- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളത്ത് ജനതയെ കൊലയ്ക്ക് കൊടുത്തു സർക്കാർ; ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണാന്ത്യം വാസുവെന്ന 37 കാരന്; ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാൽ ആളെ തിരിച്ചറിയാനും വൈകി; കാട്ടാന ആക്രമണ പതിവാകുമ്പോഴും നഷ്ടപരിഹാരം ലഭിക്കാതെ പ്രദേശവാസികൾ
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിൽ പോയി വരികയായിരുന്ന വാസുവിനെ മതിൽ തകർന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാൽ ആളെ തിരിച്ചറിയാൻ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടിൽ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ വാസുവിനെ കണ്ടെത്തിയത്. ഉടനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളികയത്തെ സരോജിനി- ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: വിനില, വിനിഷ, വിനീത്, വിനീത.
അതേസമയം രണ്ടുവർഷത്തിനുള്ളിൽ കാട്ടാന ആക്രമണ നഷ്ടപരിഹാരമായി വനംവകുപ്പിൽനിന്ന് ആറളം ഫാമിന് ലഭിക്കാനുള്ളത് ഇപ്പോഴും ലഭിക്കാനുള്ളക് കോടികളാണ്. കഴിഞ്ഞ ഒരുവർഷം മാത്രം ഫാമിന്റെ 3000ത്തോളം തെങ്ങുകളും 1750 കമുക്, 423 കുരുമുളക്, 2361 കൊക്കോ, 3253 കശുമാവുകൾ, 19 റബർ എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചതായാണ് കണക്കുകൾ. എന്നാൽ, ഫാമിന് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടർക്കഥയാവുന്ന കാട്ടാനശല്യം ജനവാസ കേന്ദ്രങ്ങളിൽ ഭീതിവിതക്കുമ്പോൾ നിസ്സംഗതയിലാണ് വനംവകുപ്പ് അധികൃതരെന്നാണ് ആക്ഷേപം.
ഫാം അധീനതയിലുള്ള കൃഷിസ്ഥലം താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക തൊഴിലാളികൾ. നിലവിൽ ഫാമിനകത്ത് ഇനിയും 11 ആനകളുണ്ട്. ഇതിൽ അപകടകാരിയായ മോഴയാനയും കൊമ്പനാനയുമാണ് തൊഴിലാളികൾക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവർക്കുനേരെ പാഞ്ഞടുക്കുകയാണിവ.
കാട്ടാനക്കൂട്ടം തെങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നതും കുരങ്ങുശല്യവും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയാണ്. 3500 ഏക്കർ വിസ്തൃതിയിലുള്ള ആറളം ഫാമും 4000 ഏക്കർ വിസ്തൃതിയിലുള്ള ആറളം ആദിവാസി പുനരധിവാസ മേഖലയും കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയിലാണ്. ഏഴു വർഷത്തിനിടെ 11 പേരാണ് ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനകളെ ആറളം മേഖലയിൽനിന്ന് തുരത്താതെ ആറളം ഫാമും വന്യജീവി സങ്കേതമാക്കാനാണ് വനം വകുപ്പ് നീക്കമെന്നാണ് പരാതി.
തെങ്ങുകൃഷി കാട്ടാനകൾ നശിപ്പിച്ചതാണ് ഫാമിലെ വരുമാന ഇടിവിന് പ്രധാന കാരണം. 12 ലക്ഷം തേങ്ങ കിട്ടിയിരുന്ന ആറളം ഫാമിൽ ഇപ്പോൾ ലഭിക്കുന്നത് ഒന്നര ലക്ഷം മാത്രം. 1000 തൊഴിലാളികളും 245 ജീവനക്കാരുമുണ്ടായിരുന്ന ആറളം ഫാമിൽ ഇന്നുള്ളത് 270 തൊഴിലാളികളും 18 ജീവനക്കാരും 118 താൽക്കാലിക തൊഴിലാളികളും മാത്രം. ഈ പട്ടികയിൽനിന്നും അറുപതോളം പേർ വീണ്ടും സ്വമേധയ വിരമിച്ചു. ആറളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ വേണ്ടത് സർക്കാറിന്റെ പ്രത്യേക ഇടപെടലാണ്.
മറുനാടന് മലയാളി ബ്യൂറോ