- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു; ബാലരാമ വിഗ്രഹം മിഴി തുറന്നു; പ്രാണ പ്രതിഷ്ഠ നടന്നത് 12.32 ന്; ചടങ്ങിൽ മുഖ്യയജമാനനായത് പ്രധാനമന്ത്രി; രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി മോദി

അയോധ്യ: അയോധ്യയിൽ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ പ്രാണപ്രതിഷ്ഠ നടന്നു. നേത്രോന്മീലന ചടങ്ങ് പൂർത്തിയായി. 12.32 നാണ് പ്രാണപ്രതിഷ്ഠ നടന്നത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി.
പ്രാണപ്രതിഷ്ഠ്‌യ്ക്കു മുന്നോടിയായി മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഗണേശ പൂജ നടന്നു. പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പൂജയിൽ പങ്കെടുത്തു. മുഖ്യയജമാനനായ നരേന്ദ്ര മോദി ക്ഷേത്രത്തിലേക്ക് പൂജ സാമഗ്രികളും ഏന്തിയാണ് പ്രവേശിച്ചത്. ഇതിന് ശേഷമാണ് പൂജാകർമ്മങ്ങൾ ആരംഭിച്ചത്. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് നരേന്ദ്ര മോദി പൂജാ ചടങ്ങുകളിൽ പങ്കെടുത്തത്.

ഗർഭഗൃഹത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യകാർമികൻ.

സ്വർണനിറമുള്ള കുർത്തയും ക്രീം കളറിലുള്ള ധോത്തിയും പട്കയും ധരിച്ച് ചുവന്ന ദുപ്പട്ടയിൽ വെള്ളി കുടയും ഏന്തിയാണ് പ്രധാനമന്ത്രി ശ്രീകോവിലേക്ക് എത്തിയത്. അതിന് ശേഷം ചടങ്ങിന് വേണ്ടിയുള്ള സങ്കൽപ് സ്വീകരിച്ചു.

ഡൽഹിയിൽ നിന്നും ഹെലിക്കോപ്ടറിൽ അയോദ്ധയിലെത്തിയ പ്രധാനമന്ത്രി സരയൂ നദിക്കരയിൽ ജലാഭിഷേകത്തിന് ശേഷം ഹനുമാൻ ഗഡിയിൽ ദർശനവും നടത്തിയ ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകളിലെത്തിയത്. 11 നാൾ നീണ്ട വ്രതത്തിനും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തിയത്.

ചടങ്ങിൽ പങ്കെടുക്കാൻ വിവിഐപികളുടെ വൻനിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികൾക്കായി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ, സോനു നിഗം, രജനി കാന്ത്, റൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ഇതിനോടകം ക്ഷേത്രത്തിലെത്തിയത്.


മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തി. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം.
ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.
രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ അയോധ്യയിലേക്ക് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. പഴുതടച്ച സുരക്ഷയാണ് എങ്ങും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും. ചടങ്ങിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജെയിനിലുള്ള മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി അർപ്പിച്ചു. പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്.

ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, പാരാ കമാൻഡോകൾ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്.


