- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടടുത്ത സ്ഥലം അടിച്ചുമാറ്റാൻ ഫ്ളാറ്റുമുതലാളിമാരുടെ തുരപ്പൻ പണി; അഞ്ചുസെന്റിന്റെ ഉടമകളായ ദളിത് കുടുംബത്തെ പറമ്പിലേക്ക് കയറ്റാതിരിക്കാൻ ജെസിബി കൊണ്ട് 15 അടി താഴ്ചയിൽ കുഴിയെടുത്ത് വഴിയില്ലാതാക്കി; വീട്ടുകാർക്ക് പറമ്പിലെത്താൻ ഇനി ഏണി വച്ചുകയറണം; ലക്ഷങ്ങൾ വിലയുള്ള ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന് കുടുംബം
കോഴിക്കോട്: ദളിത് വയോധികയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. മണ്ണുമാന്തി ഉപയോഗിച്ച് വഴി കവർന്നെടുത്തുവെന്നും തൊണ്ടയാട് ബൈപ്പാസിന് സമീപം ലക്ഷങ്ങൾ വിലയുള്ള അഞ്ച് സെന്റ് ഭൂമി വഴിയില്ലാന്ന് പ്രചരിപ്പിച്ച് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ആരോപണം ഉയരുന്നത്.
നെല്ലിക്കോട് കുന്നത്ത് താഴത്ത് തോട്ടപാട്ടിൽ 62 കാരിയായ സുമതിയുടെ മേത്തോട്ട് താഴം ഹൈലൈറ്റ് മാളിനോട് ചേർന്നതും തൊണ്ടയാട് ബൈപ്പാസ് റോഡിൽ നിന്നും ഏതാനും മീറ്റുകൾ മാത്രം അകലെയുള്ളതുമായ അഞ്ച് സെന്റ് ഭൂമിയിലേക്കുള്ള വഴിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പതിനഞ്ച് അടിയോളം താഴ്ചയിൽ മണ്ണെടുത്ത് വഴി തടസ്സപ്പെടുത്തിയത്.
ഭൂമിയിലേക്ക് വഴിയില്ലെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള ഭൂമി തട്ടിയെടുക്കാനാണ് നീക്കമെന്നാണ് സുമതി പറയുന്നത്. നേരത്തെ പരമ്പരാഗതമായി നടന്നുവന്ന ഒരു വഴിയും വർഷങ്ങൾക്ക് മുമ്പ് സമാന രീതിയിൽ മണ്ണെടുത്ത് താഴ്‌ത്തി വഴി തടസ്സപ്പെടുത്തിയിരുന്നുവെന്നും ഇവർ പറയുന്നു. ആധാരത്തിൽ കൃത്യമായി രേഖപ്പെടുത്തിയ യഥാർത്ഥ വഴിയാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് അയൽവാസികൾ ചേർന്ന് മണ്ണെടുത്ത് ഉപയോഗ ശൂന്യമാക്കിയതെന്ന് സുമതി പറയുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് കമ്മീഷണർ, ജില്ലാ കലക്ടർ, ആർ ടി ഒ, വില്ലേജ് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പന്തീരാങ്കാവ് പൊലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും ഇവർ ആക്ഷേപിക്കുന്നു. സുമതിയുടെ മാതാപിതാക്കളുടെ പേരിൽ പന്തീരങ്കാവ് വില്ലേജിൽ റി. സ. നമ്പർ 14 -ൽപ്പെട്ട 15 സെന്റ് ഭൂമിയിൽ നിന്നും 1926-ാം നമ്പർ ആധാരപ്രകാരം 5 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകുമ്പോൾ കൃത്യമായി 4 അടി വഴി രേഖപ്പെടുത്തിയിട്ടുണ്ട്.
1965 - മുതൽ ഈ വഴി ഉപയോഗിച്ചു വരുന്നുണ്ട്. ഈയിടുത്തായി ഭൂമിയിൽ വീട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തൊട്ടടുത്ത ഭൂമിയുടെ ഉടമസ്ഥരാണ് തന്റെ ഭൂമിയിലേക്ക് വഴിയില്ലെന്നും അവ കിട്ടുന്ന തുകയ്ക്ക് വിറ്റുകളയാൻ നിർബന്ധിച്ചതും. സുമതിയുടെ സ്ഥലം കൂടി ഇരുകൂട്ടർക്കും ലഭിച്ചാൽ ഒറ്റ പ്ലോട്ടിലുള്ള വലിയ സംരംഭങ്ങൾക്ക് സാധ്യതകളേറെയാണ്.
എന്നാൽ സുമതി ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വീടുണ്ടാക്കാനാണ് പദ്ധതിയെന്നറിച്ചതിനു ശേഷമാണ് ഇത്തരത്തിൽ നടവഴി നശിപ്പിച്ചതെന്ന് സ്ഥലം സന്ദർശിച്ച പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ പറഞ്ഞു. സുമതിയുടെ ഭൂമിയിലെ വഴി നശിപ്പിച്ചവർക്കെതിരെ എസ് സി /എസ് ടി അതിക്രമം നിയമം പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ മന: പൂർവ്വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ച് വഴി പൂർവ്വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
ഈ വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറായ എം ബി മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി വായിക്കാം:
കോഴിക്കോട് നഗരത്തിലെ ഒരു അഞ്ചുസെന്റ് സ്ഥലത്തുനിന്നുള്ള വാർത്ത:
കോഴിക്കോട് നഗരത്തിനുള്ളിൽ ഒരു കുടുംബത്തിന് 1965 മുതൽ വിഹിതമായികിട്ടിയ അഞ്ചുസെന്റ് സ്ഥലമുണ്ട്. തൊട്ടടുത്തുള്ള ഫ്‌ളാറ്റു മുതലാളിമാർക്ക് ആ സ്ഥലംകൂടി കിട്ടിയാൽ ആനന്ദം. അതിനാൽ അവർ ഒരു പണിചെയ്തു. അഞ്ചുസെന്റിന്റെ ഉടമകൾക്ക് ആ പറമ്പിലേയ്ക്ക് കയറുവാനാവാത്തവിധം ഗർത്തമുണ്ടാക്കിക്കാണ്ട് അവിടേയ്ക്കുള്ള വഴിഇല്ലാതാക്കി. എന്നു പറഞ്ഞാൽ 1965 മുതൽ അതിലൂടെയുണ്ടായിരുന്നതും എഗ്രിമെന്റിൽ ഉള്ളതുമായ നാലടിവഴി , ജെസിബികൊണ്ട് രണ്ടാൾതാഴ്ചയിൽ എടുത്തുമാറ്റി.
ഇനി നഗരത്തിൽ അഞ്ചു സെന്റുഭൂമി സ്വന്തമായുള്ള ആ വീട്ടുകാർക്ക് പറമ്പിലെത്താൽ ഏണി വച്ച് കയറേണ്ടിവരും. പ്രസ്തുത അഞ്ചുസെന്റിന്റെ ഉടമ ഒരു ദലിത് കുടംബമാണെന്നു പറഞ്ഞാൽ, അവർക്കാണ് ഈ അവസ്ഥ വന്നത് എന്നുപറഞ്ഞാൽ, പറയുന്നയാൾ സ്വത്വപരമായി മാർക്കുചെയ്യപ്പെടും. മറ്റുസ്വത്വങ്ങളാൽ ഡീമാർക്കു ചെയ്യപ്പെടും. അതാണല്ലൊ പുതിയ ഫാഷൻ . പിന്നെ, നീതിയും നിയമവും ചില വിഭാഗങ്ങൾക്കു മാത്രമായി തുടർച്ചയായി വ്യാഖ്യാനിക്കപ്പെടുന്ന പാരമ്പര്യമഹത്വവാദ ദേശത്ത് പാവപ്പെട്ടവരെന്തു ചെയ്യണം.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.