ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വനതാര റിസോർട്ടിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻ തന്നെ അനുവദിച്ചില്ലെന്ന ആരോപണവുമായി അങ്കിതയുടെ മാതാവ്. അങ്കിതയ്ക്കു നീതി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിൽ വൻ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് അധികൃതർക്കെതിരെ അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണു കേസ്. ഹരിദ്വാറിലെ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണു കേസിലെ മുഖ്യപ്രതി.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് അധികൃതർ അവരെ അനുനയിപ്പിച്ചാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. എന്നാൽ ഉറ്റവരെ കാണിക്കാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചുവെന്ന ഗുരുതര ആരോപണമാണ് അമ്മ നടത്തിയത്.

''ധൃതിയിലാണു മകളുടെ മൃതദേഹം സംസ്‌കരിച്ചത്. മകളുടെ അടുത്തേക്കെന്നു പറഞ്ഞ് അധികൃതർ എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അവർ ഭർത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. താമസിക്കുന്ന വനപ്രദേശത്തുനിന്ന് എന്നെ ഇവിടേക്കാണ് എത്തിച്ചത്. ഡോക്ടർമാർ വീൽച്ചെയറിൽ ഇരുത്തി. ഇതെന്തിനാണെന്നു ചോദിച്ചെങ്കിലും ആശുപത്രിക്കുള്ളിലേക്കു കൊണ്ടുപോയി. ശേഷം ഞരമ്പിലേക്ക് കുത്തിവയ്പ് നടത്തി ഒരു വിഡിയോയും റെക്കോർഡ് ചെയ്തു''- ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെപ്പറ്റി അമ്മ പറഞ്ഞു.

''നാലഞ്ച് ആളുകൾ വരികയും അങ്കിതയുടെ സംസ്‌കാരചടങ്ങ് നടക്കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ അവളുടെ അമ്മയാണെന്നു പറഞ്ഞു. എനിക്ക് അസുഖമൊന്നുമില്ലെന്ന് ആവർത്തിച്ചു. അവരെന്നെ കബളിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. തദ്ദേശ ഭരണകൂട ഓഫിസിനു മുന്നിൽ എന്നെ ഇരുത്തിയതു വെറും ഷോ ആണ്. ഈ സംഭവത്തിൽ അധികാരികൾ ഞങ്ങളെ ചതിക്കുകയായിരുന്നു''- അങ്കിതയുടെ അമ്മ വ്യക്തമാക്കി.

കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണു ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

അങ്കിത ഭണ്ഡാരിയുടെ മൃതദേഹത്തിലെ പോസ്റ്റ്‌മോർട്ടം പരിശോധനാ ഫലം ഇന്ന് ലഭിക്കും. സംസ്ഥാനത്തും ഡൽഹിയിലും അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ഒരു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ കുടുംബം സമ്മതിച്ചത്. മരണത്തിന്റെ യഥാർത്ഥ കാരണമറിയണമെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു രാവിലെ മുതൽ കുടുംബത്തിന്റെ നിലപാട്.

അധികൃതരുമായി നടത്തിയ അനുനയ ചർച്ചയ്ക്ക് ശേഷം വൈകീട്ടാണ് സംസ്‌കാരം നടത്താൻ അങ്കിതയുടെ അച്ഛൻ സമ്മതിച്ചത്. ജനക്കൂട്ടത്തെ പ്രദേശത്തുനിന്നും മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതേദഹം സൂക്ഷിച്ച മോർച്ചറിക്ക് മുന്നിലും നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. ബദരിനാഥ് - ഋഷികേശ് ദേശീയ പാത മണിക്കൂറുകളോളം തടഞ്ഞു. ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആംആദ്മി പാർട്ടി മാർച്ച് നടത്തി.

റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഉത്തരാഖണ്ഡിലെ വനതാര റിസോർട്ടിൽ നിന്ന് മാസങ്ങൾക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. എട്ട് മാസം മുൻപാണ് പൗരി ഗാഡ്വാൾ സ്വദേശിയായ റിസപ്ഷനിസ്റ്റിനെ കാണാതായത്. പെൺകുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നുവെന്നായിരുന്നു അന്ന് റിസോർട്ട് ഉടമയായ പുൾകിത് ആര്യ മൊഴി നൽകിയത്.