- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാർ ടൈഗർ റിസർവിൽ ഉൾവനത്തിൽ സ്വതന്ത്രനാക്കിയ അരിക്കൊമ്പൻ തങ്ങളുടെ നാട്ടിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ടൗണിൽ കച്ചവടം ചൂടുപിടിക്കും മുമ്പേ പ്രത്യക്ഷപ്പെട്ട കൊമ്പൻ തലങ്ങും വിലങ്ങും ഓടിച്ചു; പേടിച്ച് ടൗൺ ആകെ നിശ്ചലം; കമ്പത്തെ വ്യാപാര മേഖലയ്ക്ക് വൻ സാമ്പത്തിക നഷ്ടം
കുമളി: മണിക്കൂറുകൾ നീണ്ട കമ്പം ടൗണിലെ അരിക്കൊമ്പന്റെ വിളയാട്ടം വ്യാപാര മേഖലയ്ക്ക് വരുത്തി വച്ചത് വൻ സാമ്പത്തിക നഷ്ടം. ടൗൺ ഏറെക്കുറെ നിശ്ചലമായ അവസ്ഥയാണ്. ഉച്ച കഴിഞ്ഞ് ഒട്ടു മുക്കാൻ വ്യാപാര സ്ഥാപനങ്ങളും അടച്ചു. ബസ് സർവ്വീസുകളും നാമമാത്രമായി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ടൗണിനോട് അടുത്തുള്ള താമസക്കാർ വീടിന് പുറത്തിറങ്ങുന്നുള്ളു. 144 പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ടൗൺ ചുറ്റി പൊലീസ് സാന്നിദ്ധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ മംഗളാദേവി ക്ഷേത്രത്തിന് സമീപം ഉൾവനത്തിൽ സ്വതന്ത്രനാക്കിയ ഈ കാട്ടുകൊമ്പൻ തങ്ങളുടെ നാട്ടിലെത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്നാണ് ഇവിടുത്തുകാർ വ്യക്തമാക്കുന്നത്.
കേരള - തമിഴ് നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കമ്പം പച്ചക്കറി, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവയുടെ പ്രധാന വിൽപന കേന്ദ്രമാണ്. രാവിലെ 7.30 ഓടെയാണ് അരിക്കൊമ്പൻ ടൗണിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തലങ്ങും വിലങ്ങും ഓടി ഭീതി പരത്തി അക്രമാസക്തനാവുകയായിരുന്നു. ഇതിന് ശേഷം രാവിലെ 9 മണിയോടെ നില ഉറപ്പിച്ച പുളിമരത്തോട്ടവും ഇപ്പോൾ നില ഉറപ്പിച്ചിട്ടുള്ള വാഴ ത്തോട്ടവും ടൗണും തമ്മിൽ 200 മീറ്ററിൽ താഴെയാണ് ദൂരം.
144 പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ ഉച്ചയോടടുപ്പിച്ച് നടത്തിപ്പുകാർ പൂട്ടി . ടൗണിലേയ്ക്ക് ജനപ്രവാഹം കുറഞ്ഞതോടെ പതിയെ മറ്റിടങ്ങളിലെ വ്യാപാരികളും സ്ഥാപനങ്ങൾ പൂട്ടി സ്ഥലം വിട്ടു. നാളെ രാവിലെ തമിഴ് നാട് വനം വകുപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അരിക്കൊമ്പൻ ദൗത്യം എങ്ങിനെ അവസാനിക്കും എന്ന ആകാംക്ഷയിലാണ് വ്യാപാരി സമൂഹവും നാട്ടുകാരും.
പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ വിരണ്ട് ഓടിയത് ദൃശ്യങ്ങൾ പകർത്താൻ യൂട്ഊബർ ഡ്രോൺ പറത്തിയതിനെ തുടർന്നായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങിയത്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി. ആന വിരണ്ടോടിയതോടെ വനംവകുപ്പിന്റെ നീക്കം പാളി. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. ഡ്രോൺ പറത്തിയത് അരിക്കൊമ്പൻ വിരണ്ടോടാൻ കാരണമായിയിരുന്നു. നിലവിൽ കമ്പത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്. തമിഴ്‌നാടിന്റെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.