- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മെഡിക്കൽ കോളേജിൽ, സുരക്ഷാ ജീവനക്കാരെ മർദിച്ച ഡി വൈ എഫ് ഐ നേതാവിനെ തൊടില്ല; അറസ്റ്റിലാവുമെന്ന പൊലിസിന്റെ വാക്ക് പാഴ്വാക്കായി; ജില്ലയിൽ പാർട്ടി പ്രവർത്തകർ പ്രതികളാവുന്ന കേസുകളിലെല്ലാം മെല്ലെപോക്ക്
കോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ അരുൺ ഒന്നാം പ്രതിയായ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ ഇന്നലെ അറസ്റ്റുണ്ടാവുമെന്ന മെഡിക്കൽകോളജ് പൊലിസിന്റെ വാക്ക് പാഴ്വാക്കായി. ജില്ലയിൽ പാർട്ടി നേതാക്കൾ പ്രതികളാവുന്ന സംഭവങ്ങളിലെല്ലാം ജാമ്യം ലഭിക്കുന്നതുവരെ പ്രതിപട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം പൊലീസ് മേധാവികളിൽനിന്ന് എസ് എച്ച് ഒമാർക്ക് ലഭിച്ചിട്ടുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
ഓഗസ്റ്റ് ആദ്യവാരത്തിൽ പോക്സോ കേസിൽ പ്രതിയായ അത്തോളി ഗവ. വൊക്കേഷണണൽ ഹയർ സെക്കൻഡറി അദ്ധ്യാപകനും സി പി എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാവുമായ വി കെ ദിലീപിനെ ഒരു മാസത്തോളമാണ് പാർട്ടി സംരക്ഷിച്ചത്. ഈ പ്രതി വയനാട്ടിലെ റിസോട്ടിൽ സസുഖം വാഴുന്ന കാര്യം വിഡിയോ ഉൾപ്പെടെ അത്തോളി പൊലിസിന് നൽകിയിട്ടും പ്രതി ഒളിവിലാണെന്ന പല്ലവിയാണ് പൊലിസ് ആവർത്തിച്ചത്. ഇയാൾ കഴിഞ്ഞ മാസം 30ന് ജാമ്യം നേടുന്നതുവരെ പാർട്ടി സംരക്ഷണമൊരുക്കുകയായിരുന്നു. പോക്സോ കേസുകളിൽ ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നു അറിയാമായിരുന്നിട്ടും എന്തിനാണ് ഈ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്ന ചോദ്യം ഉയരുന്നതിനിടെയായിരുന്നു പ്രതി ജാമ്യം നേടിയത്.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മൃഗീയമായി മർദിച്ച സംഭവം ഉണ്ടായിട്ട് നാലു ദിവസം പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നീക്കവും നിയമപാലകരിൽനിന്ന് ഉണ്ടായിട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരും മെഡിക്കൽകോളജിലെ മറ്റ് സ്റ്റാഫുമെല്ലാം കുറ്റപ്പെടുത്തുന്നത്. അനൂപിനൊപ്പം ഡി വൈ എഫ് ഐ പ്രവർത്തകരായ ആറുപേരെ പ്രതി ചേർത്തെന്നത് മാത്രമാണ് ഈ കേസിലുണ്ടായിരിക്കുന്ന ആകെയുള്ള പുരോഗതി. ഡി ഐ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അശ്വിൻ, നിഖിൽ, രാജേഷ്, സജിൽ മഠത്തിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട സംഘടനാ പ്രവർത്തകരുടെ ആകെ എണ്ണം ഏഴായി.
അന്യായമായി സംഘം ചേരൽ, മർദ്ദനം, ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയവക്കൊപ്പം ആശുപത്രി സുരക്ഷാ നിയമവും അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അരുണിന്റെ ഭാര്യയെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരായ മൂന്നുപേർക്കെതിരേയും ഇതോടൊപ്പം മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തിട്ടുണ്ട്.
പ്രതികൾക്കായി തെരച്ചിൽ ഊർജിതമാണെന്നും കണ്ടെത്താനായിട്ടില്ലെന്നുമുള്ള മറുപടിയാണ് പൊലിസിൽ നിന്ന് ലഭിക്കുന്നത്. പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നതുവരെ അറസ്റ്റ് വൈകിക്കുകയെന്ന തന്ത്രമാണ് പൊലിസ് പയറ്റുന്നതെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചു. മർദനത്തിൽ സാരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദിനേശന്റെ ആരോഗ്യനില ഇനിയും തൃപ്തികരമായിട്ടില്ല. ഇദ്ദേഹത്തിന് സംസാരിക്കാൻപോലും ബുദ്ധിമുട്ടുള്ള സ്ഥിതിയാണ്. മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ടവരാരും ദിനേശന്റെ രോഗവിവരം ഇതുവരെയും അന്വേഷിക്കാൻ തയാറായിട്ടില്ലെന്ന് സഹപ്രവർത്തകരും ബന്ധുക്കളും ആരോപിച്ചു.
നെഞ്ചിലും നെട്ടെല്ലിനുമേറ്റ കഠിനമായ മർദനമാണ് മുൻപ് ശ്വാസംമുട്ടൽപോലുള്ള അസുഖമില്ലാതിരുന്ന ദിനേശന് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാവിലെ വിമുക്തഭടന്മാരുടെ സംയുക്ത സംഘടനയായ വോയ്സ് ഓഫ് എക്സർവിസ്മെന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. നൂറുകണക്കിന് വിമുക്തഭടന്മാരാണ് മാർച്ചിൽ പങ്കാളികളായത്. സർക്കാരിനും പ്രതികളെ സംരക്ഷിക്കുന്ന മെഡിക്കൽ കോളജ് പൊലിസിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മാർച്ചിൽ മുഴങ്ങിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്