- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരരുമായി ഏറ്റുമുട്ടലിനിടെ ദേഹത്തു തുളഞ്ഞുകയറിയത് രണ്ട് വെടിയുണ്ടകൾ; പിന്തിരിയാൻ കൂട്ടാക്കാതെ 'സൂം'; രണ്ട് ഭീകരരെ വധിക്കാൻ സൈനികർക്ക് വഴികാട്ടിയായി; വിദഗ്ധപരിശീലനം നേടിയ കരസേനയുടെ നായയ്ക്ക് ഗുരുതര പരിക്ക്
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് വെടിയുണ്ടകൾ ദേഹത്തു തുളഞ്ഞുകയറിയിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ പോരാടിയ കരസേനയുടെ നായ 'സൂം' ഗുരുതര പരിക്കുകളോടെ ചികിത്സയിൽ. കരസേനയുടെ അസോൾട്ട് ഡോഗ് സൂമീനാണ് ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റത്.
പരിക്കേറ്റിട്ടും പോരാട്ടം തുടരുകയും രണ്ട് ഭീകരരെ വധിക്കാൻ സൂം സുരക്ഷാസേനയെ സഹായിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ സൂം, വിദഗ്ധപരിശീലനം നേടിയ നായയാണ്. ഭീകരരെ കീഴ്പ്പെടുത്താനും സൂമിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന ഞായറാഴ്ച രാത്രിയോടെ സൗത്ത് കശ്മീരിലെ കുപ്വാര പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച വീട്ടിലേക്ക് സൂം എന്ന നായയെ അയച്ചത്.
ഭീകരർക്കെതിരെ സുരക്ഷാസേന കശ്മീരിൽ നടത്തിയ നിരവധി നീക്കങ്ങളിൽ സൂം പങ്കെടുത്തിട്ടുണ്ട്. എന്നാൽ, കുപ്വാരയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താൽ തിങ്കളാഴ്ച രാവിലെ നിയോഗിക്കപ്പെട്ട സൂമിന് ദൗത്യത്തിനിടെ ഗുരുതര പരിക്കേറ്റു. രണ്ട് തവണ വെടിയേറ്റുവെങ്കിലും ഭീകരവാദികളെ കണ്ടെത്താതെ സൂം ദൗത്യത്തിൽനിന്ന് പിന്മാറിയില്ല.
സൂം വിജയകരമായി ദൗത്യം പൂർത്തിയാക്കിയതുകൊണ്ട് മാത്രമാണ് രണ്ട് ഭീകരവാദികളെ വധിക്കാനായത് എന്നാണ് സൈന്യം അവകാശപ്പെടുന്നത്. രണ്ട് ലഷ്കർ ഭീകരരെ വധിച്ചതിന് പിന്നാലെ സൂമിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുകയാണ് നായ.
ഭീകരവാദികളെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്നതിനിടെയാണ് സൂമിന് രണ്ടുവട്ടം വെടിയേറ്റത്. എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായിരുന്നില്ലെന്ന് സൈനികോദ്യോഗസ്ഥർ പറഞ്ഞു. തന്നെ ഏൽപിച്ച ഉദ്യമം സൂം ഭംഗിയായി പൂർത്തിയാക്കുകതന്നെ ചെയ്തു. ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സൂം, ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയിൽ ചികിത്സയിലാണ്. ദക്ഷിണ കശ്മീരിലെ പല സൈനിക നടപടികളിലും സൂം പങ്കെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