തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജുവുമായി തർക്കമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ വിശദീകരിക്കുമ്പോഴും ആ വാക്കുകളിലുള്ളത് ചില സത്യങ്ങൾ. അച്ഛനോടൊപ്പം എംഎൽഎയായിരുന്ന ആളാണ് ആന്റണി രാജു. അദ്ദേഹത്തെ ചേട്ടാ എന്നാണ് താൻ വിളിക്കുന്നത്. താനും അച്ഛനോടൊപ്പം എംഎൽഎയായിരുന്നുവെന്നും അതൊന്നും ഒരു ക്ലാസിഫിക്കേഷനല്ലെന്നും ഗണേശ് കുമാർ പറഞ്ഞു.

കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ചയുണ്ടെന്ന് പറഞ്ഞത് യൂണിയൻ നേതാക്കളാണ്, അല്ലാതെ താൻ മുൻ മന്ത്രിയെ ഒന്നും പറഞ്ഞിട്ടില്ല. വാർത്ത വളച്ചൊടിച്ചതാണെന്നും ഗണേശ് കുമാർ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗണേശ് കുമാർ നടത്തിയ പ്രസംഗത്തിൽ കെഎസ്ആർടിസിയിലെ വരുമാനച്ചോർച്ച പരാമർശിച്ചിരുന്നു. ഇതിനെതിരെ മുന്മന്ത്രി ആന്റണി രാജു തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ വരുമാന ചോർച്ചയിലെ യൂണിയൻ നേതാക്കളുടെ പ്രതികരണം ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചുവെന്ന് ഗണേശ് കുമാർ പറയുകയും ചെയ്തു. ഫലത്തിൽ വരുമാന ചോർച്ചയിൽ കൃത്യമായ നിലപാട് എടുക്കുകയായിരുന്നു ഗണേശ് കുമാർ.

ഗണേശിന്റെ അച്ഛനൊപ്പം എംഎൽഎയായിരുന്ന ആളാണ് താനെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. ഗണേശിനെതിരെ ഇടതുപക്ഷത്തിന് പരാതി നൽകുമെന്നും സൂചന നൽകി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനെ വിമർശിച്ചില്ലെന്ന് പറഞ്ഞു കൊണ്ടു തന്നെ വരുമാന ചോർച്ചയിൽ സ്ഥിരീകരണം ഗണേശ് കുമാർ നൽകുന്നത്. ഏതായാലും കെ എസ് ആർ ടി സിയിലെ എല്ലാ ഫയലും പരിശോധിച്ച് അഴിമതി നടന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗണേശ് കുമാർ.

കെ എസ് ആർ ടി സിയിൽ വരുമാനം കൂട്ടുക മാത്രമല്ല ചെലവ് കുറയ്ക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. എംപിമാർക്കും എംഎൽഎമാർക്കും എപ്പോൾ വേണമെങ്കിലും കാണാം. പരിപാടികൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കരുത്. ദയവായി മൊമെന്റോ തരരുതെന്നും യൂണിയനുകളുമായി സൗഹൃദത്തിൽ പോകുമെന്നും മന്ത്രി പറഞ്ഞു. എഐ കാമറ വകയിൽ കെൽട്രോണിന് കൈമാറാനുള്ള പണത്തിന്റെ കാര്യത്തിൽ പരിഹാരമുണ്ടാക്കും. ഈ വിഷയം ധനമന്ത്രിയുമായും ധനകാര്യ സെക്രട്ടറിയുമായും സംസാരിച്ച് പരിഹരിക്കും.

ഒരുപാട് ആവശ്യങ്ങൾ ഉള്ളതിനാൽ പണം റോൾ ചെയ്താണ് ധനകാര്യ വകുപ്പ് കാര്യങ്ങൾ ചെയ്യുന്നത്. കെഎസ്ആർടിസി അടക്കമുള്ളവക്ക് കുറേ നാളുകളായി ശമ്പളം കൊടുക്കുന്നത് ധനകാര്യ വകുപ്പാണ്. പൊതുമുതൽ കൊണ്ട് ഉണ്ടാക്കിയ സ്ഥാപനം ദിവസങ്ങൾക്കുള്ളിൽ നശിപ്പിക്കുന്നതിന് അനുവാദം നൽകില്ല. ബാറ്ററി ബസുകൾ നിരത്തിലിറക്കിയിട്ട് ഒരു മാസമായുള്ളൂവെന്നും അത് ഇതുവരെയും കഴുകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് പരിമിതപ്പെടുത്തും. പലർക്കും കൃത്യമായി ഡ്രൈവിങ്ങ് അറിയില്ല. റോഡിൽ ബൈക്ക് അഭ്യാസം അനുവദിക്കില്ല. ബൈക്ക് റൈഡിന് പ്രത്യേക മേഖല തയ്യാറാക്കിയാൽ അനുമതി നൽകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. തപാലിന് കാത്തിരിക്കില്ല, രേഖകളുമായി എത്തിയാൽ നേരിട്ട് ലൈസൻസ് നൽകും.

ലൈസൻസ് കാർഡിലേക്ക് മാറ്റും. റോബിൻ ബസ് വിഷയത്തിൽ മറുപടി കോടതി വിധി വന്നിട്ട് പറയാമെന്നും നിയമ ലംഘനം അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.