ആലപ്പുഴ: 'ടോക്‌സിക്' എന്നാൽ വിഷമയം, വിഷലിപ്തമായത് എന്ന് അർത്ഥം. അധികവും 'റിലേഷൻഷിപ്പ്' എന്ന പദത്തിനൊപ്പമാണ് 'ടോക്‌സിക്' എന്ന പദവും കേട്ടിരിക്കുക. ടോക്‌സിക് റിലേഷൻഷിപ്പ് അഥവാ വിഷലിപ്തമായ ബന്ധം ഉപേക്ഷിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള ഏക പോംവഴി. എന്നാൽ, നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ ബന്ധത്തിൽ നിന്നും ഇറങ്ങി പോന്നിട്ടും ആ ബന്ധം ജീവനെടുക്കുന്ന തരത്തിൽ ദുരന്തത്തിൽ കലാശിച്ചാലോ? ചേർത്തല വെട്ടയ്ക്കൽ വലിയവീട്ടിൽ ആരതി പ്രദീപാണ്(32) ഭർത്താവ് ശ്യാം ജി. ചന്ദ്രന്റെ അക്രമത്തിനിരയായി തിങ്കളാഴ്ച മരിച്ചത്.

ആരതിപ്രദീപിനെ ഭർത്താവ് ശ്യാം.ജി.ചന്ദ്രൻ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് രാവിലെ സ്‌കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. ആരതിയുടെ സ്‌കൂട്ടർ തടഞ്ഞു നിർത്തി മിഠായി ഭരണിയിൽ കരുതിയ പെട്രോളോഴിച്ചായിരുന്നു തീകൊളുത്തിയത്.
ആരതി പ്രാണരക്ഷാർത്ഥം നിലവിളിച്ച് ഓടിയത് 100 മീറ്ററോളം ദൂരമാണ്. ഓടുന്നതിനിടെ വസ്ത്രത്തിന്റെയും ഹെൽമറ്റിന്റെയും ഭാഗങ്ങൾ ഉരുകിവീണ് പരിസരത്തെ പുല്ലുകളിലൂടെ തീ പടർന്നു. ഇതിനിടെ തീ അണയ്ക്കാനായി നിലത്തുകിടന്ന് ഉരുണ്ടെങ്കിലും ആരതിക്ക് രക്ഷപ്പെടാനായില്ല. പ്രണയത്തിൽ നിന്ന് മാറിയെന്ന പേരിൽ പ്രണയപ്പക കൊലപാതകങ്ങൾ ആവർത്തിക്കുന്ന നാടാണ് കേരളം. എന്നാൽ, പ്രണയിച്ച് വിവാഹം കഴിച്ചവരുടെ ജീവിതം ദുരന്തത്തിൽ കലാശിച്ച സംഭവമാണ് ആരതിയുടേത്. ഗാർഹിക പീഡനം സഹിക്ക വയ്യാതെ ബന്ധത്തിൽ നിന്നിറങ്ങി പോന്നിട്ടും, ജോലിയെടുത്ത് മക്കളെ നോക്കി സ്വതന്ത്രമായി ജീവിക്കാനുള്ള ആരതിയുടെ പരിശ്രമത്തിന് വേണ്ട പിന്തുണ നൽകാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞോ? ഈ ചോദ്യമാണ് ആരതിയുടെ അയൽവാസിയായ ജിയാദ് കെ എം എന്ന ഡിജിറ്റൽ ക്രിയേറ്റർ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്. ഈ ചോദ്യമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കേണ്ടത്. ജിയാദിന്റെ കുറിപ്പ് വായിക്കാം:

അച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ആരതി..
ചെറുപ്പം മുതൽ അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്..
ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കണ്ടിട്ടേയില്ല..
പ്രണയം നിരസിച്ച പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
എന്നാൽ അവൾ പ്രണയം സ്വീകരിച്ച് അവനോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചവളായിരുന്നു..
വിവാഹാനന്തരം പ്രണയം ഗാർഹിക പീഡനത്തിലേക്ക് മാറിയപ്പോൾ തളരാതെ നമ്മുടെ വ്യവസ്ഥിതികൾ ഉപയോഗിച്ച് പൊരുതി ജീവിക്കുകയായിരുന്നു..
സ്വന്തമായി ജോലി കണ്ടെത്തി,ഭർത്താവിന്റെ ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകി, സംരക്ഷണത്തിന് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി..
ഇതിൽപ്പരം രണ്ട് കുഞ്ഞു കുട്ടികളുടെ അമ്മയായ ഒരു സാധാരണ കുടുംബത്തിലെ കുട്ടിക്ക് എങ്ങനെയാണ് പൊരുതാനാവുക..
അവസാനം നഗരത്തിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞു നിർത്തി സ്വന്തം ഭർത്താവിനാൽ കൊല ചെയ്യപ്പെട്ടപ്പോൾ സംരക്ഷണം നൽകാനാവാതെ കത്തിയമർന്നത് യഥാർത്ഥത്തിൽ നമ്മുടെ വ്യവസ്ഥിതി കൂടിയാണ്..
പ്രണയം നിരസിക്കപ്പെട്ടാൽ, ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകിയാൽ കൊന്നു കളയാൻ മാത്രം ക്രൂരതയുള്ളവർ ചുറ്റിലുമുണ്ട് എന്നത് ഭയാനകമാണ്..
ഓരൊ സ്ത്രീക്കും സ്വാതന്ത്ര്യമായി തീരുമാനമെടുക്കാനും ജീവിക്കാനും ടോക്‌സിക് റിലേഷനിൽ നിന്നും ഇറങ്ങിപ്പോരാനും കഴിയണം.. അതിനുള്ള സാഹചര്യവും സംവിധാനവും ഒരുക്കുക എന്നത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്..
ആവർത്തിക്കപ്പെടുന്ന ഇത്തരം ദുരന്തങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്..
അച്ചുവിന് കണ്ണീരോടെ വിട..

