അയോധ്യ: അയോധ്യ ഉത്സവത്തിമിർപ്പിലാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. അയോധ്യയിൽ ബാലരാമവിഗ്രഹത്തിന് ചൈതന്യം പകരാൻ ഇനി മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ. 12.20-ന് തുടങ്ങുന്ന ചടങ്ങുകൾ ഒരുമണിവരെ നീളും. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്രത്തിലെത്തി .

ചടങ്ങിന്റെ 'മുഖ്യ യജമാനൻ' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.25ന് അയോധ്യ വിമാനത്താവളത്തിലെത്തി.

അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം 10.55ന് ക്ഷേത്രത്തിലെത്തി. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.

പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ അയോധ്യയിലേക്ക് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. പഴുതടച്ച സുരക്ഷയാണ് എങ്ങും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും. ചടങ്ങിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജെയിനിലുള്ള മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി അർപ്പിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് കണ്ണു തുറക്കുക. കേരളത്തിൽ നിന്നടക്കം സന്യാസ ശ്രേഷ്ഠർ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്.

11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറി. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, പാരാ കമാൻഡോകൾ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്.

അതിഥികൾ എത്തി തുടങ്ങി

ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ബോളിവുഡ് താരങ്ങൾ അടക്കം അതിഥികൾ എത്തി തുടങ്ങി. അമിതാബ് ബച്ചൻ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത്, സച്ചിൻ തെണ്ടുൽക്കർ, ചിരഞ്ജീവി, രാംചരൺ, രജനികാന്ത്, ധനുഷ്, ബോളിവുഡ് ദമ്പതികളായ രൺബീർ കപൂർ-ആലിയ ഭട്ട്, വിക്കി കൗശൽ-കത്രീന കൈഫ്, കങ്കണ രണൗട്ട് എന്നിവർ അയോധ്യയിലേക്ക് തിരിച്ചു.

കേരളത്തിൽനിന്നു രണ്ടായിരത്തോളം പേരെയാണ് പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണിച്ചിട്ടുള്ളത്. ഇതിൽ എത്രപേർ എത്തുമെന്നതു സംബന്ധിച്ചു വ്യക്തതയില്ല. പ്രമുഖ സന്യാസിമാരടക്കം പലരും എത്തിച്ചേർന്നിട്ടുണ്ട്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, മെട്രോമാൻ ഇ.ശ്രീധരൻ, നടൻ മോഹൻലാൽ, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രൻ, പി.ടി.ഉഷ എന്നിവർ ക്ഷണം ലഭിച്ച മലയാളികളിലുൾപ്പെടുന്നു. ഏകദേശം 8000 പേർക്കാണ് ഔദ്യോഗിക ക്ഷണക്കത്തയച്ചിരിക്കുന്നത്. ഇതിൽ പകുതിയോളം പേർ സന്യാസിമാരാണ്. കേരളത്തിൽ നിന്നു സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥ, സ്വാമി അധ്യാത്മാന്ദ ചൈതന്യ എന്നിവരുൾപ്പെടെ ഇരുപത്തഞ്ചോളം സന്യാസിമാർ അയോധ്യയിലെത്തിയിട്ടുണ്ട്.

ചടങ്ങുകൾ ഇങ്ങനെ

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാംലല്ല വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും.

84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

10.25-ന് പ്രധാനമന്ത്രി അയോദ്ധ്യ വിമാനത്താവളത്തിലെത്തും

10.55-ന് ഹെലികോപ്റ്റർ മാർഗം അയോദ്ധ്യ ഹെലിപാഡിലെത്തും

11 മുതൽ 12 വരെ രാമജന്മഭൂമി പരിസരത്ത് പര്യടനം

12.05 മുതൽ 12.55 വരെയാകും പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. ഈ സമയം, രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതും. വി?ഗ്രഹത്തെ കണ്ണാടി കാണിക്കും. അതായത്, ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കാണുന്നു. ഈ സമയം ക്ഷേത്രത്തിൽ പുഷ്പവൃഷ്ടി നടക്കും.

ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ പ്രധാനമന്ത്രി, സർസംഘചാലക്, യോ?ഗി ആദിത്യനാഥ് എന്നിവർ പൊതു സമ്മേളനം നടത്തും

2.10-ന് രാമജന്മഭൂമി പരിസരത്തെ കുബേർ ടീലയിൽ സന്ദർശനം നടത്തും. ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ വരവോടെ ബ്രഹ്‌മകുണ്ഡിൽ വസിച്ചിരുന്നതുപോലെ പണ്ടുമുതലേ ശ്രീരാമന്റെ ജന്മസ്ഥലത്തിനടുത്തായി മഹാദേവൻ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുബേർ ടീലയിൽ ശ്രീരാമന്റെ ദാസനായി കുബേരൻ, തന്റെ രാജ്യമായ അയോദ്ധ്യയിൽ സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.

ഇവിടെ പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയേക്കും. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിന് രാമായണത്തിൽ നിർണായക പങ്കാണുള്ളത്.

3.30-ഓടെ പ്രധാനമന്ത്രി തിരികെ മടങ്ങിയേക്കും