കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിഠായിത്തെരുവിൽ സന്ദർശനത്തിന് എത്തുന്ന സമയത്ത് കുഴഞ്ഞുവീണയാൾ ചികിത്സയിലിരിക്കെ മരിച്ചതിൽ സിപിഎം വാദങ്ങൾ പൊളിയുന്നു. ചേവായൂർ സ്വദേശി അശോകൻ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവൺമെന്റ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗവർണറുടെ വരവും അശോകന്റെ മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ടൗൺ പൊലീസ് വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദങ്ങളെ തള്ളുന്നതാണ് പൊലീസ് നിലപാട്. സന്ദേശം സിനിമാ മോഡൽ 'രക്തസാക്ഷി' കഥയാണ് ഇതോടെ പൊളിയുന്നത്.

പേരക്കുട്ടിയെ സ്‌കൂളിൽ വിട്ടു വീട്ടിലേക്കു പോകാനായി ബാസ് കാത്തു നിൽക്കവേയാണ് നെടുങ്ങാടി ബാങ്ക് മുൻ ഉദ്യോഗസ്ഥൻ കൂടിയായ അശോകൻ അടിയോടി കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് 12നും 12.15നും ഇടയിലാണ് അശോകൻ കുഴഞ്ഞുവീണത്. ആംബുലൻസ് നോക്കിയിട്ട് കിട്ടാത്തതിനാൽ സമീപത്തുണ്ടായിരുന്ന പൊലീസുകാർ ഓട്ടോയിൽ കയറ്റി ബീച്ച് ആശുപത്രിയിൽ എത്തിച്ചു. അശോകൻ അടിയോടി കുഴഞ്ഞു വീണ സമയത്തു ഗവർണർ മാവൂർ റോഡ് ഭാഗത്ത് എത്തിയിട്ടേ ഉള്ളൂ. അശോകൻ അടിയോടിയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണു ഗവർണർ ഇവിടെ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇതോടെ ആ മരണം ഗവർണറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പൊളിഞ്ഞു.

ഗവർണർ മാനാഞ്ചിറയിൽ എത്തിയത് 12.38നാണ്. അപ്പോഴേയ്ക്കും അശോകനെ ആശുപത്രിയിലേക്കു കൊണ്ടുപോയിക്കഴിഞ്ഞിരുന്നു എന്നും പൊലീസ് വ്യക്തമാക്കുന്നു. ആശുപത്രി രജിസ്റ്റർ പ്രകാരം അശോകനെ എത്തിച്ച സമയം 12.55 ആണ്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. മരണത്തിനു ഗവർണറുടെ സന്ദർശനവുമായി ബന്ധമില്ലെന്നും അത്തരത്തിൽ പരാതി ഇല്ലെന്നും അടിയോടിയുടെ ബന്ധുക്കളും പറഞ്ഞു. കോഴിക്കോട് മിഠായി തെരുവിൽ ഗവർണർക്ക് വൻ സ്വീകരണമാണ് കിട്ടിയത്. ഇത് മനസ്സിലാക്കിയാണ് 'ഒരു രക്തസാക്ഷിയെ' സൃഷ്ടിച്ച് ഗവർണറെ കരിവാരിതേയ്ക്കാൻ സാധ്യത തേടി സിപിഎം എത്തിയത്.

ഗവർണർ വരുന്ന സമയം ആശോകൻ മിഠായിത്തെരുവിൽ ഉണ്ടായിരുന്നുവെന്നായിരുന്നു സിപിഎം ആരോപണം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. ഗവർണർ മിഠായിത്തെരുവിൽ എത്തിയത് മൂലമുണ്ടായ ജനത്തിരക്കും ഗതാഗത തടസ്സവും കാരണമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ വൈകിയതെന്നും അതിനാൽ മരണത്തിന് ഉത്തരവാദി ഗവർണറാണെന്നും സിപിഎം ആരോപിച്ചു. പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവർണർ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവിൽ എത്തിയത്. കടകളിൽ സന്ദർശനം നടത്തിയും ഹൽവ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവർണറുടെ മടക്കം.

പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും ഗതാഗത തടസ്സമുണ്ടായതു കാരണം യഥാസമയം അശോകൻ അടിയോടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാഞ്ഞതാണു മരണകാരണമെന്നും സംഭവത്തിൽ ഗവർണർ മറുപടി പറയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ആവശ്യപ്പെട്ട് രംഗത്ത് വന്നത്.

''ഈ ആളു മരിച്ചതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. നാടുമുഴുവൻ ഇങ്ങനെ ചെങ്കിസ് ഖാനേപ്പോലെ പടയോട്ടവുമായി വന്ന് ഇനിയും കുറേയാളുകളെ ബുദ്ധിമുട്ടിക്കാനും, ഇത്തരത്തിൽ വഴിയിൽ കുഴഞ്ഞുവീഴുന്നതിന് ഇടയാക്കുന്ന നിലയിൽ ഇടപെടാനും ഉദ്ദേശ്യമുണ്ടോ എന്നുകൂടി അദ്ദേഹം മുൻകൂട്ടി പറയുന്നതു നല്ലതാണ്.'' ഇതായിരുന്നു അശോകന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ വാക്കുകൾ.