- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേഷനിൽ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ യുവ കൗൺസിലറും യുവമോർച്ചയുടെ മുൻനിര പോരാളിയുമായ ആശാനാഥ് കളത്തിലില്ല; ഗർഭിണിയായതിന് പിന്നാലെയുള്ള ശാരീരിക അസ്വസ്ഥകൾ കാരണം നേതാവ് പരിപൂർണ വിശ്രമത്തിൽ; നിർണായക പോരാട്ടം നടക്കുമ്പോൾ മനസിൽ സമരാവേശത്തിന് കുറവില്ലെന്ന് ആശ
തിരുവനന്തപുരം : കോർപറേഷനിലും ജില്ലയിലുടനീളവും മഹിളാമോർച്ചയും യുവമോർച്ചയും സമീപകാലത്ത് ഏത് പ്രതിഷേധം നടത്തിയാലും അതിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് പാപ്പനംകോട് കൗൺസിലറും യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ ജി.എസ് ആശാനാഥ്. പൊലീസുമായി കയർക്കാനായലും ബാരിക്കേഡുകൾക്ക് മുകളിൽ കയറിൽ പാർട്ടി പതാക പാറിക്കാനായാലും ആശ മുന്നിലുണ്ടാകും. എന്നാൽ കത്ത് വിവാദത്തിൽ കോർപറേഷനിൽ സമര പരമ്പര അരങ്ങേറാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആശാനാഥിനെ കാണാനില്ല.
ഭരണപക്ഷത്തെ സഹകൗൺസിലർമാർ പോലും ആശയെ അന്വേഷിച്ചു തുടങ്ങി. ഇന്നലെ മഹിളാമോർച്ച നടത്തിയ പ്രതിഷേധമാർച്ചിലും ആശയെ കാണാതായതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. ആശനാഥ് പാർട്ടിയുമായി ഉടക്കിലാണെന്ന് ഉൾപ്പെടെ വിവരങ്ങൾ പങ്കുവയ്ക്കുന്നവരുണ്ട്. എന്നാൽ അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. യുവ കൗൺസിലർ ആശാനാഥ് വീട്ടിലുണ്ട്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടുമാസം ഗർഭിണിയാണെങ്കിലും കടുത്ത തലചുറ്റലും ഛർദ്ദിയും ഉൾപ്പടെയുള്ള പ്രശ്നങ്ങളുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ബഡ് റസ്റ്റിലാണ്.
വാർഡിലെ ഒഴിച്ചുകൂടാനാകാത്ത പരിപാടികളിൽ മാത്രമാണ് പോകാറുള്ളത്. തന്റെ കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആശാനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. മഹിളാ മോർച്ചയുടെ സമരം കൂടി കഴിഞ്ഞതോടെ കാണാനില്ലെന്ന് പറഞ്ഞ് പലരും ഇന്നലെ വിളിച്ചിരുന്നതായും ആശ പറഞ്ഞു. ആശ രണ്ടാംവട്ടമാണ് അമ്മയാകുന്നത്. മൂത്തകുട്ടിക്ക് അഞ്ചുവയസുണ്ട്. വീട്ടിൽ വിശ്രമത്തിലാണെങ്കിലും ടിവിയിൽ കോർപറേഷനിലെ സമരങ്ങൾ കാണുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലാണ് ആശ. നാടിന്റെ നന്മയ്ക്ക് വേണ്ടി, കോർപറേഷന്റെ ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതികായ നിർണായകമായ ഒരു സമരത്തിന്റെ ഭാഗമാകാൻ കഴിയാത്തതിലുള്ള വിഷമം ആശയ്ക്ക് ചെറുതല്ല.
സിപിഎം കുത്തക മണ്ഡലമായിരുന്ന പാപ്പനംകോട് വാർഡ് 2015ൽ സംവരണ സീറ്റായിരുന്നപ്പോൾ ആർഎസ് എസ് പ്രവർത്തകനായ കെ ചന്ദ്രൻ 200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചടുക്കുകയായിരുന്നു. കൈമനം ചന്ദ്രന്റെ മരണത്തെ തുടർന്ന് 2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സഹോദരി പുത്രിയായ ആശാ നാഥിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയും കേവലം 36 വോട്ടുകൾക്ക് സീറ്റ് നിലനിർത്തുകയും ചെയ്തു. 2020ൽ ജനറൽ ആയിട്ടും ആശയെതന്നെ ബിജെപി നിർത്തി. സിറ്റിങ് വാർഡിൽ മത്സരിച്ച ബിജെപിയുടെ ഏക സ്ഥാനാർത്ഥിയും ആശയായിരുന്നു. എന്നാൽ ആയിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ആശയുടെ ജയം എല്ലാവരെയും ഞെട്ടിച്ചു.
പിന്നാലെ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയതും ആശയെ ആയിരുന്നു.ഡെപ്യൂട്ടി സ്പീക്കർ വി ശശിക്കെതിരെയായിരുന്നു ആശയുടെ പോരാട്ടം. പ്രാദേശിക നേതാവ് എന്നതിനേക്കാൾ ഉപരി സംസ്ഥാനതലത്തിലേക്കുള്ള ആശയയുടെ നാളയുടെ വരവിന് തുടക്കമായി കഴിഞ്ഞ തിരഞ്ഞെടുപ്പ് അടിത്തറയിട്ടു.തുടർന്നാണ് ആശ യുവമോർച്ചസംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയത്. ചിറയിൻകീഴ് പ്രചാരണത്തിനിടെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആശാനാഥ് അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
മികച്ച പ്രവർത്തനങ്ങൾക്കിടെ എതിരാളികളുടെ വിമർശന ശരങ്ങളും ആശയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പട്ടാളവേഷത്തിൽ ഫോട്ടോയെടുത്ത ഫേസ്‌ബുക്കിലിട്ട് സ്വയം പുലിവാല് പിടക്കുകയായിരുന്നു. സഹോദരന്റെ യൂണിഫോമിട്ടായിരുന്നു ഫോട്ടോ എടുത്ത്. എന്നാൽ സൈനികരല്ലാത്തവർ യൂണിഫോം ധരിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി ആശനാഥ് രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് ഇടത് വലത് കൗൺസിലർമാർ സമരം ചെയതു. ആശയ്ക്ക്തിരെ വ്യപാക പരാതികളുൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കും അയച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്