- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജല സ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുതെന്ന് നിർദ്ദേശം കൊടുത്തതല്ലാതെ പരിഹാരമാർഗങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല; ഡിസൽ ചോർന്ന് കിണറ്റിലെത്തി വെള്ളം കത്തിപ്പടർന്നതോടെ കുടിവെള്ളമില്ലാതെ ഒരു പ്രദേശത്തുകാർ; വേണ്ടത് അടിയന്തര സർക്കാർ ഇടപെടൽ; അങ്ങാടിപ്പുറം പരിയാപുരത്ത് ജനം ദുരിതത്തിൽ
മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരത്ത് ഡിസൽ ചോർന്ന് കിണറ്റിലെ വെള്ളം കത്തിയ സംഭവത്തെ തുടർന്നു നാട്ടുകാർക്ക് കിണർ ഉപയോഗിക്കാൻ കഴിയുന്നില്ല. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നു പരിയാപുരത്തുകാർ പ്രക്ഷോഭത്തിലേക്ക്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയാണു പരിയാപുരം നിവാസികൾ സമരത്തിനിറങ്ങുന്നത്.
പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് വലിയതോതിൽ ഡീസൽ ചോർച്ചയുണ്ടായിട്ട് എട്ടു ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജലസ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുതെന്ന് നിർദ്ദേശം തന്നതല്ലാതെ പരിഹാരമാർഗങ്ങൾ മുന്നോട്ടുവയ്ക്കുന്നില്ല. നാട്ടുകാരുടെ ദുരിതത്തിനു പരിഹാരം കാണുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ സർവകക്ഷിയോഗം തീരുമാനിച്ചു.
സമരത്തിന്റെ ആദ്യപടിയായി നാട്ടുകാർ ഒപ്പിട്ട നിവേദനം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സെപ്റ്റംബർ ഒന്നിന് കലക്ടർക്കു നൽകും. കലക്ടറുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽ കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനും യോഗം തീരുമാനിച്ചു.
പരിയാപുരത്ത് ടാങ്കർ ലോറിയിൽ നിന്നുള്ള ഡീസൽ ചോർച്ചയുണ്ടായി 12 ചതുരശ്ര കിലോ മീറ്ററിലെ നീർമറി പ്രദേശത്ത് ബാധിച്ചതായി ഭൂജലവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത്രയും പ്രദേശത്ത് കിണറുകൾ ഉപയോഗിക്കുന്നത് നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്രയും പ്രദേശത്ത് എത്ര കിണറുകളുണ്ടെന്ന് കണക്കാക്കിയിട്ടില്ല. അതിനെക്കുറിച്ച് വിശദപഠനം നടത്താൻ വിദഗ്ധസമിതിയെ നിയമിക്കണമെന്നും കിണറുകളിലെ വെള്ളം പരിശോധിക്കാൻ മലിനീകരണ നിയന്ത്രണബോർഡിനെ ചുമതലപ്പെടുത്തണമെന്നും ഹൈഡ്രോളജിസ്റ്റ് കളക്ടർക്ക് നൽകിയ റിേപ്പാർട്ടിൽ പറയുന്നു. ഈ പ്രദേശത്തിന്റെ മാപ്പും തയ്യാറാക്കി നൽകിയിട്ടുണ്ട്. സാരമായി ബാധിച്ച സ്ഥലം, കുറഞ്ഞ തോതിൽ ബാധിച്ച സ്ഥലം എന്നിങ്ങനെ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
ഇതിനകം സാരമായി ബാധിച്ചതായി കണ്ടെത്തിയത് ഒരു വീടും തിരുഹൃദയ മഠത്തിലെ ഒരു കിണറുമായിരുന്നു. മഠത്തിനു കീഴിൽ ഒന്നിലേറെ കിണറുകളുണ്ട്. ഒരു കിണറിലാണ് സാരമായി ബാധിച്ചതെങ്കിലും മറ്റ് കിണറുകളിലും ഡീസൽ ഇറങ്ങിയതിനാൽ അതും ഉപയോഗിക്കാൻ പാടില്ല. ഈ പ്രദേശത്തെ കുഴൽക്കിണറുകൾക്കും വിലക്ക് ബാധകമാണ്. നൂറുകണക്കിന് വീടുകളെയും സ്‌കൂളുകളടക്കം നിരവധി സ്ഥാപനങ്ങളെയും ഇതു ബാധിക്കും. ഒരു പ്രദേശത്തെ മുഴുവൻ കിണറുകളും വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നാണു നാട്ടുകാർ പരാതി പറയുന്നു.
ഇത് പ്രദേശവാസികളെ മുഴുവൻ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജല അഥോറിറ്റിയുടെ പൊതുവിതരണം എല്ലാ ഭാഗത്തും എത്തിക്കുകയാണ് ബദൽസംവിധാനം. യുദ്ധകാലാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പഞ്ചായത്ത് തുടങ്ങി.ഭൂജല വകുപ്പിന്റെ കണക്കനുസരിച്ച് നൂറുകണക്കിന് വീടുകളിലെയും നിരവധി സ്ഥാപനങ്ങളിലെയും കിണറുകളിൽ ഡീസൽ കലർന്നിട്ടുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ കിണറുകളിലെ വെള്ളത്തിന് നിറവും മണവും മാറിവരുന്നുണ്ട്. പല കിണറുകൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടങ്ങളിൽ ഇതുവരെ വെള്ളത്തിന് യാതൊരു മാലിന്യപ്രശ്‌നവും ഉണ്ടായതായി അറിവില്ല. വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണർ ഇനി ഏറെവർഷം ഉപയോഗിക്കാൻ പാടില്ലെന്നത് ഞെട്ടലോടെയാണ് പലരും അംഗീകരിച്ചത്.
