കുമളി: അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ. അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയിൽ തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാനാകുമെന്നതാണ് വനംവകുപ്പിന് ആശങ്ക ഉയർത്തുന്നത്.

കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്‌നലുകൾ നൽകുന്ന സൂചന. എന്നാൽ അരിക്കൊമ്പൻ ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.

ലോവർ ക്യാമ്പിൽ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റർ ആണ് ഉള്ളത്. ഇതിൽ 40 കിലോമീറ്റർ പരിധി അരിക്കൊമ്പൻ ചിന്നക്കനാലിൽ ഉണ്ടായിരുന്നപ്പോൾ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റർ. തമിഴ്‌നാട്ടിലെ തേനി ഡിവിഷന് കീഴിലുള്ള രണ്ട് റിസർവ് ഫോറസ്റ്റുകളാണ് ബാക്കി 40 കിലോമീറ്റർ. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് നടന്നെത്താവുന്ന ദൂരത്തിലാണ് ലോവർ ക്യാംപ്.

രണ്ട് ദേശീയ പാതകളും ഒരു അന്തർ സംസ്ഥാന പാതയും മുറിച്ചുകടക്കേണ്ടതുണ്ട് ചിന്നക്കനാലിലേക്കെത്താൻ. എന്നാൽ ഒരു ദേശീയ പാത ഇതിനോടകം ആന മുറിച്ചുകടന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കൊല്ല-ഡിണ്ടിഗൽ ദേശീയ പാതയാണ് അരിക്കൊമ്പൻ മുറിച്ചുകടന്നത്. അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കഴിഞ്ഞ മാസം 30നാണ് കൊണ്ടുവിട്ടത്. ഇതിന് ശേഷമുള്ള ആനയുടെ സഞ്ചാര പാത നിരീക്ഷിക്കുമ്പോൾ ചിന്നക്കനാൽ ലക്ഷ്യമാക്കിയാണ് നടത്തമെന്നാണ് ജിപിഎസ് സിഗ്‌നലുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. മതികെട്ടാൻചോല ഇറങ്ങിയാൽ അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകും. ഈ സാഹചര്യത്തിൽ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്.

ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു അരിക്കൊമ്പന്റെ സ്ഥാനം. ജനവാസമേഖലയ്ക്ക് 100 മീറ്റർ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്ത് എത്തിയതിനെ തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കു തന്നെ തുരത്തുകയായിരുന്നു. ജിപിഎസ് സിഗ്‌നലുകളിൽ നിന്നാണ് അരിക്കൊമ്പന്റെ സാന്നിധ്യം മനസിലാക്കിയത്.

ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. പിന്നീട് വനപാലകർ ആനയെ കാട്ടിലേക്കു തന്നെ തുരത്തി. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടെക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.

ഇന്നലെ കണ്ടതിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത്. ഇവിടെ നിന്ന് സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി.

അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്‌നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.

വെരി ഹൈ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ച് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്‌നലുകൾ പരിശോധിച്ച് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്. ദിവസേന പത്തു കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ട്. അതിനാൽ വനം വകുപ്പും ജാഗ്രതയിലാണ്.