തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീം കേരളത്തിലെത്താന്‍ സാധ്യത. ഇതിന് മുന്നോടിയായി അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധി സംഘം ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും ചര്‍ച്ചയില്‍ ധാരണയായെന്ന് കായിക മന്ത്രി അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറഷന്‍ കേരളത്തില്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. ഫെഡറേഷന്റെ പ്രതിനിധികളുടെ സന്ദര്‍ശനത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്‌പെനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരെ എല്ലായ്‌പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ചര്‍ച്ചയില്‍ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചര്‍ച്ചയായി. അതിനെ തുടര്‍ന്ന് അസ്സോസിയേഷന്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുന്നതിന് താത്പര്യം അറിയിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫുട്‌ബോള്‍ അക്കാദമികള്‍ സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുവാന്‍ താല്പര്യം അറിയിച്ചു.

സംസ്ഥാനത്തെ കായിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയായെന്ന് മന്ത്രി അറിയിച്ചു. സ്‌പെയിനിലെ ഹൈ പെര്‍ഫോമന്‍സ് ഫുട്‌ബോള്‍ സെന്ററുകള്‍ സംഘം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ നിലവിലുള്ള സെന്ററുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും കായിക മികവിനോടൊപ്പം ഇതിനോടനുബന്ധിച്ച സോഫ്റ്റ് സ്‌കില്‍ മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ചയായി.

കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരെ എല്ലായ്‌പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി എഎഫ്എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്നതും ചര്‍ച്ച ചെയ്തു. ഫെഡറേഷന്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുമെന്ന് എഎഫ്എ പ്രസിഡന്റ് അറിയിച്ചു. ഫുട്‌ബോള്‍ അക്കാഡമികള്‍ സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള താത്പര്യവും യോഗത്തില്‍ എഎഫ്എ അറിയിച്ചു.