സ്‌കൂൾ, ഹോമിയോ ആശുപത്രി, ക്ഷീരവികസന സൊസൈറ്റി, ആരാധനാലയങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ റിപ്പോർട്ടിൽ പറയുന്ന 12 ചതുരശ്ര കിലോമീറ്റർ നീർമറി പ്രദേശത്തിൽ ഉൾപ്പെടും. വെള്ളിയാഴ്ചയാണ് ഭൂജല വകുപ്പ് ജില്ലാ ഓഫീസറും ൈഹ്രഡ്രോളജിസ്റ്റും ഈ പ്രദേശം സന്ദർശിച്ചത്.അതിനുശേഷം അവർ പഞ്ചായത്തോഫീസിൽ പോയി സെക്രട്ടറിയോട് നേരിട്ട് കാര്യങ്ങൾ അറിയിക്കുകയും ജല അഥോറിറ്റിയുടെ കണക്ഷൻ ഈ പ്രദേശത്ത് അടിയന്തരമായി സ്ഥാപിച്ച് വിതരണം ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
മഴപെയ്ത് സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയയിലൂടെ മാത്രമേ കിണറുകളിലെ ജലം ശുദ്ധീകരിക്കപ്പെടുകയുള്ളൂ.ജൽജീവൻ പോലുള്ള പദ്ധതികൾ ഇഴഞ്ഞുപോകുന്ന അവസ്ഥയാണിവിടെ. കിണറുകളിൽ യഥേഷ്ടം വെള്ളമുള്ളതിനാൽ കൂടതൽപേരും കിണർവെള്ളത്തിനു തന്നെയാണ് മുൻതൂക്കം നൽകുന്നത്. ജൽജീവൻ പദ്ധതിവഴി ജലവിതരണ കണക്ഷൻ എടുത്തവർ കുറവാണ്.
യുദ്ധകാലാടിസ്ഥാനത്തിൽ ഈ സംവിധാനത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ അധികൃതരുടെ അടിയന്തിര ശ്രദ്ധവേണം. പൊതുവിതരണ പൈപ്പ്‌ലൈനുകൾ ഇല്ലാത്തയിടങ്ങളിൽ എത്രയുംപെട്ടെന്ന് സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി എം. എൽ.എ, കളക്ടർ, ജലവിതരണ അഥോറിറ്റി എ.ഇ. എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി.
പ്രശ്നം സാരമായി ബാധിച്ച തിരുഹൃദയമഠത്തിൽ ഒരു ജലസംഭരണി സ്ഥാപിച്ചു. വെള്ളവും എത്തിച്ചുനൽകി. പൊതുവിതരണ ലഭ്യത ഉറപ്പാകുന്നതുവരെ പഞ്ചായത്ത് വെള്ളമെത്തിക്കാൻ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ പറഞ്ഞു. കൊച്ചിയിൽനിന്ന് നയാരയുടെ 20,000 ലിറ്റർ ഡീസലുമായാണ് പുളിങ്കാവ്-ചീരട്ടാമല-പരിയാപുരം റോഡ് വഴി അങ്ങാടിപ്പുറം ദേശീയപാതയിൽ എത്തിച്ചേരുന്ന ഭാഗത്ത് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട് ടാങ്കർലോറി താഴ്ചയിലേക്കു മറിഞ്ഞത്. രണ്ടുദിവസത്തിനു ശേഷമാണ് കിണറുകളിൽ ഡീസൽ കലർന്നതായി കണ്ടത്. ലോറിയിൽനിന്നുള്ള ഇന്ധനച്ചോർച്ച ഒഴിവാക്കാൻ വൈകിയതാണ് മണ്ണിലേക്കിറങ്ങി ഇത്രയധികം വ്യാപനശേഷി കൂടാനുള്ള കാരണമെന്നാണു സൂചന. 500-600 ലിറ്ററോളം മാത്രമാണ് ടാങ്കറിൽ ബാക്കിയുണ്ടായിരുന്നത്. ബാക്കി എണ്ണ മുഴുവൻ മണ്ണിലൂടെ ഊർന്നിറങ്ങി കിണറുകളെയെല്ലാം നശിപ്പിച്ചു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമ്മേളനം ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ഫാ.ജെയിംസ് വാമറ്റത്തിൽ (രക്ഷാധികാരി), പഞ്ചായത്ത് അംഗം അനിൽ പുലിപ്ര (ചെയർമാൻ), ഏലിയാമ്മ തോമസ്, എം ടി.കുര്യാക്കോസ്, സേവ്യർ ഇയ്യാലിൽ, മാത്യു വർഗീസ്, റോയി തോയക്കുളം, മനോജ് വീട്ടുവേലിക്കുന്നേൽ, സൽമാൻ ഫാരിസ്, എബി ഇടിമണ്ണിക്കൽ, സജി പുതുപ്പറമ്പിൽ, സിബി ചേന്നമറ്റത്തിൽ, ആന്റണി മുട്ടുങ്കൽ, ജെറിൻ ജോർജ്, പി.ടി.സുമ, ജോജി വർഗീസ്, ഷീല ജോസഫ്, എബ്രഹാം പി.ജോർജ്, ബിജു കൊല്ലറേട്ടുമറ്റത്തിൽ, ഇ.ജെ.ആന്റണി, തങ്കമ്മ സേവ്യർ, സുലൈമാൻ, ലിസ കിളിയംപറമ്പിൽ, രാജു ചക്കുങ്കൽ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനം പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനിൽ പുലിപ്ര ആധ്യക്ഷ്യം വഹിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്