിലും മലയാളത്തിന്റെ പ്രതിനിധിയായിട്ടായിരുന്നു ആനന്ദബോസിന്റെ മോദിയെ കാണൽ.
മോദിയെ സന്ദർശിച്ച് ഓണക്കോടിയും കേരളത്തിലെ വിശിഷ്ട നാടൻ വിഭവങ്ങളും സമ്മാനിച്ചാണ് ബംഗാൾ ഗവർണ്ണർ പ്രധാനമന്ത്രിയെ ഓണത്തിന്റെ മഹത്വം അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച 45 മിനിറ്റു നീണ്ടു. മാന്നാനത്ത് ആനന്ദബോസിന്റെ അയൽവാസിയായിരുന്ന അന്നമ്മയുടെ പ്രസിദ്ധമായ ആൻസ് ബേക്കറിയിൽ പ്രത്യേകം തയ്യാറാക്കിയ വറുത്തുപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കശുവണ്ടി പലഹാരങ്ങൾ തുടങ്ങിയ തനി നാടൻ വിഭവങ്ങളാണ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത്.
ബംഗാൾ ഗവർണ്ണറാണെങ്കിലും മലയാളികളുടേയും കേരളത്തിന്റേയും അംബാസിഡറെന്ന നിലയിലാണ് പ്രധാനമന്ത്രിയെ ഗവർണ്ണർ ആനന്ദബോസ് കണ്ടത്. ബംഗാളിലെ വിഷയങ്ങൾക്ക് അപ്പുറം ഓണവും കേരളവുമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചർച്ച. ഓണത്തിന്റെ പ്രസക്തിയും ഒരുമയുടെ സന്ദേശവും അറിയിക്കുന്നതിനൊപ്പം കേരളത്തിന്റെ രുചിയും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രി മലയാളത്തിൽ ഓണാശംസകൾ നേർന്നിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
മറുനാടന് മലയാളി ബ്യൂറോ