ഇടുക്കി: അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്ധ സമിതി നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രശ്ന ബാധിതമേഖലയായ സിങ്കുകണ്ടത്തും 301 കോളനിയിലും എത്തി തെളിവെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. ഇന്ന് മൂന്നാറിലെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ വിദഗ്ധ സമിതി അംഗങ്ങൾ തെളിവെടുപ്പ് നടത്തി.മേഖലയിലെ ആദിവാസി കോളനികളിൽ നിന്നുള്ള 10 പേരിൽ നിന്നും 6 കർഷകരിൽ നിന്നും സമിതി അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു.

ഓരോരുത്തരെയും പ്രത്യേകം വിളിച്ചാണ് സമിതി വിവരങ്ങൾ തിരക്കിയത്.അരിക്കൊമ്പനെ പിടികൂടുകയാണ് ആവശ്യമെന്നും പ്രദേശത്ത് നിന്നും താമസം മാറാൻ ഒരുക്കമല്ലന്നുമാണ് വിവരം നൽകാനെത്തിയവരുടെ പൊതുവികാരം. സർക്കാർ ഒഴിപ്പിക്കുകയാണെങ്കിൽ പര്യാപ്തമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്ന തരത്തിൽ ഇവരിൽ ചിലർ സമ്മതിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ യോഗത്തിൽ തങ്ങളെ പങ്കെടുപ്പിക്കാത്തതിൽ മൂന്നാറിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അരിക്കൊമ്പനെ പിടികൂടാത്തതിൽ സിങ്കുകണ്ടത്ത് നാട്ടുകാർ നടത്തിവരുന്ന രാപ്പകൽ സമരം നാലാം ദിവസത്തിലേക്ക് കടന്നു.

ഇന്ന് വിദഗ്ധ സംഘം എത്തുമെന്ന് അറിഞ്ഞ് സമരപന്തലിൽ പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു.ഈ വിവരം അറിഞ്ഞതിനെത്തുടർന്ന് വിദഗ്ധ സംഘം ഈ മേഖലയിലേയ്ക്കുള്ള സന്ദർശനം ഒഴിവാക്കിയെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. അരിക്കൊമ്പൻ ഉൾപ്പെടെ കാട്ടാനക്കൂട്ടം കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് സിങ്കുകണ്ടത്തും 301 കോളനിയിലുമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ താമസക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ വിദഗ്ധ സമിതിയംഗങ്ങൾ ഇവിടം സന്ദർശിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഈ പേരിൽ നടക്കുന്ന കോലാഹലങ്ങൾ അംഗീകരി്ക്കാനാവില്ലന്നുമാണ് കോളിവാസികളിൽ ഏറെപ്പേരുടെയും അഭിപ്രായം.

പ്രദേശത്തെ സ്ഥിതിഗതികൾ നേരിട്ട് കണ്ടറിയുന്നതിനും വിലയിരുത്തുന്നതിനുമാണ് സമിതി അംഗങ്ങൾ ഇവിടെയെത്തിയത്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് മാറ്റണമെന്ന കാര്യത്തിൽ ചർച്ച നടത്തുകയും കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കുകയും ചെയ്യും.അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ എസ് അരുൺ, പ്രൊജക്ട് ടൈഗർ സിസിഎഫ് എച്ച് പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എൻ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദർശിക്കുന്നത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ തീരുമാനമെടുക്കുക.