- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്ന മാതിരി ആഞ്ഞു വെട്ടി'; പരശുരാമന്റെ മഴുവെന്ന് ജോസഫ് മാസ്റ്റർ വിശേഷിപ്പിച്ച ആയുധം കൊണ്ട് കൈ വെട്ടിയെടുത്തത് ഇയാൾ; 13 വർഷങ്ങൾക്ക് ശേഷം പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരി
കൊച്ചി: 13 വർഷങ്ങളുടെ ഒളിവ് ജീവിതത്തിനുശേഷം എൻ ഐ എ പിടികൂടിയ സവാദാണ് പ്രൊഫസർ ടി ജെ ജോസഫിനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്. ഇല്ലാത്ത പ്രവാചക നിന്ദ ആരോപിച്ച്, ജോസഫ് മാസ്റ്ററിനെ ആക്രമിച്ച സംഘത്തിൽ, മഴുവെച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് സവാദാണ്.
ഇക്കാര്യം പ്രൊഫസർ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. 'എന്നെ ഏറ്റവും കൂടുതൽ ശാരീരികമായി ആക്രമിച്ചത്, ഈ സവാദ് ആണ്. അത്മകഥയായ 'അറ്റുപോവാത്ത ഓർമ്മകൾ' എന്ന പുസ്തകത്തിൽ ഞാൻ ഇക്കാര്യം എഴുതിയിട്ടുണ്ട്. പരശുരാമന്റെ മഴു എന്ന് ഞാൻ വിശേഷിപ്പിച്ച വലിയ മഴുകൊണ്ട് എന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഇയാളാണ്. അതൊന്നും ഞാൻ ഇപ്പോൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ല. പ്രതികളോട് ഞാൻ എപ്പോഴേ ക്ഷമിച്ച് കഴിഞ്ഞിരിക്കുന്നു. പക്ഷേ സ്റ്റേറ്റിന് അങ്ങനെ കരുതാൻ കഴിയില്ലല്ലോ. പ്രതിയെ പിടികൂടിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്''- പ്രൊഫ ടി ജെ ജോസഫ് പറഞ്ഞു.
ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികൾ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ഇതിനുപിന്നാലെ ഒളിവിൽ പോയ സവാദിനെ കണ്ടെത്താൻ വിപുലമായ അന്വേഷണങ്ങൾ നടന്നു. ആദ്യം ഈ കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് സവാദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വലിയ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഇയാൾ വിദേശത്തേക്ക് കടന്നു അല്ലെങ്കിൽ ജീവിച്ചിരിപ്പില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.
കഴിഞ്ഞ 13 വർഷമായി ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെയുള്ള സകല അന്വേഷണ ഏജൻസികളുടേയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കു വേണ്ടി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങി വിദേശരാജ്യങ്ങളിൽ വരെ അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കഴിഞ്ഞ മാർച്ചിൽ എൻഐഎ പ്രഖ്യാപിച്ചിരുന്നു.
ജോസഫ് മാഷിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകളിലെ പരശുരാമന്റെ മഴു എന്ന 25ാം അധ്യായം നടുക്കുന്നതാണ്. പള്ളികഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്ന തന്നെയും കുടുംബത്തെും ഇസ്ലാമിക മതമൗലിക വാദികൾ ആക്രമിച്ചതിന്റെ വിവരങ്ങൾ ഈ അധ്യായത്തിലാണ് ജോസ്ഫ് മാസ്റ്റർ വിവരിക്കുന്നത്. അതിൽ ഒരു റോഡിലേക്ക് എടുത്ത് കടത്തി മാഷിന്റെ കൈ വെട്ടിമാറ്റിയത് ഇപ്പോൾ പിടിയിലായ സവാദാണ്.
പരശുരാമന്റെ മഴു
അറ്റുപോവാത്ത ഓർമ്മകളിലെ പരശുരാമന്റെ മഴു എന്ന അധ്യായത്തിൽ തന്റെ കൈ വെട്ടിമാറ്റിയത് എങ്ങനെയെന്ന് ജോസഫ് മാസ്റ്റർ എഴുതുന്നത് ഇങ്ങനെയാണ്. പള്ളിയിൽ കുർബാന കഴിഞ്ഞ് വരുന്ന മാഷിന്റെയും കുടുംബത്തെയുമാണ്അ വർ ആക്രമിച്ചത്.
-'അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകർന്നുവീണു. ആ ക്ഷണത്തിൽ തന്നെ വാക്കത്തി കൊണ്ടുള്ള വെട്ടിൽ, ചേച്ചിയുടെ വശത്തെ ചില്ലും തകർന്നു. രണ്ടാം വാക്കത്തിക്കാരൻ കാറിന്റെ മുൻവശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടർന്നുവീണില്ല.
ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമൻ എന്നെ തുരുതുരാ വെട്ടാൻ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തിൽ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക് ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയിൽ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകൾ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്പുകളും മുറിഞ്ഞു മറിഞ്ഞപ്പോൾ എന്റെ കൈകൾ പൊങ്ങാതായി. പിൻ സീറ്റിൽ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയിൽ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.
എന്റെ കൈൾ പൊങ്ങാതായതോടെ, മഴു പിടിച്ചയാൾ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോർ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേർ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോർ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരൻ ഇടം കൈയാൽ കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച് റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിർത്തി.
കാറിന്റെ പിന്നിലേക്ക് എന്നെ അൽപ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരൻ, എന്റെ ഇടതുകാലിന്റെ കുതികാൽ ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലിൽ പിടിച്ച് തിരിച്ചിട്ട് അതിനോട് ചേർന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടർന്ന് മഴു പിടിച്ച ആൾ എന്റെ ഇടതുചന്തിയോട് ചേർന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലിൽ തന്നെ കണ്ണയുടെ മുകൾഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങൾ അസ്ഥി ഉൾപ്പടെ മുറിഞ്ഞു. മുറിവുകളിൽനിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാർന്നുപോകുന്നതായി എനിക്കപ്പോൾ തോന്നി. എന്നിൽ പതിക്കാൻവേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്പുന്ന മഴുവിൽ ദൃഷ്ടിയൂന്നി ജന്തുസഹമായ മരണഭയത്തോടെ, 'കൊല്ലല്ലോ, കൊല്ലല്ലേ' എന്ന് ഞാൻ വിലപിച്ചു.
പിന്നീട് അവർ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ അവർ എന്നെ മലർത്തിയിട്ടു. മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേർന്ന് കൈപ്പത്തിയിൽ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരൽ ഭാഗത്തെ മൂന്നുവരലുകൾ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാൽ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈമാറിപ്പോയെന്ന് വാക്കത്തിക്കാരൻ സൂചന കൊടുത്തതിനാൽ, എന്റെ ഇടതുകൈ അയാൾ പൊടുന്നനെ താഴേക്കിട്ടു.
ആ സമയം വലുതായൊരു സ്ഫോടന ശബ്ദം എന്റെ കാതിൽ വന്നലച്ചു. പുകപടലങ്ങൾക്കിടയിൽ കൈയിൽ ഒരു വാക്കത്തിയുമായി മകൻ മിഥുൻ അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയിൽപ്പെട്ടു. അൽപ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരൻ മുറിവുകളാൽ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച് ടാർ റോഡിൽ ചേർത്തുവെച്ചു. മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേർന്ന് പലതവണ വെട്ടി. അവർ എന്റെ വലതുകൈപ്പത്തി മുറുച്ചുമാറ്റി.'- ജോസഫ് മാസ്റ്റർ എഴുതുന്നു.
വെട്ടേറ്റ് അർധ അബോധവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ തന്റെ കൈപ്പത്തി കൂടി എടുത്തോളാൻ താൻ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റർ എഴുതുന്നുണ്ട്. -'പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയൽക്കാരൻ ജോസഫ് സാർ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികൾക്കിടയിൽ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോൾ ശരിയാണ്. മുറ്റത്തുവിരിച്ച ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണൽത്തരികൾ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഐസ് കട്ടയും വെച്ച് പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.'-ജോസഫ് മാസ്റ്റർ എഴുതുന്നു.
ആക്രമണത്തിലെ പ്രധാന പ്രതിയെന്ന നിലയിൽ പൊലീസ് വലിയ തിരിച്ചലാണ് അശമന്നൂർ നൂലേലി മുടശേരി സവാദിനുവേണ്ടി നടത്തിയത്. അന്വേഷണ സംഘത്തെ വെട്ടിച്ചു ഇത്രയും കാലം ഇയാൾ കഴിഞ്ഞു എന്നത് എല്ലാവരെയും നടക്കുന്ന സംഭവമായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ തന്നെയാണ് ഇയാൽ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത് എന്നാണ് വിവരം.
13 വർഷത്തെ ഒളിവുതാമസത്തിൽ സവാദ് മറ്റൊരു കള്ളപ്പേരും സ്വീകരിച്ചു. ഭാര്യയും രണ്ട് മക്കളും ഇയാൾക്കുണ്ടായിരുന്നു. കണ്ണൂർ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാർട്ടേഴ്സിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാൻ എന്ന പേരിലായാരുന്നു പൊലീസിനേയും കേന്ദ്ര അന്വേഷണ ഏജൻസികളേയും വെട്ടിച്ച് ഒളിവുജീവിതം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