- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് കർഷകരുടെ വിയർപ്പ് വീണ ഭൂമി; വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റി ബോർഡ് സ്ഥാപിച്ച് ബഫർസോൺ വിരുദ്ധ ജനകീയ സമിതി; ഇവിടെ ജീവിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നാട്ടുകാർ; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകൾ വനഭൂമിയാണെന്ന് ഭൂപട രേഖ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: ജില്ലയിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകൾ വനഭൂമിയാണെന്ന് ഭൂപട രേഖ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കർഷകർ. ബഫർ സോൺ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു. വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റിയ അതേ സ്ഥലത്താണ് കർഷകർ ബോർഡ് സ്ഥാപിച്ചത്.
ഞങ്ങൾക്ക് ബോർഡ് പിഴുതെറിയാൻ മാത്രമല്ല സ്ഥാപിക്കാനും അറിയാം എന്ന സൂചന നൽകിയാണ് ബോർഡ് സ്ഥാപിച്ചത്. കർഷകരുടെ വിയർപ്പിന്റെ ഫലമായുണ്ടായതാണ്. ഇവിടെ ജീവിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇത് ഞങ്ങളുടെ ഭൂമിയാണ്. റവന്യു വകുപ്പ് സ്ഥലത്തുള്ള വനം വകുപ്പിന്റെ ബോർഡ് കർഷക പ്രതിഷേധ പ്രകടനത്തിനിടയിൽ പിഴുതു മാറ്റിയിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 90 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
എന്നാൽ തങ്ങൾക്ക് നേരെ എടുത്തത് കള്ളകേസ് ആണെന്ന് ആരോപിച്ചാണ് വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. ഏയ്ഞ്ചൽവാലി പള്ളിപ്പടിയിൽ നിന്നും നൂറുകണക്കിനാളുകൾ പ്രകടനമായെത്തിയാണ് ബോർഡ് സ്ഥാപിച്ചത്. സ്ത്രീകൾ ഉൾപ്പെടെ ജാഥയിൽ പങ്കെടുത്തു. ഫാദർ. ജെയിംസ് കൊല്ലംപറമ്പിൽ ജാഥ ഉദ്ഘാടനം ചെയ്തു.
മൂക്കൻപെട്ടികവലയിൽ എത്തിയ ശേഷമാണ് തിരികെ എഴുകുമൺ ജംഗ്ഷനിലെത്തി ബോർഡ് സ്ഥാപിച്ചത്. വാർഡ് അംഗങ്ങളായ മാത്യു ജോസഫ്, മറിയാമ്മ സണ്ണി, സമര സമിതി ചെയർമാൻ പി. ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
വനം വകുപ്പ് മൂന്നാമതും പുറത്തു വിട്ട ഭൂപടത്തിൽ എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ ഏയ്ഞ്ചൽവാലിയും, പമ്പാവാലിയും വനമേഖല ആയാണ് കാണിക്കുന്നത്. എന്നാൽ മൂന്നാമത്തെ ഭൂപടത്തിൽ ഏയ്ഞ്ചൽവാലിയിലെ സെന്റ് മേരീസ് സ്കൂൾ കാണിക്കുന്നുമുണ്ട്. ജനവാസ മേഖലയെന്നു കണ്ടെത്തുന്നതിനായി ജിയോ ടാഗിങ് നടത്തുമെന്ന് അറിയേച്ചെങ്കിലും വനം വകുപ്പിന്റെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ലയെന്നാണ് ആരോപണം.
വനം വകുപ്പ് പരിശീലനം നൽകിയെങ്കിൽ മാത്രമേ ജിയോ ടാഗിങ്ങിലൂടെ അവെൻസ ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയു. എന്നാൽ ആശങ്കയുടെ കാര്യമില്ലെന്ന് നിലപാടിലാണ് സ്ഥലം എംഎൽഎ. കർഷകരുടെ പ്രതിഷേധം നടക്കുന്ന ഞായറാഴ്ച വൈകിട്ട് തന്നെയാണ് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസ് കെ. മാണി എം. പി. എന്നിവരുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലിയിൽ കേരള കോൺഗ്രസ് എം യോഗം നടന്നത്.
എയ്ഞ്ചൽവാലി,പമ്പാവാലി പ്രദേശങ്ങൾ വനമേഖല എന്ന വാദം തെറ്റാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളായ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനമേഖലയാണ് എന്നും, പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണെന്നും ഉള്ള വാദം നിരർത്ഥകമാണെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പറഞ്ഞു. 1950 കളിൽ തിരു-കൊച്ചി സർക്കാർ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കർഷകരെ കുടിയിരുത്തി നൽകിയ ഭൂമിയാണ് പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളിൽ കർഷകർ കൈവശം വച്ചിരിക്കുന്നത്. ഇത് വനഭൂമി അല്ല എന്നും റവന്യൂ ഭൂമിയാണെന്നും അക്കാലത്ത് തന്നെ വനം വകുപ്പ് അംഗീകരിച്ചിരുന്നതുമാണ്.
ഈ പ്രദേശങ്ങളിലെ കൈവശ കൃഷിക്കാർക്ക് 2023 മാർച്ച് മാസത്തിനകം ഒന്നാംഘട്ട പട്ടയ വിതരണം നടത്തുമെന്നും ബഫർ സോൺ- വനമേഖല വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. വരുന്ന 11 ന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ കർഷക കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും.