- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും; മുസ്ലിം വിവാഹ നിയമം റദ്ദാക്കി; തൽക്കാലം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം; നിയമസഭയിൽ യുണിഫോം സിവിൽകോഡ് ബിൽ ഉടൻ അവതരിപ്പിക്കാൻ നീക്കം
ഗുവാഹത്തി: ഉത്തരാഖണ്ഡിന് പിന്നാലെ ഏകവ്യക്തി നിയമം നടപ്പിലാക്കാൻ ഒരുങ്ങി അസം സർക്കാറും. ഇതിലേക്കുള്ള ആദ്യചുവടെന്ന നിലയിൽ വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
ഫെബ്രുവരി 7ന് ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമ്മാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു. ''വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിനനുസൃതമായാണ് അസം 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം റദ്ദാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.'' മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ ഏകവ്യക്തി നിയമ ബിൽ പാസാക്കാൻ ഒരുങ്ങുകയാണ്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു.
വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയിൽ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമം ബാധകമാകും. ആദിവാസി-ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കി. മതവിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവ ഹനിക്കപ്പെടില്ല. മുത്തലാഖ് കുറ്റകരമാണ്. ബഹുഭാര്യാത്വത്തിനും ബഹുഭർതൃത്വത്തിനും അംഗീകാരമില്ല. ലിവ് ഇൻ റിലേഷനുകൾ നിയമപരമാകും.
എന്നാൽ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജില്ലാ രജിസ്റ്റ്രാർ സാധുത പരിശോധിക്കും. പൊതുനയത്തിനും സഭ്യതയ്ക്കും നിരക്കാത്ത ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്യാതിരിക്കുകയോ, തെറ്റായവിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് വർഷം വരെ ജയിൽ വാസവും 25,000 രൂപ വരെ പിഴയും ശിക്ഷവിധിക്കാം.
മറുനാടന് ഡെസ്ക്