കണ്ണൂർ: കർണ്ണാടകയുടെ കുടക് മേഖല അതിരിടുന്ന മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ആണെന്ന നിലയിൽ പഞ്ചായത്തിന്റെ കൂടുതൽ മേഖലകളിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തി. ഇപ്പോൾ 14 സ്ഥലങ്ങളിലായി അയ്യൻകുന്ന് പഞ്ചായത്തിന്റെ വനാതിർത്തി മേഖലകളിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിരിക്കുകയാണ്. ജി പി 111 നമ്പർ മുതൽ കണ്ടെത്തിയ അടയാളങ്ങളിൽ കളിതട്ടുംപാറയിലേത് ജെ പി 118 എന്നാണ്.

ഇതോടെ വ്യക്തമായ പദ്ധതിയോട് കൂടി തന്നെയാണ് കേരള സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിലേക്ക് കടന്നു കർണാടക അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന് വ്യക്തമായി. കണ്ണൂർ വനം വകുപ്പ് പ്രതിനിധി എന്ന നിലയിൽ പി. കാർത്തിക് മടിക്കേരി ഡി എഫ് ഓയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനം വകുപ്പ് ഇങ്ങനെയൊരു അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിന്റെ ഭൂമിയിൽ കയറി അടയാളപ്പെടുത്തലുകൾ നടത്തിയത് ആര് എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം കേരള സർക്കാരിനാണ്.

കണ്ണൂർ ഫ്‌ളൈങ് സ്‌ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ രാമന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം അടയാളങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ടതിൽ നിന്നും വ്യത്യസ്തമായി ബാരാപോൾ പദ്ധതി പ്രദേശത്തെ പാലത്തിൽ കെ എസ് ടി പി റോഡിൽ പാലത്തും കടവ് പള്ളിയിൽ നിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡ്, ഭിത്തി, എന്നിവിടങ്ങളിലും മാർക്ക് ചെയ്തിട്ടുണ്ട്. രണ്ടാം കടവ് വാർഡ് അംഗം ബിജോയ് പ്ലാതോട്ടത്തിന്റെ വീടിന് സമീപവും റോഡിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തി.

കഴിഞ്ഞദിവസം അടയാളപ്പെടുത്തലുകൾ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ ഉരുപ്പും കുറ്റി പള്ളിക്കുന്നിലെ റോഡിലും സമാനമായ രീതിയിലുള്ള അടയാളം കണ്ടെത്തിയിട്ടുണ്ട്. കർണാടക ബഫർ സോണായി മാർക്കു ചെയ്ത അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റോഡിൽ മാർക്കു ചെയ്തതിൽ പ്രതിഷേധം അതിശക്തമാണ്. കർണാടകയുടെ നടപടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണിതെന്നും അയ്യൻ കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു.

മാക്കൂട്ടം,ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നു സർക്കാരിനോട് അയ്യൻ കുന്ന് പഞ്ചായത്ത് ആവശ്യപെട്ടിട്ടുണ്ട്. പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം. ഇതിനിടെ ബഫർ ഡോൺ വിഷയത്തിൽ ആശങ്കയിലായ കണ്ണുരിലെ മലയോര പ്രദേശങ്ങളിലെ കർഷകരും കുടുംബങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ ഇവരെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കാനാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തീരുമാനം

അയ്യൻ കുന്നിലെ ജനവാസ മേഖലയിലെ ഒരിഞ്ചു ഭൂമി പോലും പരിസ്ഥിതി ലോല പ്രദേശമായി വിട്ടു കൊടുക്കരുതെന്നും സംസ്ഥാന സർക്കാരിനോട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫും രംഗത്തെത്തി. സംസ്ഥാന നിയമസഭയിലും മന്ത്രിയോട് നേരിട്ടും വനം വകുപ്പ് ഡി.എഫ്.ഒവിനോടും താൻ ഈ പ്രശ്നം ഉന്നയിച്ചതാണെന്നും എന്നിട്ടും നടപടിയുണ്ടായില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.

കർണ്ണാടകയുടെ രേഖപ്പെടുത്തൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ മായ്ച്ചു. കർണാടകയുടെ കൈയേറ്റത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യുത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിതരായി എത്തി മായ്ച്ചത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടു വാർഡിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സർക്കാർ അനാസ്ഥയാണ് ഇപ്പോൾ കർണാടക കടന്നു കയറാൻ കാരണമെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.