കൊച്ചി: എഴുതാത്ത പരീക്ഷ 'വിജയിച്ച' സംഭവത്തിൽ മാർക്ക് ലിസ്റ്റ് വന്നത് മഹാരാജാസ് കോളേജിന്റെ വെബ് സൈറ്റിലാണ്. അത് റിപ്പോർട്ട് ചെയ്യുന്നത് ഗൂഢാലോചന! കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനത്തിന് എത്തിയ കുട്ടികളെ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് പൂട്ടി വലച്ചത് കേരളം ചർച്ച ചെയ്തത് ഞെട്ടലോടെയാണ്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും വാർത്ത നൽകി. ഈ സംഭവത്തെ വിമർശിച്ചതിന് മറുനാടൻ മലയാളിയ്‌ക്കെതിരെ പട്ടികജാതി-പട്ടിക വർഗ്ഗ സംരക്ഷണ നിയമത്തിന്റെ പേരിൽ ജാമ്യമില്ലാ കേസും. ഇത്രയും ഫാസിസ്റ്റ് പ്രവർത്തികളുമായി പൊലീസ് പോയിട്ടും കേരളത്തിലെ സാസ്‌കാരിക നായകർക്ക് പ്രതികരണമില്ല.

മറുനാടൻ ചെയ്ത വ്യാജ വാർത്ത ഏതെന്ന് പോലും ചൂണ്ടിക്കാണിക്കാൻ കഴിയാത്തവരാണ് പിവി അൻവർ എംഎൽഎയും കൂട്ടരും. തെറ്റായ പ്രചരണം സർക്കാരിന്റെ കരുത്തിൽ നടത്തി ഫെയ്‌സ് ബുക്കിലൂടെ അവർ ഭീഷണികൾ മുഴക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. സംസ്ഥാന സർക്കാർ അംഗീകരിച്ച ഓൺലൈൻ മാധ്യമമാണ് മറുനാടൻ എന്ന് പോലും അറിയാതെയുള്ള പുലഭ്യം പറച്ചിൽ. ഇതും കേരളത്തിലെ സാംസ്‌കാരിക ലോകം കണ്ടില്ലെന്ന് നടിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന ഇടത് സാസ്‌കാരിക നായകർ മൗനത്തിലാകുന്നു. ഈ മാധ്യമ വേട്ടയുടെ തുടർച്ചയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസും. വാർത്ത നൽകുന്നത് ഗൂഢാലോചനയും ജാതി അധിക്ഷേപവും ആക്കി മാറ്റുന്ന നവ കേരളം.

ഗൂഢാലോചന ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എം. ആർഷോ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകയടക്കം 5 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തത് സംവിധാനങ്ങളെ പരിഹസിക്കും വിധമാണ്. വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറാണ് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതി. മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗം കോഴ്‌സ് കോ ഓർഡിനേറ്റർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ വി എസ്. ജോയി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെഎസ്‌യു യൂണിറ്റ് ഭാരവാഹി സി.എ.ഫാസിൽ എന്നിവരാണു മറ്റു പ്രതികൾ. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ് എഫ് ഐ നേതാവ് വിദ്യയെ വെറുതെ വിടുന്നവരാണ് ഈ നീക്കം നടത്തുന്നത്.

ഗൂഢാലോചന, അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള വ്യാജരേഖ ചമയ്ക്കൽ, സദ്കീർത്തി നശിപ്പിക്കാനുള്ള ശ്രമം, സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ആവർത്തിച്ചുള്ള അലോസരപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ രജിസ്റ്റർ പോലും ചെയ്യാത്ത പരീക്ഷ ജയിച്ചതായുള്ള തെറ്റായ പരീക്ഷാഫലം തയാറാക്കിയെന്നാണു വിനോദ്കുമാറിനും ജോയിക്കും എതിരെയുള്ള കേസ്. ഈ പരീക്ഷാഫലം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നതാണു മറ്റുള്ളവരുടെ പേരിലുള്ള കുറ്റം.

വിനോദ് കുമാറിനെയും ജോയിയെയും കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്നലെ ചോദ്യം ചെയ്തു. മറ്റു 3 പേരുടെയും മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘത്തലവൻ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജ് പറഞ്ഞു. ആർഷോയുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ടു പി.എം. ആർഷോ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലോ ആൻഡ് ഓർഡർ എഡിജിപിക്കാണു പരാതി നൽകിയത്. തുടർന്നാണു വെള്ളിയാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഉടൻ നടപടികളും വന്നു.

മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നു. സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തത്സമയം റിപ്പോർട് ചെയ്ത അഖിലയടക്കുള്ളവരെ പ്രതിചേർത്തത്.

അർഷോയുടെ പരാതിയിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഢാലോചനയില്ലെന്നുമാണ് ഇരുവരും മൊഴി നൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടി.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കെ യു ഡബ്യു ജെ, വിവിധ പ്രസ്‌ക്ലബുകൾ, വിവിധ മാധ്യമ സ്ഥാപനങ്ങൾ, സോഷ്യൽ മീഡിയയിലെ പ്രമുഖൾ തുടങ്ങി നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയെന്ന വിമർശനമാണ് പൊതുവേ ഉയരുന്നത്.