കൊച്ചി: ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉണ്ടൈന്ന പേരിൽ വിവാദം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും ഹൈക്കോടതിയിൽ നിലവിലുണ്ട്. ബൈബിളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹർജി. ഹൈക്കോടതിയുടെ ഇടപെടലിന്റെ ഫലായി വിവാദ ഭാഗം ബ്ലർ ചെയ്ത് ഇറക്കാമെന്ന് നിർമ്മാതാക്കൾ സെൻസർ ബോർഡിനെ അറിയിച്ചു. കേസ് നടന്നുകൊണ്ടിരിക്കെ തന്നെ തിയേറ്ററിൽ നിന്നും സിനിമ മാറിയതുകൊണ്ട് ഒടിടിയിൽ റിലീസ് ചെയ്തത് ബ്ലർ ചെയ്ത വേർഷൻ ആണ്.

ഈ വിഷയത്തിൽ ഹർജി നൽകിയത് ജോജി കോലഞ്ചേരിയാണ്. സിനിമ ഇറങ്ങിയ ദിവസം തന്നെ ജോജി ബൈബിളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗത്തിന് എതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉയർത്തിയിരുന്നു. കൂടാതെ നിയമപരമായി നീങ്ങുകയും ചെയ്തു. സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയയ്ക്കും പരാതി അയക്കുകയും ചെയ്തു. എന്നാൽ, നടപടി ഉണ്ടാകാതിരുന്നതോടെ, അഡ്വ.ജിജിമോൻ ഐസക് വഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജോജി കോലഞ്ചേരിയുടെ കുറിപ്പ് വായിക്കാം:

ഈശോയ്ക്ക് നന്ദി...
ജോഷി സംവിധാനം ചെയ്ത 'ആന്റണി' എന്ന സിനിമയിൽ ബൈബിളിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നല്ലോ.. സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യൽ മീഡിയയിലൂടെ അതിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു..

നിയമപരമായി കൂടി അതിനെതിരെ നീങ്ങുന്നതിന്റെ ഭാഗമായി സെൻസർ ബോർഡിനും പ്രൊഡ്യൂസർക്കും പരാതി അയക്കുകയും ചെയ്തു.. അവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനാൽ നീതിക്ക് വേണ്ടി, Adv. ജിജിമോൻ ഐസക് വഴി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി..

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടൽ മൂലം സിനിമയുടെ ആളുകൾ വിവാദപരമായ ആ ഭാഗം ബ്ലർ ചെയ്ത് ഇറക്കാമെന്ന് സെൻസർ ബോർഡിനെ അറിയിക്കുകയുണ്ടായി.. കേസ് നടന്നുകൊണ്ടിരിക്കെ തന്നെ തിയേറ്ററിൽ നിന്നും സിനിമ മാറിയതിനാൽ OTT യിൽ റിലീസ് ചെയ്തത് ബ്ലർ ചെയ്ത വേർഷൻ ആണ്.

സിനിമയിലൂടെ ക്രൈസ്തവരെയും അവരുടെ വിശുദ്ധ ഗ്രന്ഥത്തെയും കൂദാശകളെയും മനഃപൂർവമോ, അല്ലാതെയോ അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ.. മേലിൽ സെൻസർ ബോർഡും സിനിമകൾ സെൻസറിങ്ങിനു വരുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

ജോഷി സംവിധാനം ചെയ്ത ആന്റണി സിനിമ മതവികാരം വ്രണപ്പെടുത്തിയെന്ന് ക്രൈസ്തവ സംഘടനയായ കാസ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ഐൻസ്റ്റീൻ മീഡിയ മറുപടി നൽകുകയും ചെയ്തു. ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല ചിത്രത്തിലെ രംഗമെന്നും 'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണെന്നും നിർമ്മാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ വ്യക്തമാക്കിയിരുന്നു.

കലാ ആവിഷ്‌കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് 'ആന്റണി'. പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആ രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ലെന്നും നിർമ്മാണ കമ്പനി വ്യക്തമാക്കി.

ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർക്കുള്ളിലെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ തങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവർത്തകർ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുമ്പോൾ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നുണ്ടെന്നും നിർമ്മാണ കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. സർഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ ക്രിയാത്മകമായ സൃഷ്ടികൾ പ്രേക്ഷകരിലേക്കെത്തിക്കാൻ പരിശ്രമിക്കുമെന്നും ഐൻസ്റ്റീൻ മീഡിയ വ്യക്തമാക്കി.

ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ആന്റണിക്കെതിരെ കാസയായിരുന്നു രംഗത്ത് എത്തിയത്. ചിത്രത്തിലെ ഒരു രംഗത്തിൽ കഥാപാത്രങ്ങളിൽ ഒന്ന് ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈന്മെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിച്ച ആന്റണിയിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.