ആരതിയും ശ്യാമും പഠനകാലത്ത് തുടങ്ങിയ അടുപ്പമായിരുന്നു. പ്രണയ വിവാഹം. 14 വർഷം മുൻപായിരുന്നു വിവാഹം. അടുത്ത കാലത്ത് അകൽച്ച തുടങ്ങി. ഇതോടെ ആരതി മാതാപിതാക്കൾക്കൊപ്പം താമസം മാറ്റി. ശ്യാം ജി. ചന്ദ്രനെതിരേ ആരതി ചേർത്തല കോടതിയിൽ ഗാർഹിക പീഡനത്തിനു ഹർജി നൽകിയിരുന്നു. പിന്നീട് യുവതി പട്ടണക്കാട് പൊലീസിൽ പരാതി നൽകി. ആദ്യം പൊലീസ് ഇരുകക്ഷികളെയും വിളിച്ചു ശ്യാമിനെ താക്കീതുനൽകി വിടുകയായിരുന്നു.

എന്നാൽ, അതിനു ശേഷവും ആരതിയെ ഫോണിലും നേരിട്ടുമെത്തി ഭീഷണിപ്പെടുത്തിയതോടെ ആരതി ജീവനു ഭീഷണിയുണ്ടെന്നു കാട്ടി പൊലീസിൽ വീണ്ടും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് ശ്യാമിനെതിരേ കെസെടുത്തിരുന്നു. കോടതിയിൽ നിന്നാണ് ഇയാൾക്കു ജാമ്യം അനുവദിച്ചിരുന്നത്. ഇതിനുശേഷം ശ്യാമിന്റെ ശല്യം കുറഞ്ഞിരുന്നത്രേ. എന്നാൽ, തിങ്കളാഴ്ച അപ്രതീക്ഷിതമായി വീണ്ടും അക്രമമുണ്ടാകുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമുദായ സംഘടനകളും സുഹൃത്തുക്കളും ഇടപെട്ടുവെങ്കിലും വിജയമായില്ല.

ആസൂത്രിതമായിരുന്നു ആക്രമണം. താലൂക്ക് ആസ്ഥാന ആശുപത്രിക്കു സമീപം ഇടറോഡിൽവച്ചാണ് അക്രമമുണ്ടായത്. ആരതിയുടെ സ്‌കൂട്ടർ തടഞ്ഞ് മിഠായിഭരണിയിൽ കരുതിയ പെട്രോളൊഴിക്കുകയായിരുന്നു ഭർത്താവ്. ഈ സമയത്തു ശ്യാം ജി. ചന്ദ്രന്റെ മേലേക്കും തീപടർന്നിരുന്നു. തീകെടുത്തി ഇയാളെയും നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി. ആതിര ഗുരുതരാവസ്ഥയിലായിരുന്നു. രാവിലെ ജോലിക്കായി തിരിച്ച അമ്മ ഇനി തിരിച്ചുവരില്ലെന്ന വിവരങ്ങളൊന്നുമറിയാതെയാണു മക്കളായ വിശാലും സിയയും. ആരതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലാണ് ഇരുവരും.

നഗരത്തിലെങ്കിലും ആളൊഴിഞ്ഞ ഇടവഴിയിലായിരുന്നു അക്രമം നടന്നത്. താലൂക്ക് ആശുപത്രിക്കു പിന്നിലായിവരുന്ന പ്രദേശത്ത് ഏതാനും വീടുകൾ മാത്രമാണുള്ളത്.ആരതിയുടെ ഓഫീസിലേക്കെത്താൻ 100 മീറ്റർ അകലെ വച്ചായിരുന്നു അക്രമം.