- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയും സഹോദരിയും കൂറുമാറിയതോടെ ആന്ധ്രാ മുഖ്യമന്ത്രിക്ക് ഇത് അഗ്നി പരീക്ഷ
ആന്ധ്രാപ്രദേശിൽ ഭരണമാറ്റം ഉണ്ടാക്കിയതിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് പറഞ്ഞാൽ, അത് യാഥാർത്ഥ്യമാണ്. കാരണം അഞ്ചുവർഷം മുമ്പ് മമ്മൂട്ടി നായകനായ 'യാത്ര' എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം പറഞ്ഞിരുന്നത് വൈഎസ് രാജശേഖര റെഡ്ഡി എന്ന ആന്ധ്രയിലെ രാഷ്ട്രീയ അതികായന്റെ കഥയായിരുന്നു. ചിത്രത്തിൽ വൈഎസ്ആർ ആയി മമ്മൂട്ടി കത്തിക്കയറി. അതിന്റെ തുടർച്ചയെന്നോണം വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയും അദ്ദേഹത്തിന്റെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസും അവിടെ ജയിച്ചുകയറി.
പക്ഷേ അടുത്ത വർഷം തെരഞ്ഞെടുപ്പ് ആസന്നമായിക്കേ, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അത്ര നല്ല സമയമല്ല. വൈഎസ്ആർ കുടുംബത്തിലെ പടലപ്പിണക്കങ്ങൾമൂലം അമ്മയും സഹോദരിയും അദ്ദേഹത്തിനെതിരെ നിൽക്കയാണ്. ഈ സമയത്താണ് അദ്ദേഹം യാത്ര സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നത്. പക്ഷേ ഒന്നാം ഭാഗത്തിൽ നിന്ന് ഭിന്നമായി അത് വലിയ പരാജയമായി.
യാത്ര 2 മൂക്കുകുത്തി വീഴുന്നു
മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തിൽ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. ബോക്സ് ഓഫീസിൽ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് കണക്കുകൾ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചെലവാക്കിയാണ് എടുത്തത്. പക്ഷേ മുടക്കുമുതലിന്റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകൾ വിട്ട അവസ്ഥയാണ്. ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ ഇന്ത്യയിൽ 5.55 കോടിയാണ് എന്നാണ് സാക്നിൽക്.കോം കണക്കുകൾ പറയുന്നത്. റിലീസ് ദിവസം ഒഴികെ ചിത്രം ഒരിക്കലും ഒരുകോടി കളക്ഷൻ പോലും കടന്നില്ല.ആഗോളതലത്തിലെ കളക്ഷൻ കൂടി കൂട്ടിയാൽ ചിത്രം 8 കോടിയാണ് നേടിയത് എന്നാണ് കണക്കുകൾ.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആർ ജഗന്മോഹന്റെ അധികാരത്തിലേക്കുള്ള വരവാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വരുന്ന ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പൊതുവിൽ സംസാരം. എന്നാൽ തെലുങ്ക് പ്രേക്ഷകർ ചിത്രത്തെ ഒരു തരത്തിലും സ്വീകരിച്ചില്ല.
രണ്ടാം ഭാഗത്തിൽ നായകൻ മമ്മൂട്ടിയല്ല. നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്മോഹൻ റെഡ്ഡിയുടെ വേഷം ചെയ്ത നടൻ ജീവയാണ് നായകൻ. തിരക്കഥയും സംവിധാനവും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടിൽ നിർണായകമായ രംഗങ്ങളിൽ ഉണ്ടാകുമെങ്കിലും വൈ എസ് ജഗന്മോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. യാത്രയിൽ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകർ, വിജയചന്ദർ, തലൈവാസൽ വിജയ്, സൂര്യ, രവി കലേ, ദിൽ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിട്ടിരുന്നു. സംഗീതം നൽകിയത് കെയായിരുന്നു. ഛായാഗ്രാഹണം നിർവഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു. എന്നാൽ യാത്ര ഒന്നിന്റെ ഏഴയലത്ത് എത്താൻ രണ്ടാം ഭാഗത്തിന് ആയില്ല. ഇതും ജഗന്റെ ആസന്നമായ പതനിത്തിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
അമ്മയും സഹോദരിയും എതിരാളികൾ
ജഗന്റെ വൈഎസ്ആർ കോൺഗ്രസ് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. തെലുങ്കാനയിൽ വിജയം നേടിയ കോൺഗ്രസ് ആന്ധ്രയിലും തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. അതിനിടെ അമ്മ വിജയമ്മയും, മൂത്ത സഹോദരി ശർമ്മിളയും ജഗനോട് ഉടക്കി, തിരികെ കോൺഗ്രസിൽ എത്തി. തീപ്പൊരി പ്രാസംഗിക കൂടിയായ ശർമ്മിളയാവും ഇനി ആന്ധ്രയിലെ കോൺഗ്രസിന്റെ മുഖം. ഇതോടെ വൈ എസ് ആറിന്റെ അനന്തരവകാശി താൻ മാത്രമാണ് എന്ന ജഗന്റെ നിലപാടിനാണ് അടിയേറ്റിരിക്കുന്നത്.
അധികാരം കിട്ടിയതോടെ ജഗൻ തികച്ചും സേഛ്വാധിപതിയായി. ദൃഷ്ടി പതിയുന്നിടം എല്ലാം തന്റെ സ്വന്തമാണ് എന്ന് പറയുന്ന ആറാം തമ്പുരാനിലെ ജഗന്നാഥനോട് ഉപമിക്കാൻ കഴിയുന്ന കഥാപാത്രമാണ് നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. നല്ല വസ്തുക്കളെല്ലാം അദ്ദേഹം സ്വന്തമാക്കും. ശതകോടികളുടെ അഴിമതിയാണ് അദ്ദേഹം നടത്തിയത് എന്ന് ആരോപണമുണ്ട്. കടപ്പയിലെ സിറാമിക്സ് തൊട്ട് ഖനികൾ വരെ ഇന്ന് ജഗന്റെ അധീനതയിലാണ് നടന്നത്. ഇതെല്ലാം മുലം മനം മടുത്താണ്, ജഗനെ അധികാരത്തിലേറ്റിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച അമ്മ വിജയമ്മയും, മൂത്ത സഹോദരരി ശർമ്മിളയും, കോൺഗ്രസിൽ തിരിച്ചെത്തിയത്.
ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അദ്ധ്യക്ഷയാക്കി. ഇതോടെ വൈഎസ്ആർ എന്ന രാഷ്ട്രീയ അതികായന്റെ രണ്ടുമക്കളും നേർക്കുനേർ പോരടിക്കുന്ന അവസ്ഥയാണ്. ശരിക്കും ഒരു തെലുങ്ക് മസാല സിനിമപോലെ ആവുകയാണ് ആന്ധ്രാരാഷ്ട്രീയം!