- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിഗ്ഗിയിലെ ഡെലിവറി ബോയ്ക്ക് ബുള്ളറ്റ്; ആപേ ഓട്ടോയ്ക്ക് മറ്റൊരാൾ; വീടിന്റെ ആധാരം പണയം വച്ചതിന്റെ രേഖകളും ചികിത്സാ രേഖകളുമായി നേരിട്ടെത്തുന്നവർ നിരവധി; മകളുടെ കല്യാണത്തിന് ലോണെടുത്തതിന് പിടിച്ചു നിൽക്കാൻ വേണ്ടത് 25 ലക്ഷം; ആവശ്യങ്ങൾ കേട്ട് വട്ടം കറങ്ങി കോടീശ്വരൻ, ഓണം ബംമ്പർ അടിച്ച അനൂപ് വട്ടം തിരിയുമ്പോൾ
തിരുവനന്തപുരം : ഓണം ബംമ്പർ അടിച്ചതോടെ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് വിലപിച്ച കോടീശ്വരനായ അനൂപിനെ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കണക്കില്ല. ആവശ്യങ്ങൾ കേട്ടാൽ ആരും അമ്പരക്കും, അനൂപാണെങ്കിൽ വട്ടം ചുറ്റി ഓടുകയാണ്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശിയായ 32കാരൻ തേടിയെത്തിയത് ഒരു ബൈക്ക വേണമെന്ന് ആവശ്യപ്പെട്ടാണ്. അതും ബുള്ളത് തന്നെ വേണമെന്ന് കേട്ടതോടെ അനൂപിന് ആശ്ചര്യമായി.
മറ്റൊരാൾക്ക് ആപേ ഓട്ടോറിക്ഷ വാങ്ങിനൽകണമെന്നായി. മകളുടെ കല്യാണത്തിന് വീടിന്റെ ആധാരം പണയം വച്ച് ലോണെടുത്തു. പലിശയും പലിശയുടെ പലിശയുമായി വൻതുക കടമായി. 25 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാനാകൂ. എങ്ങനെയെങ്കിലും സഹായിക്കണമെന്ന് ചോദിച്ച് എത്തി ഒരാൾ. 25 ലക്ഷം നൽകണമെന്നാവശ്യപ്പെട്ട് നാല് തവണ കത്തയക്കുന്നവർ നിരവധിയാണ്.
കത്തിൽ ഫോൺനമ്പറും അഡ്രസും ബാങ്കിന്റെ വിവരങ്ങളും ഉണ്ട്. വീടിന്റെ ആധാരം പണയം വച്ചതിന്റെ രേഖകളും ചികിത്സാ രേഖകളും മറ്റുമൊക്കെ ആയാണ് ഓരോരുത്തരും വരുന്നത്. ആൾക്കാരുടെ വരവ് കൂടിയതോടെയാണ് അനൂപ് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റിയത്. അമ്മ അംബികയും മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി. മാതാപിതാക്കൾക്കൊപ്പമാണ് ഭാര്യ മായയും രണ്ടരവയസുകാരൻ മകൻ അദ്വൈതും. അവിടെയും ആളുകൾ എത്തുന്നുണ്ട്.
ബാങ്കിൽ ഉൾപ്പെടെ ഈ ഫോൺ നമ്പർ നൽകിയിരിക്കുന്നതിനാൽ നമ്പർ മാറ്റാനും കഴിയാത്ത സ്ഥിതിയാണെന്ന് അനൂപ് പറഞ്ഞു. കഷ്ടപ്പെട്ടാണ് ഇവിടം വരെയെത്തിയത്. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. വരുന്നവരെല്ലാം സാമ്പത്തിക പ്രതിസന്ധി ഉള്ളവരാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും. ഏതായാലും സമ്മാനത്തുക അക്കൗണ്ടിൽ വന്നശേഷമേ അനൂപ് മറ്റ് കാര്യങ്ങൾ തീരുമാനിക്കൂവെന്ന നിലപാടിലാണ് ഭാഗ്യശാലി. സഹായം ചോദിച്ച് വീട്ടിലെത്തുന്നവരെയും ഫോണിൽ വിളിക്കുന്നവരെയും കൊണ്ട് പൊറുതിമുട്ടിയതോടെ ഇതിലും ഭേദം ഓണം ബമ്പർ എനിക്ക് അടിക്കാതിരിക്കുന്നതായിരുന്നു എന്ന് പോലും അനുപ് പറഞ്ഞു പോകുകയാണ്.
