- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി ജാമ്യം അനുവദിച്ചത് അറിഞ്ഞത് കുഞ്ഞുടുപ്പ് തുന്നുന്നതിനിടെ; ടിവിയിലെ ഫ്ളാഷ് ന്യൂസ് അറിയിച്ചത് ജയിൽ വാർഡൻ; പാവകൾ ഉണ്ടാക്കിയും പുറത്ത് വിൽപ്പനയ്ക്കുള്ള ഇഡ്ഡലിയും സാമ്പാറും തയ്യാറാക്കിയും അട്ടകുളങ്ങര വനിത ജയിലിൽ നല്ല നടപ്പിൽ അനുശാന്തി; നാളെ പുറത്തിറങ്ങാൻ ആകുമെന്ന പ്രതീക്ഷയിൽ ആറ്റിങ്ങൽ ഇരട്ട കൊല കേസിലെ പ്രതി
തിരുവനന്തപുരം. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം ലഭിച്ച വാർത്ത അറിഞ്ഞത് ജയിലിലെ പണിശാലയിൽ കുഞ്ഞുടുപ്പ് തുന്നി കൊണ്ടിരുന്നപ്പോഴാണ്. ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും പോയെങ്കിലും പറയുന്ന ജോലികൾ എല്ലാം കൃത്യമായി ചെയ്യുന്ന അനുശാന്തി ജയിലിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആണ്. ടിവിയിൽ ഫ്ളാഷ് ന്യൂസ് വന്നപ്പോൾ ഒരു വാർഡനാണ് ഇക്കാര്യം അനുശാന്തിയെ അറിയിച്ചത്. നാളെ പുറത്തിറങ്ങാനാകുമെന്നാണ് അനുശാന്തിയുടെ പ്രതീക്ഷ.
സുപ്രീം കോടതി ഉത്തരവ് കീഴ്ക്കോടതിയിൽ എത്തി അറ്റസ്റ്റ് ചെയ്ത ശേഷം അട്ടകുളങ്ങര ജയിലിലെ സുപ്രണ്ടിന് മുന്നിലെത്തിക്കണം. അതിന് ശേഷം ജയിൽ നടപടികൾ പൂർത്തിയാക്കാൻ പിന്നെയും വേണം മണിക്കൂറുകൾ. കുഞ്ഞുടുപ്പും പാവയുമൊക്കെ ഉണ്ടാക്കുന്ന അനുശാന്തി നല്ലൊരു പാചക വിദഗ്ധ കൂടിയാണ്. ജയിലിലെ കിച്ചന്റെ പ്രധാന ചുമതലയും അനുശാന്തിക്കാണ് നല്കിയിരിക്കുന്നത്. ജയിലിന് പുറത്തു വില്ക്കുന്ന ഇഡ്ഡലി, സാമ്പാർ, വിവിധ പലഹാരങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേൽനോട്ടം അനുശാന്തിക്കുണ്ട്. പാചകം ചെയ്യാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കർത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് സ്പെഷ്യൽ ഐറ്റം. പുറത്തുവിൽക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതിൽ വിദഗ്ധയാണത്രേ. ജയിലിലെ ജോലികൾക്ക് അനുശാന്തിക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.
അട്ടകുളങ്ങര ജയിലിലെ അച്ചടക്കമുള്ള തടവുകാരിയാണ് ഇവർ. ചെയ്ത കുറ്റത്തിൽ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാർ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിവരം. ജയിലിൽ എല്ലാകാര്യത്തിലും ഇവർ സജീവമാണ്. ജയിലിൽ വിശേഷാവസരങ്ങളിൽ കളികളിലും ഇവർ മറ്റു തടവുകാർക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളിൽ ഏർപ്പെടാനാണ് ഇഷ്ടം. രണ്ടു വർഷം മുൻപ് ജയിലിലെ വെൽഫെയർ ബോർഡിന്റെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകളിൽ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്.
അഴിക്കുള്ളിലായ അനുശാന്തി ഇപ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല. ജോലികളിൽ സജീവമായി എല്ലാം മറക്കുകയാണ് അവർ. ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളാണ് അവരെ അലട്ടുന്ന മറ്റൊരു വിഷയം. ഏറ്റവും ഒടുവിൽ കണ്ണിന്റെ ചികിത്സയക്കായി 28 ദിവസത്തെ പരോളിന് അടുത്തിടെ പോയ അനുശാന്തി മടങ്ങി വന്നിട്ട് അധിക നാളായില്ല. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.
2014 ഏപ്രിലിൽ നാല് വയസുള്ള സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവർക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോൾ അനുവദിച്ചത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താൻ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്.
നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി.
കവർച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുമാറ്റി. അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും അനുശാന്തി സഹായിച്ചെന്നും പൊലീസ് കണ്ടെത്തി.
2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്