ചെന്നൈ: അരിക്കൊമ്പനിൽ വ്യാജ പ്രചരണങ്ങൾ വീണ്ടും സജീവമാകുന്നു. അതിനിടെ ഇടുക്കി ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്‌നാട് വനം വകുപ്പ് രംഗത്തു വന്നു. അപ്പർ കോതയ്യാർ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു.

വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയ്യാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പനുള്ളതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്‌നലുകൾ ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 3 കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടു.

അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്‌നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപ്പർ കോതയ്യാർ വന മേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല. അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞിരുന്നു. അതേസമയം, മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനം വകുപ്പ് വെളിപ്പെടുത്തി. തണ്ണീർക്കൊമ്പന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ മാസമായിരുന്ന ദേശീയ മാധ്യമങ്ങളടക്കം ചർച്ചചെയ്ത അരിക്കൊമ്പൻ ദൗത്യം നടന്നത്. ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ കേരള വനം വകുപ്പ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ചു പിടികൂടിയത്. കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന്, സാറ്റ്‌ലൈറ്റ് കോളർ ഘടിപ്പിച്ച ആനയെ എലഫന്റ് ആംബുലൻസിൽ കയറ്റി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം, ജൂണിൽ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ എത്തി. പെരിയാർ കടുവ സങ്കേതം താണ്ടി കൊമ്പൻ എത്തിയത് തമിഴ്‌നാട്ടിലെ കമ്പത്തായിരുന്നു. ആനയെ മയക്കുവെടിവെച്ചു പിടികൂടിയ തമിഴ്‌നാട് വനം വകുപ്പ് അപ്പർകോതയ്യാർ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. പിന്നീട് തമിഴ്‌നാടിന്റെയും നിരീക്ഷണത്തിലായി അരിക്കൊമ്പൻ. ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന്മാർ ആനയെ തല്ലിയതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും അരിക്കൊമ്പനെ തിരക്കി.

ആനയുടെ ആരോഗ്യസ്ഥിതിയും റേഡിയോ കോളറിൽനിന്ന് സിഗ്‌നൽ ലഭിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി, അരിക്കൊമ്പനിൽ നിന്നുള്ള സിഗ്‌നൽ കിട്ടുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ദിവസം ഒന്നോ രണ്ടോ സിഗ്‌നലാണ് ലഭിക്കുന്നതെന്നും അപ്പർകോതയ്യാർ ഭാഗത്തുതന്നെ ആനയുണ്ടെന്നുമാണ് വനം വകുപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്.

മൂന്നു കിലോമീറ്ററിനപ്പുറം ആന പോകുന്നില്ലെന്നും ആന നിലയുറപ്പിച്ചിരിക്കുന്ന ഏഴ് കിലോമീറ്ററിനപ്പുറം ജനവാസമേഖല ഉണ്ടെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.