എല്ലാവരോടും മറുപടി പറഞ്ഞ് മടുത്തു. സമ്മാനത്തുക ഇതുവരെ കിട്ടിയില്ല. അക്കാര്യം പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്ന പരിഭവം ഫേസ്‌ബുക്കിലൂടെ അനൂപ് ഇന്നലെ പരസ്യമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ഓണം ബമ്പറായ 25 കോടിയിലൂടെയാണ് അനൂപിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ലോട്ടറി അടിച്ചപ്പോൾ പത്രങ്ങളിലും ടി.വി ചാനലുകളിലും താരമായിരുന്ന അനൂപ് പക്ഷേ ഇപ്പോൾ, അതെല്ലാം അബദ്ധമായെന്ന് കരുതുകയാണ്. അസുഖബാധിതനായ രണ്ടര വയസുകാരൻ മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പറ്റുന്നില്ല.
സഹായം ചോദിച്ച് അവിടെയും ആളെത്തുന്ന ഭയത്തിലാണ്. ഫോൺ കോൾ എടുക്കുന്നത് നിറുത്തി. ഫോൺ റിങ് ചെയ്യുമ്പോൾ ആദ്യം അവഗണിക്കും. എന്നാൽ എത്ര നേരം ഇത് തുടരാനാവും. പിന്നീട് എടുക്കും. വിളിക്കുന്നവരാകട്ടെ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ളവരും. ഫോണെടുത്താലുടൻ കഷ്ടപ്പാടിന്റെ കഥ പറയും. ദുരിതങ്ങൾ പറഞ്ഞ് കരച്ചിലും നിലവിളിയും ഒക്കെയുണ്ട്. സഹായിക്കണമെന്നുണ്ട്. പക്ഷേ, എനിക്കുമില്ലേ പരിമിതികളെന്നാണ് അനൂപിന്റെ ചോദ്യം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30ന് ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജൻസിയിൽ നിന്ന് വാങ്ങിയ 'ടി.ജെ 750605' എന്ന ടിക്കറ്റിനാണ് ഞായറാഴ്ച ബമ്പറടിച്ചത്. 500 രൂപ തികച്ച് ഇല്ലാത്തതിനാൽ മകന്റെ കുടുക്കപൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. വർഷങ്ങൾക്ക് മുൻപ് സൗദിയിൽ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാൽ തിരികെ മടങ്ങുകയായിരുന്നു.
തുടർന്ന് നാട്ടിൽ ചെറിയ ബിസിനസുകൾ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടർന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. അഞ്ചര ലക്ഷത്തോളം രൂപയുടെ കടമുണ്ട്. 12 വർഷം മുമ്പ് പിതാവ് ബാബുവിന്റെ മരണത്തെ തുടർന്ന് സാമ്പത്തിക ബാദ്ധ്യത തീർക്കാനായി മുക്കാൽ സെന്റ് വസ്തുവും അതിലുണ്ടായിരുന്ന വീടും വിറ്റു. തുടർന്ന് ശ്രീവരാഹത്ത് തന്നെ പലയിടത്തായി വാടകയ്ക്ക് താമസിച്ചു. ഒരു വർഷം മുമ്പാണ് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് വീടുവച്ച് താമസമായത്.
ഭാര്യയുടെ അച്ഛൻ സുധാകരനും വിജയമ്മയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. സുധാകരൻ അട്ടക്കുളങ്ങരയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. ഭർത്താവ് മരിച്ചതിനുശേഷം വി.കെ.കെ നഗറിലെ ശിവൻ കോവിലിൽ തൂപ്പ് ജോലി ചെയ്യുകയാണ് അംബിക.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്