തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് എന്നുമെന്ന് പ്രതീക്ഷിച്ച ഉദ്യോഗസ്ഥയായിരുന്നു ബി സന്ധ്യ. എന്നാൽ, അതിന് സാധിക്കാതെ അവർക്ക് സർവീസിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. ഇപ്പോൾ വിരമിച്ച ശേഷം സന്ധ്യയുടെ നഷ്ടത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്നും ഈ ചർച്ചകൾ നടക്കുന്നണ്ട്. അതേസമയം ഇതേക്കുറിച്ച് മറുപടിയമായി സന്ധ തന്നെ രംഗത്തുവന്നു. കേരള പൊലീസിന് വനിതാ മേധാവിയെ ലഭിക്കാത്തതു സംബന്ധിച്ച് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്ന് റിട്ടയേഡ് ഡിജിപി ബി സന്ധ്യ പറയുന്നു. ഏതു സമൂഹവും അവർ അർഹിക്കുന്നവരാണ് നേതൃസ്ഥാനത്തെത്തുക. വനിതാ പൊലീസ് മേധാവി വേണമോ എന്നതിൽ കേരള സമൂഹമാണ് തീരുമാനമെടുക്കേണ്ടത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ദ എക്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു ബി സന്ധ്യ.

ഈ വിഷയത്തിൽ താൻ മറുപടി പറയാനില്ല. കാരണം താൻ ഇരയായതായി കരുതുന്നില്ല. പൊലീസ് മേധാവിയാകാൻ തനിക്ക് സാധ്യതയുണ്ടായിരുന്നു എന്നാൽ പൊലീസ് മേധാവി സ്ഥാനം ലഭിച്ചില്ല. എന്നുവെച്ച് കരയാനൊന്നും താൻ പോയില്ല. താൻ സർവീസിൽ പ്രവേശിച്ചപ്പോൾ പൊലീസ് മേധാവി സ്ഥാനമൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബി സന്ധി പറഞ്ഞു. കേരള പൊലീസ് തലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാൻ താൻ ആളല്ല. ഡിജിപിയെ തീരുമാനിക്കുന്നതിനെപ്പറ്റി തനിക്ക് അറിയില്ല. ഡിജിപിയെ തീരുമാനിക്കുന്ന റിക്രൂട്ട്മെന്റ് ബോർഡിൽ താൻ അംഗമല്ല. 22-ാം വയസ്സിലാണ് താൻ പൊലീസ് സേനയിൽ ചേരുന്നത്. മൂന്നുപതിറ്റാണ്ടു കാലമാണ് പൊലീസ് സേനയിൽ പ്രവർത്തിച്ചത്.

വളരെ സംതൃപ്തി തരുന്ന ഇന്നിങ്സായിരുന്നു അത്. പൊലീസ് സേനയിൽ തന്റെ സഹപ്രവർത്തകരിൽ നിന്നും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും ബി സന്ധ്യ പറഞ്ഞു. ലിംഗസമത്വത്തെക്കുറിച്ച് പറയുന്ന ഇക്കാലത്ത്, വനിതാ പൊലീസ് മേധാവി വന്നിരുന്നെങ്കിൽ അതിനോട് കൂടുതൽ നീതിപുലർത്തുന്നതാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു മറുപടി.

എന്നാൽ എന്താണ് സംഭവിച്ചത് എന്ന് എന്നോടു ചോദിക്കരുത്. ഇതേക്കുറിച്ച് പറയാൻ താൻ ആളല്ല. മലയാളത്തിലൊരു പഴഞ്ചൊല്ലുണ്ട്, ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ല. ഈ വിഷയത്തിൽ ഇതാണ് ഇപ്പോൾ തനിക്ക് പറയാനുള്ളതെന്നും ബി സന്ധ്യ പറഞ്ഞു. 31 വർഷത്തെ സർവീസിനിടെ, 12 വർഷവും ലോ ആൻഡ് ഓർഡറിലാണ് ജോലി ചെയ്തത്. കേസന്വേഷണത്തിൽ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും വലിയ സമ്മർദ്ദമൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സന്ധ്യ കൂട്ടിച്ചേർത്തു.

അതേസമയം മികച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെന്നാണ് സന്ധ്യ പറയുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പൊലീസിന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നൽകി. 31 വർഷത്തെ കരിയറിനിടെ 12 വർഷം ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്തുവെന്നും അവർ പറഞ്ഞു. പറയുന്ന കാര്യം കേൾക്കാനും അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാനും കോടിയേരി ശ്രമിച്ചിരുന്നു. അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഞാൻ സോണൽ എഡിജിപി ആയിരുന്നു. രണ്ടര വർഷമായി പൊലീസിന്റെ ഭാഗമായിരുന്നില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ അദ്ദേഹം എന്റെ പ്രൊഫഷണൽ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ടെന്നും സന്ധ്യ പറഞ്ഞു.

പൊലീസിന് ഒരിക്കലും ഗ്യാലറിക്ക് വേണ്ടി കളിക്കാൻ കഴിയില്ല. എല്ലാ കേസുകൾക്കും ഒരു പോലെയാണ് പ്രാധാന്യം. ഹൈ-പ്രൊഫൈൽ കേസുകൾ അന്വേഷിക്കുമ്പോൾ മാധ്യമങ്ങൾ പിന്നാലെ വരാറുണ്ട് എന്നാൽ മാധ്യമങ്ങൾക്ക് വേണ്ടി സമയം കളയാൻ ഉദ്യോഗസ്ഥർക്കാവില്ല. ജിഷ വധക്കേസ് അന്വേഷണത്തിലും നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജിഷ വധക്കേസിൽ പ്രതിയെ പിടിച്ചെങ്കിലും വിമർശനം ഉയർന്നപ്പോൾ നിരാശ തോന്നിയിരുന്നു എന്നാൽ പിന്നീട് അതിനെ ജോലി സംബന്ധമായ പ്രശ്‌നമായി കണ്ട് മറികടന്നു.

നടിയെ ആക്രമിച്ച കേസിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തന്നെ അറിയാം അത് വ്യാജമാണെന്ന് അതുകൊണ്ട് തന്നെ ആ പ്രശ്നങ്ങൾ എന്നെ ബാധിച്ചിട്ടില്ല. രണ്ട് കേസുകളും കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് അതിൽ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നയനാരും മുഖ്യമന്ത്രിയായിരുന്ന സമയം തനിക്ക് നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നു സന്ധ്യ പറഞ്ഞു.