- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീമിന്റെ അഭ്യർത്ഥന മാനിച്ച് പരിശീലനം നൽകിയത് സ്വന്തം ടീമിന് അനിഷ്ടമായി; തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം ടീം തോൽപ്പിച്ചതോടെ കോച്ചും മാനേജർമാരും പ്രകോപിതരായി; ദേശീയ ഹാൻഡ് ബോൾ താരത്തെ നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചതിന് പിന്നിൽ
തൊടുപുഴ: സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടയിൽ ദേശീയ താരത്തെ കോച്ചും മാനേജർമാരും മർദ്ദിച്ചത് നാട്ടുകാർ നോക്കി നിൽക്കെ. തിരുവനന്തപുരം നേമം എ.എസ്. നിവാസിൽ രാജീവിന്റെ മകനും ഇന്ത്യൻ ഹാൻഡ് ബോൾ താരവുമായ ആദിത്യനാണ് (17) മർദ്ദനമേറ്റത്.
തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ച് നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കൊല്ലം ആർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ആദിത്യൻ.
മെയ് 12ന് തൊടുപുഴയ്ക്ക് സമീപത്തെ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടിയായിരുന്നു ആദിത്യൻ മത്സരിച്ചത്. ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീം കോച്ചിന്റെ അഭ്യർത്ഥന മാനിച്ച് ആദിത്യൻ ഇവർക്ക് പരിശീലനം നൽകിയിരുന്നു.
മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം പരാജയപ്പെടുത്തുകയും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ചായ നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർ പ്രകോപിതരായി ആദിത്യനോട് തട്ടിക്കയറി.
ആളുകളുടെ മുന്നിൽ വച്ച് ജഴ്സി വലിച്ചു കീറുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നാലെ ആദിത്യൻ ഡെറാഡൂണിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പോയി. തിരികെയെത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ മർദ്ദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈ.എസ്‌പി എം.ആർ. മധു ബാബു പറഞ്ഞു.
ടീം മാനേജരായ സുധീർ കോച്ച് നിഖിലിന്റെ പിതാവും ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്. മുൻ ഇന്ത്യൻ താരമാണ് മറ്റൊരു മാനേജരായ ശിവപ്രസാദ്.
മറുനാടന്‍ മലയാളി ലേഖകന്.