- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഘമലയിൽ നിന്നിറങ്ങി ചുരുളിയിൽ എത്തി പുഴ നീന്തിക്കടന്ന് കമ്പം ടൗണിലെത്തി; രാത്രിയുടെ മറവിൽ ചിന്നക്കനാലിനെ വിറപ്പിച്ച കൊമ്പൻ കമ്പത്ത് പട്ടാപ്പകൽ എത്തിയത് വിറളിപിടിച്ച്; ഒരു ദേശീയപാത കൂടി മുറിച്ചു കടന്നു; ഒരു റോഡ് കൂടി കടന്നാൽ ചിന്നക്കനാലിൽ വീണ്ടും എത്താം; അരിക്കൊമ്പൻ വിളയാട്ടം കമ്പത്തെ വിറപ്പിക്കുമ്പോൾ
കുമളി; കമ്പം ടൗണിൽ അരിക്കൊമ്പന്റെ വിളയാട്ടത്തിൽ ഞെട്ടിവിറച്ച് നാട്ടുകാർ. ഓട്ടോ കുത്തിമറിച്ചിട്ട് നശിപ്പിച്ച കൊമ്പൻ ടൗണിൽ നിന്നും വനമേഖലയിലേയ്ക്ക് കടക്കുന്നതിനുള്ള ഓട്ടപ്പാച്ചിൽ തുടരുന്നുവെന്നാണ് വിലയിരുത്തൽ.
പൊലീസും വനംവകുപ്പ് ജീവനക്കാരും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ടൗണിൽ പലഭാഗത്തായി കേന്ദ്രീകരിച്ചിട്ടുണ്ട്.മൈക്കുവഴിയുള്ള അറയിപ്പും നൽകുന്നുണ്ട്.അരിക്കൊമ്പന്റെ അപ്രതീക്ഷത വരവ് നാട്ടുകാരെ വല്ലാതെ ഭീതിയിലാക്കിയിട്ടുണ്ട്.കൊമ്പന്റെ മുമ്പിൽ നിന്നും ഇരുചക്രവാഹനയാത്രക്കാർ വേഗത്തിൽ ഓടിച്ച് രക്ഷപെടുന്നതിന്റെയും കാൽനടക്കാർ ഓടിമാറുന്നതിന്റെയും ദൃശ്യങ്ങൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങിൽ എത്തിയിട്ടുണ്ട്.
മേഘമലയിൽ നിന്നിറങ്ങി ചുരുളിയിൽ എത്തി പുഴ നീന്തിക്കടന്നാണ് ആന കമ്പം ടൗണിലേയ്ക്ക് പ്രവേശിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ആനയെ ടൗണിൽ നിന്നും തുരത്താൻ ഉദ്യോഗസ്ഥർ പലവഴികളും പരിശോധിക്കുന്നുണ്ട്. ബോഡിമെട്ട് ഭാഗത്തേയ്ക്ക് എത്തിച്ച് വനത്തിൽ കയറ്റുന്നതിനാണ് മുന്തിയ പരിഗണന നൽകുന്നത്. ഇല്ലാത്ത പക്ഷം മയക്കു വെടിവയ്ക്കും. മുതമല ക്യാമ്പിൽ നിന്നും കുങ്കി ആനകളെ എത്തിച്ച് ദൗത്യം പൂർത്തിയാക്കാൻ തമിഴ്‌നാട് വനംവകുപ്പ് നീക്കം ആരംഭിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ചിന്നക്കനാലിൽ രാത്രിയുടെ മറവിൽ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയിരുന്ന കൊമ്പൻ ഏറെക്കുറെ വിറളിപിടിച്ച സ്ഥതിയിൽ പട്ടാപകൽ കമ്പം ടൗണിൽ എത്തിയെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം കുമളി റോസാപ്പൂക്കണ്ടത്ത് രാത്രി ജനവാസ മേഖലയിൽ എത്തിയ കൊമ്പനെ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തുരത്തിയിരുന്നു. ഇതിന് ശേഷം ഇന്നലെ തമിഴ്‌നാടിന്റെ ലോവർ ക്യാമ്പ് ഡാം പരിസരത്തെ വനമേഖലയിൽ ആയിരുന്ന കൊമ്പൻ പൊടുന്നനെ മേഘമല വഴി കമ്പം ടൗണിൽ എത്തുകയായിരുന്നു.
കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊർജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്. കമ്പം ടൗണിൽനിന്ന് വളരെ ചെറിയ ദൂരമാണ് കേരള അതിർത്തിയായ കുമൽയിലേക്കും ഇടുക്കിയിലേക്കുമുള്ളത്. നിലവിൽ ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പനുള്ളത്. കമ്പം ടൗണിൽനിന്ന് 88 കിലോമീറ്റർ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്.
കഴിഞ്ഞ ദിവസം വനം മേഖലായിരുന്ന അരിക്കൊമ്പൻ ഇന്ന് കാർഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ നീണ്ട സഞ്ചാരം വഴിയാണിത് സാധ്യമായത്. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പൻ കമ്പത്തെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും. അരിക്കൊമ്പൻ കമ്പത്ത് നടത്തിയ പരാക്രമത്തിൽ അഞ്ച് വാഹനങ്ങൾ തകർത്തിരുന്നു. ഒരാൾക്ക് വീണ് പരിക്കേറ്റു.
ആന വരുന്നതുകണ്ട് വാഹനത്തിൽനിന്ന് ഓടിയ ആൾക്കാണ് വീണു പരിക്കേറ്റത്. ടൗണിൽ ആനയിറങ്ങിയതോടെ വാഹന അനൗൺസ്‌മെന്റ് അടക്കം നടത്തിയാണ് ജാഗ്രത പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.