മലപ്പുറം: മൈസൂരിന്റെ പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ കൊത്തളങ്ങൾ കെട്ടി കേന്ദ്രീകരിച്ചിരുന്നതായി പറയപ്പെടുന്ന ചെലവിൽ മഹാദേവ ക്ഷേത്രഭൂമിയിലെ കോട്ട കൊത്തളങ്ങൾ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മലപ്പുറം ജില്ലയിൽ പൊന്മുണ്ടം പഞ്ചായത്തിലാണ് ടിപ്പു സുൽത്താന്റെ കോട്ടകൊത്തളങ്ങളുള്ളത്. ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് ആണ് തകർന്ന ക്ഷേത്രങ്ങളുടെ വിവരശേഖരണത്തിന് ചെലവിൽ മഹാദേവ ക്ഷേത്രത്തിൽ എത്തിയപ്പോൾ കാടുപിടിച്ചു നശിച്ചു കിടന്ന കോട്ടകൊത്തളങ്ങൾ കണ്ടെത്തിയത്.

തുടർന്നു നടത്തിയ വിശദമായ പഠനത്തിൽ ടിപ്പു സുൽത്താന് തിരൂരിൽ ഒരു കോട്ടയുണ്ടായിരുന്നതായി ചരിത്ര പുസ്തകങ്ങളിൽ കണ്ടെത്തി. തിരൂരിലെ കോട്ട എവിടെയായിരുന്നുവെന്ന് കണ്ടെത്താൻ ചരിത്രകാരന്മാർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഹൈദരാലി മൈസൂരിൽ വച്ചു മരണമടയുമ്പോൾ ടിപ്പു സുൽത്താൻ തിരൂരിലെ താവളത്തിലായിരുന്നു. ഹൈദരാലി മരിച്ച വിവരം അറിഞ്ഞ ടിപ്പു സുൽത്താൻ തിരൂരിൽ നിന്നും മൈസൂരിലേക്ക് മടങ്ങുകയും ഭരണം ഏറ്റെടുക്കുകയുമായിരുന്നു.

മൈസൂർ പടയാളികളുടെ ചില കുടുംബങ്ങൾ പൊൻ മുണ്ടത്ത് ഇപ്പോഴും വസിക്കുന്നതായും തിരൂർ ദിനേശ് കണ്ടെത്തി. തുടർന്ന് പൊൻ മുണ്ടം ഗ്രാമത്തിന്റെ സമഗ്ര വികസനംകൂടി ലക്ഷ്യമിട്ട് അതിവചരിത്ര പ്രാധാന്യമുള്ള ചെലവിൽ മഹാദേവ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള കോട്ടകൊത്തളങ്ങളും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യക്ക് തിരൂർ ദിനേശ് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കലിന്റെ സാദ്ധ്യതാ പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയത്. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ തൃശൂരിലെ സൂപ്രണ്ടിംങ്ങ് ആർക്കിയോളജിസ്റ്റ് ആർ.കെ.റെഡ്ഢി, കൺസർവേഷൻ എഞ്ചിനിയർ എ.എസ്.സുഭാഷ്, എഞ്ചിനീയർ സുരേഷ് എന്നിവരാണ് പരിശോധനക്കെത്തിയത്.

കൊത്തളങ്ങളും മതിലുകളും ക്ഷേത്രവും തീർത്ഥക്കുളവും പരിശോധിച്ചു. വെട്ടത്തു രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഊരാളർ ഇപ്പോൾ കണ്ണാഞ്ചേരി പന്നിക്കോട്ട് മൂസ്സതുമാരാണ്. ഭക്തജനങ്ങളുടെ ഒരു കമ്മിറ്റിയാണ് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പരിപാലിക്കുന്നത്.

ക്ഷേത്രവും കോട്ട കൊത്തളങ്ങളും ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയാണെങ്കിൽ വികസനം തൊട്ടു തീണ്ടാത്ത പൊൻ മുണ്ടം അന്താരാഷ്ട്ര ഭൂപടത്തിൽ സ്ഥാനം പിടിക്കും. ഇത് പൊൻ മുണ്ടം ഗ്രാമത്തിന്റെ സമഗ്രവികസനത്തിനു കാരണമാവും. അനുകൂല റിപ്പോർട്ടാണ് സമർപ്പിക്കുന്നതെങ്കിൽ രാഷ്ട്രപതിയാണ് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യക്ക് വേണ്ടി ക്ഷേത്രവും കോട്ട കൊത്തളങ്ങളും ഏറ്റെടുക്കുക. പരിശോധനാ സമയത്ത് ഭക്തജനങ്ങളും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ ദാസൻ വാരിയത്ത്, ശ്രീധരൻ വടക്കെ പുരക്കൽ എന്നിവരും ഉണ്ടായിരുന്നു.