- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിലെ ഒറ്റക്കൊമ്പന് കോതയാറിൽ പുതിയ കുടുംബം! അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പം സുഖജീവിതത്തിൽ; ഇനി നാട്ടിൽ ഇറങ്ങാനുള്ള സാധ്യത കുറവ്; നിരീക്ഷണത്തിനുള്ള ജീവനക്കാരേയും തമിഴ്‌നാട് കുറയ്ക്കുന്നു; നെയ്യാർഡാമിൽ എത്താനുള്ള സാധ്യത ഇനി വിരളം; ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ഇണങ്ങുമ്പോൾ
തിരുവനന്തപുരം: ചിന്നക്കനാലിലെ ഒറ്റക്കൊമ്പന് പുതിയ കുട്ടുകാർ. അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ ഇപ്പോഴുള്ളത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണ്. നാലു മാസം മുമ്പാണ് അരിക്കൊമ്പനെ കേരളത്തിലെ വനം വകുപ്പ് പിടികൂടിയത്.
കോതയാർ വനത്തിൽ ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്‌നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും ആനക്കൂട്ടം കൂടെയുള്ളതു കൊണ്ട് അവിടെ തന്നെ കഴിയാനാണ് സാധ്യത. ഫലത്തിൽ അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറയുകയാണ്.
തമിഴ്‌നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും തമിഴ്‌നാട് വനംവകുപ്പ് വിലയിരുത്തുന്നുണ്ട്. കുട്ടിക്കൊമ്പൻ എന്നായിരുന്നു 35 വയസുള്ള അരിക്കൊമ്പന്റെ ആദ്യ പേര്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച് അരി ഭക്ഷണമാക്കിയതോടെയാണ് നാട്ടുകാർ ആനയ്ക്ക് അരിക്കൊമ്പൻ എന്നുപേരിട്ടത്.
2017ലാണ് അരിക്കൊമ്പനെതിരെ വ്യാപകമായ പരാതികൾ ഉയർന്നത്. മയക്കുവെടിവച്ച് പിടിക്കാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. 2018ൽ കാട്ടാനയെ പിടികൂടാൻ വീണ്ടും ഉത്തരവ് വന്നെങ്കിലും നടന്നില്ല. പിന്നീട് ആക്രമണങ്ങൾ വ്യാപിച്ചതോടെയാണ് വീണ്ടും ദൗത്യം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊമ്പന് റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് വിട്ടത്. എന്നാൽ അതുവഴി അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് കടന്നു. കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയതോടെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടിച്ച് കളക്കാട് മുണ്ടുതുറൈ ഭാഗത്ത് വിടുകയായിരുന്നു.
ജൂൺ മുതൽ അരിക്കൊമ്പൻ കോതയാറിൽ തന്നെ തുടരുകയാണ്. കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ നേരത്തെ തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ചിന്നക്കനാലിൽ ആഴ്ചയിലൊരിക്കലെങ്കിലും ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തുമായിരുന്നു. അവിടെ നിന്ന് പിടികൂടി പെരിയാറിലേക്ക് മാറ്റിയപ്പോഴും അരി തേടിയുള്ള കൊമ്പന്റെ ശീലത്തിൽ മാറ്റം വരുത്തിയിരുന്നില്ല. മേഘമലയിലെ എസ്റ്റേറ്റിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അരിക്കൊമ്പൻ കുമളിയിലേക്കും കമ്പത്തേക്കും നടന്നെത്തിയിരുന്നു.
കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് കളക്കാട്ടേക്ക് മാറ്റിയ അരിക്കൊമ്പന് വലിയ മാറ്റമാണുണ്ടായത്. തുമ്പിക്കൈയിലെ മുറിവും തുടർച്ചയായി ഏറ്റ മയക്കുവെടികളും കൊമ്പന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. നിലവിൽ അത്തരം പ്രശ്‌നമൊന്നും അരിക്കൊമ്പനില്ല.
മറുനാടന് മലയാളി ബ്യൂറോ