- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരത്തുകളിൽ ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ; കൊട്ടും പാട്ടും മേളവുമായി രാം പഥിലൂടെ നീങ്ങുന്ന ചെറുസംഘങ്ങൾ; സുരക്ഷയ്ക്കായി പതിനായിരത്തിലേറെ പൊലീസുകാരും; അയോധ്യയിൽ ഉത്സവപ്രതീതി; പ്രധാനമന്ത്രി നാളെ രാവിലെ എത്തും; വിഗ്രഹത്തിന്റെ ചിത്രം പുറത്തായതിൽ അന്വേഷണം
അയോധ്യ: അയോധ്യയിൽ നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കുന്നത്. അതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഊത്സവാന്തരീക്ഷത്തിലാണ് അയോധ്യയിലെ കാര്യങ്ങൾ. ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ നിറഞ്ഞ നിരത്തുകളിലെല്ലാം ആഘോഷം കാണാം. കൊട്ടും പാട്ടും മേളവുമായി ചെറുസംഘങ്ങൾ രാം പഥിലൂടെ നീങ്ങുന്ന കാഴ്‌ച്ചയാണ് എങ്ങും.
ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിലേക്ക് പ്രവേശനമില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. തിങ്കളാഴ്ചത്തെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ദർശനം നടത്താമെന്ന കണക്കുകൂട്ടലിലാണ് ആയിരങ്ങൾ നഗരത്തിരക്കിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയുടെ കൊടുംതണുപ്പിലും നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായും സൈക്കിളിലുമെത്തുന്നവർ ഏറെയാണ്.
അതിഥികളെ സ്വീകരിക്കാൻ അയോധ്യയിൽ മത്സരമാണ്. റോഡരികിൽ പലയിടത്തായി സൗജന്യഭക്ഷണവും ചായയും മധുരപലഹാരങ്ങളും നൽകുന്നുണ്ട്. നിശ്ചിതദൂരത്ത് പൊലീസ് എയ്ഡ്‌പോസ്റ്റുകളും മെഡിക്കൽ സെന്ററുകളും തയ്യാറാണ്. നഗരവികസനത്തിന്റെ ഭാഗമായി ഒരേരൂപത്തിലും നിറത്തിലും നവീകരിച്ച കടകളിലെല്ലാം തിരക്കേറി.
റോഡ് വികസനത്തിനായി കടകളുടെ മുൻഭാഗം പൊളിച്ചെങ്കിലും കച്ചവടം കൂടിയതിന്റെ സന്തോഷത്തിലാണ് വ്യാപാരികളിലേറെയും. നാലുവർഷംമുമ്പ് പ്രതിദിനം നാലായിരത്തോളംപേർ മാത്രം പുറമേനിന്ന് എത്തിയിരുന്ന അയോധ്യയിൽ ഇപ്പോൾ അരലക്ഷംപേരെത്തുന്നു. പ്രതിഷ്ഠ കഴിയുന്നതോടെ ഇത് ഒന്നോ രണ്ടോ ലക്ഷമാകുമെന്നാണ് പ്രതീക്ഷ.
പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതൽ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11നു മുൻപെത്താൻ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പുലർച്ചെ തന്നെ പ്രധാനമന്ത്രി അയോധ്യയിൽ എത്തും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനത്തിലായിരുന്നു മോദി. തമിഴ്‌നാട്ടിൽ ആത്മീയ തീർത്ഥാടനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ധനുഷ്‌കോടിയിലെ കോതണ്ഡരാമർ ക്ഷേത്രത്തിൽ ദർശനം നടത്തും.
ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. കമ്പർ മണ്ഡപത്തിൽ ഇരുന്ന് രാമായണം വായന കേട്ടതിനു ശേഷമാണു രാമേശ്വരത്തേക്കു തിരിച്ചത്. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിലൊന്നായ രാമനാഥ സ്വാമി ക്ഷേത്രത്തിലെ 22 തീർത്ഥ കിണറുകളിൽ നിന്നുള്ള വെള്ളം കൊണ്ട് സ്‌നാനം നടത്തി. രാത്രി ശ്രീരാമകൃഷ്ണ മഠത്തിലാണു താമസമൊരുക്കിയത്.
അയോധ്യയിൽ പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവർത്തകരുമെത്തിയിട്ടുണ്ട്.
അതേസമയം പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവിൽ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച ഉത്തരേന്ത്യ മുഴുവൻ ആഘോഷങ്ങളുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കരുതെന്ന് വിദ്യാർത്ഥികൾക്കു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) നിർദ്ദേശം നൽകി. പ്രതിഷ്ഠാ ദിനത്തിൽ ഐഐടി ബോംബെയിൽ ഗോശാല തുറക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ലൈവ് ഐനോക്‌സ്, പിവിആർ തിയറ്ററുകളിൽ കാണിക്കും. 11 മുതൽ 3 മണി വരെയാണിത്. 100 രൂപയുടെ ടിക്കറ്റെടുത്താൽ 100 രൂപയുടെ പോപ് കോണും നൽകും. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന നാളെ ഉച്ചയ്ക്കു 2.30 വരെ ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾക്കെല്ലാം അവധി നൽകി. ആർഎംഎൽ, ലേഡി ഹാർഡിങ്, സഫ്ദർജങ് തുടങ്ങിയ ആശുപത്രികൾക്കും അവധിയുണ്ട്. അടിയന്തര ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും.
മറുനാടന് ഡെസ്ക്